പ്ലസ് വണ്‍ പരീക്ഷ ഈ അധ്യയന വര്‍ഷം നടത്തില്ല. അടുത്ത അധ്യായന വർഷത്തിലേക്ക് നീട്ടും
ഒരു അധ്യയന വർഷം തന്നെ രണ്ടു പൊതുപരീക്ഷ എഴുതേണ്ട സമ്മർദമായിരിക്കും കുട്ടികൾക്കു മേൽ സൃഷ്ടിക്കുക. ഈ വർഷം പ്ലസ് ടു പരീക്ഷ എഴുതുന്ന കുട്ടികൾക്കും ഇതേ സാഹചര്യമാണ്.
ഹുദ ഹബീബ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷത്തെ പ്ലസ് വണ്‍ പരീക്ഷ അടുത്ത അധ്യയന വര്‍ഷത്തിലേക്ക് നീളും. ഇതോടെ ഒരു അധ്യയന വര്‍ഷത്തില്‍ തന്നെ വിദ്യാർത്ഥികൾ രണ്ട് പൊതുപരീക്ഷ എഴുതേണ്ടിവരും. ജൂണ്‍ അവസാനം പരീക്ഷ നടത്താനാണ് ആലോചന. മാർച്ച് 30ന് ആരംഭിക്കുന്ന പ്ലസ് ടൂ, വി.എച്ച്.എസ്.ഇ പരീക്ഷകൾ ഏപ്രിൽ 22നും, മാർച്ച് 31ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ ഏപ്രിൽ 29നും അവസാനിക്കും.
അധ്യാപകര്‍ പരീക്ഷ ഡ്യൂടിയിലാകുന്നതോടെ പ്ലസ് വണ്‍ അധ്യയനവും ഏറെക്കുറെ ഈ സമയത്ത് തടസ്സപ്പെടും. ഏപ്രില്‍ അവസാനം പ്ലസ് ടു മൂല്യനിര്‍ണയ ക്യാംപുകള്‍ തുടങ്ങിയാല്‍ മൂന്നാഴ്ചയെങ്കിലും നീളും. ഇതും പ്ലസ് വണ്‍ ക്ലാസ് തുടരുന്നതിന് തടസ്സമാകും.നവംബര്‍ 15നാണ് പ്ലസ് വണ്‍ ക്ലാസ് തുടങ്ങിയത്.മിക്ക വിഷയത്തിനും പകുതി പാഠഭാഗം പോലും തീര്‍ന്നിട്ടില്ല. ഈ ഘട്ടത്തില്‍ ഫോകസ് ഏരിയ നിശ്ചയിക്കണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന് മുന്നില്‍ വന്ന നിര്‍ദേശം. പ്ലസ് ടു, എസ് എസ് എല്‍ സി പരീക്ഷകള്‍ക്ക് സമാന രീതിയില്‍ ഫോകസ് ഏരിയ നിശ്ചയിച്ച് പരീക്ഷ നടത്താനാണ് ശുപാര്‍ശയെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. എങ്കിലും പ്ലസ് വണ്‍ പരീക്ഷക്കുള്ള കരട് ഫോകസ് ഏരിയ ആഴ്ചകള്‍ക്ക് മുൻപ് എസ് സി ഇ ആര് ടി തയാറാക്കി നല്‍കിയിട്ടുണ്ട്.
മാര്‍ച്ച് അവസാനം വരെ ക്ലാസ് നടത്തിയും ശേഷം ഓണ്‍ലൈന്‍ ക്ലാസ് തുടര്‍ന്നും മെയ് മാസത്തിൽ പാഠഭാഗം തീര്‍ക്കാനാണ് ശ്രമം. പുതിയ അധ്യയന വര്‍ഷം ആരംഭിച്ച ശേഷം മുന്നൊരുക്കം പൂര്‍ത്തിയാക്കി ജൂണ്‍ അവസാനം പ്ലസ് വണ്‍ പരീക്ഷ നടത്താനാണ് ആലോചന. പ്ലസ് ടു,എസ് എസ് എല്‍ സി ക്ലാസുകള്‍ക്ക് 60 ശതമാനം പാഠഭാഗങ്ങള്‍ നിശ്ചയിക്കുകയും ഇതില്‍നിന്ന് 70 ശതമാനം ചോദ്യങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യുന്ന രീതിയിലാണ് ഫോകസ് ഏരിയയും ചോദ്യപേപര്‍ പാറ്റേണും നിശ്ചയിച്ചിട്ടുള്ളത്. ഇതേ രീതിയില്‍ തന്നെയാണ് പ്ലസ് വണ്‍ കരട് ഫോകസ് ഏരിയയും തയാറാക്കിയിരിക്കുന്നത്.
ജൂണിലേക്ക് പരീക്ഷ നീളുന്നത് ഒരു അധ്യയന വർഷം രണ്ടു പൊതുപരീക്ഷ എഴുതേണ്ട സമ്മർദമായിരിക്കും കുട്ടികൾക്കു മേൽ സൃഷ്ടിക്കുക. ഈ വർഷം പ്ലസ് ടു പരീക്ഷ എഴുതുന്ന കുട്ടികൾക്കും ഇതേ സാഹചര്യമാണ്. നാലു മാസം മുമ്പ് ഒക്ടോബറിലാണ് ഇവർക്ക് തൊട്ടുമുമ്പത്തെ അധ്യയന വർഷം നടത്തേണ്ട പ്ലസ് വൺ പരീക്ഷ നടത്തിയത്. ഇതിന് ശേഷമായിരുന്നു ഇംപ്രൂവ്മെന്റ് പരീക്ഷ.
പ്ലസ് ടു പരീക്ഷക്ക് പിന്നാലെ നീറ്റ്, ജെ.ഇ.ഇ പരീക്ഷകളും വിവിധ സർവകലാശാല പ്രവേശന പരീക്ഷകളുമാണ് കുട്ടികളെ കാത്തിരിക്കുന്നത്. ഒരു അധ്യയന വർഷം ഒന്നിലധികം പൊതുപരീക്ഷ എഴുതേണ്ടി വരുന്നത് കുട്ടികളിൽ അമിത സമ്മർദത്തിന് വഴിവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മേയിലെങ്കിലും പ്ലസ് വൺ പരീക്ഷ നടത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. ജൂണിലേക്ക് പരീക്ഷ നീളുന്നത് പ്ലസ് ടു അധ്യയനം വൈകാനും ഇടയാക്കും. മേയിൽ പരീക്ഷ നടത്തണമെങ്കിൽ ചോദ്യപേപ്പർ തയാറാക്കൽ ഉൾപ്പെടെ മുന്നൊരുക്കങ്ങൾ ഫെബ്രുവരി ആദ്യം തുടങ്ങണം. സർക്കാർ തീരുമാനം വൈകിയ സാഹചര്യത്തിൽ ഇനി മേയിൽ പരീക്ഷ നടത്താനാകില്ലെന്നാണ് ഹയർസെക്കൻഡറി പരീക്ഷ വിഭാഗം പറയുന്നത്.