കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണു. നാല് വയസ്സുകാരന് ദാരുണാന്ത്യം

ഈരാറ്റുപേട്ട: കളിച്ച് കൊണ്ടിരിക്കുന്നതിനിടെ ഗേറ്റ് ഇളകി ദേഹത്ത് വീണ് നാല് വയസ്സുകാരൻ മരിച്ചു. ഈരാറ്റുപേട്ട പുത്തന്‍പള്ളി ഇമാം നദീര്‍ മൗലവിയുടെ ചെറുമകനും, ജവാദ് ബിനു നദീറിൻ്റെ മകനുമായ അഹ്‌സന്‍ അലി (4) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ഈരാറ്റുപേട്ടയിലെ വീടിന് സമീപത്തായിരുന്നു അപകടം. സൈഡിലേക്ക് തള്ളിനീക്കുന്ന ഗേറ്റ് കുട്ടികൾ കളിക്കുന്നതിനിടെ അഹ്സനിന്റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഗേറ്റ് തലയിൽ ശക്തമായി ഇടിച്ചതാണ് മരണകാരണമെന്ന് കരുതുന്നു. മാതാപിതാക്കളുടെ മുന്നില്‍വെച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. ഉടന്‍ പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കുടുംബസമേതം ഗൾഫിൽ കഴിയുന്ന ഇവർ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട് 5.30ന് ഈരാറ്റുപേട്ട പുത്തൻപള്ളി ഖബർസ്ഥാനിൽ നടക്കും. ഷഹബാസ് ആണ് അഹ്സനിന്റെ മാതാവ്. സഹോദരൻ: അയ്മൻ അലി

Share