പാണക്കാട് ഹൈദരലി തങ്ങള്‍ വിടവാങ്ങി

മലപ്പുറം: മുസ്ലീംലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ (74) വിടവാങ്ങി. ക്യാന്‍സര്‍ ബാധിച്ച് അങ്കമാലിയിലെ ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. രണ്ടാഴ്ചയായി ആശുപത്രിയില്‍ ആയിരുന്ന തങ്ങള്‍ അസുഖം മൂര്‍ച്ഛിച്ച് ഇന്ന് (ഞായര്‍) ഉച്ചയ്ക്ക് 12:30-ഓടെയാണ് മരിച്ചത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്‍റും ആയിരത്തോളം മഹല്ലുകളുടെ ഖാളിയുമായിരുന്നു.

 

2009ൽ പാണക്കാട്​ മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്നാണ്​ മുസ്​ലിം ലീഗ്​ സംസ്​ഥാന അധ്യക്ഷ​നായി ചുമതല ഏല്‍ക്കുന്നത്.  1990 മുതല്‍ മുസ്​ലിംലീഗ് ജില്ല പ്രസിഡൻറായിരുന്നു. മുസ്​‌ലിംലീഗ് ഉന്നതാധികാര സമതി അംഗവും രാഷ്​ട്രീയകാര്യ സമിതി ചെയര്‍മാനുമായിരുന്നു.

സംസ്​ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ മഹല്ലുകളുടെ ഖാദി സ്ഥാനം വഹിച്ചിരുന്നത് ഹൈദരലി തങ്ങള്‍ ആയിരുന്നു. ചെമ്മാട് ദാറുല്‍ ഹുദ, പട്ടിക്കാട് ജാമിഅ, കുണ്ടൂര്‍ മര്‍ക്കസ്, വളാഞ്ചേരി മര്‍ക്കസ്, കരുവാരകുണ്ട് ദാറുന്നജാത്ത് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ പ്രസിഡൻറ്​ പദവിയും അലങ്കരിച്ചു. ആറ്റപ്പൂ എന്നാണ് കുടുംബക്കാരും അടുപ്പക്കാരും വിളിച്ചിരുന്നത്. പുതിയ മാളിയേക്കല്‍ സയ്യിദ്​ അഹ്​മദ്​ പൂക്കോയ തങ്ങളുടെയും (പി.എം.എസ്.എ) ഹാമിദ് കുഞ്ഞി സീതിക്കോയ തങ്ങളുടെ മകള്‍ ആയിശ ചെറുകുഞ്ഞിബീവിയുടെയും മൂന്നാമത്തെ മകനായി 1947 ജൂണ്‍ 15ന്​ ആണ് ജനനം. ചെറുപ്പത്തിലേ ഉമ്മ മരിച്ചതിനാൽ പിതൃസഹോദരി മുത്തു ബീവിയുടെ സംരക്ഷണത്തിലായിരുന്നു കുട്ടിക്കാലം.   പാണക്കാട് ദേവധാര്‍ എല്‍.പി സ്‌കൂളില്‍ പ്രാഥമിക പഠനം. കോഴിക്കോട് എം.എം ഹൈസ്‌കൂളില്‍ 1959ല്‍ എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കി. തിരുനാവായക്കടുത്ത കോന്നല്ലൂരില്‍ മൂന്ന് വര്‍ഷം ദര്‍സ് പഠനം നടത്തി. കാട്ടിപ്പരുത്തി കുഞ്ഞാലന്‍കുട്ടി മുസ്​ലിയാരുടെ ശിക്ഷണത്തിലായിരുന്നു പഠനം.

പൊന്നാനി മഊനത്തുല്‍ ഇസ്​ലാം അറബി കോളജിലും പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക്കോളജിലും പഠിച്ചു.  1974 ല്‍  ഫൈസി ബിരുദം കരസ്ഥമാക്കുകയും ചെയ്തു.  ഇ.കെ അബൂബക്കര്‍ മുസ്​ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്​ലിയാര്‍, കെ.സി ജമാലുദ്ദീന്‍ മുസ്​ലിയാര്‍ തുടങ്ങിയ പണ്​ഠിത വര്യരായിരുന്നു പട്ടികാട് ജാമിഅയിലെ ഉസ്താദുമാര്‍. 1973ല്‍  എസ്.എസ്.എഫ്​ എന്ന വിദ്യാർഥി സംഘടന രൂപീകരിച്ചപ്പോള്‍ പ്രഥമ പ്രസിഡൻറായി നിയോഗിക്കപ്പെട്ടു​.

കൊയിലാണ്ടി അബ്​ദുല്ല ബാഫഖിയുടെ മകള്‍ ശരീഫ ഫാത്തിമ സുഹ്‌റയാണ്​ ഭാര്യ. മക്കൾ: ഇരട്ട സഹോദരങ്ങളായ സാജിദ-വാഹിദ, നഈം അലി ശിഹാബ്, മുഈന്‍ അലി ശിഹാബ്. മരുമക്കള്‍: നിയാസ് അലി ജിഫ്‌രി കോഴിക്കോട്, ഹബീബ് സഖാഫ് തിരൂര്‍. സഹോദരങ്ങള്‍: സാദിഖലി ശിഹാബ് തങ്ങള്‍ (മുസ്​ലിംലീഗ്​ ജില്ല പ്രസിഡൻറ്​), അബ്ബാസലി ശിഹാബ് തങ്ങള്‍ (എസ്​.കെ.എസ്​.എസ്​.എഫ്​ സംസ്​ഥാന പ്രസിഡൻറ്​), മുല്ല ബീവി, പരേതരായ മുഹമ്മദലി ശിഹാബ്​ തങ്ങൾ, ഉമറലി ശിഹാബ് തങ്ങള്‍, ഖദീജ ബീ കുഞ്ഞിബീവി.

Share
error: Content is protected !!