പുതിയവീട്ടിൽ താമസിച്ചു കൊതിതീരും മുൻപേ അവർ മടങ്ങിയത് മരണത്തിലേക്ക്; നോവായി പ്രവാസി കുടുംബത്തിൻ്റെ വേർപ്പാട്

ആലപ്പുഴ: നാട്ടിൽ വന്നു മടങ്ങിയതിന് പിന്നാലെ നാലംഗ കുടുംബം കുവൈത്തിൽ മരിച്ചതിന്‍റെ ഞെട്ടലിലാണ് നീരേറ്റുപുറത്തെ ബന്ധുക്കളും നാട്ടുകാരും. ഒരു മാസത്തെ അവധിക്ക് ശേഷം വ്യാഴാഴ്ച രാത്രിയാണ് മാത്യൂസും കുടുംബവും നാട്ടിൽ നിന്ന് കുവൈത്തിലേക്ക് മടങ്ങിയത്.
.
15 വർഷത്തിലധികമായി കുവൈത്തിൽ പ്രവാസ ജീവിതം നയിക്കുകയായിരുന്നു 40കാരനായ മാത്യൂസും ഭാര്യ ലിനിയും. മാത്യൂസ് റോയിറ്റേഴ്സിലെ ജീവനക്കാരനും ലിനി കുവൈറ്റ് മന്ത്രാലയത്തിലെ സ്റ്റാഫ് നഴ്സുമാണ്. മകൾ ഐറിൻ എട്ടാം ക്‌ളാസിലും മകൻ ഐസക് നാലാം ക്ലാസിലും കുവൈത്തിലെ ഭവൻസ് സ്കൂളിൽ പഠിക്കുകയായിരുന്നു. ഒരു വർഷം മുമ്പായിരുന്നു ഇവരുടെ പുതിയ വീടിന്റെ നിർമാണം കഴിഞ്ഞത്. ശേഷം, കൂദാശയ്ക്ക് വന്നെങ്കിലും അധികം നാൾ നിൽക്കാനായിരുന്നില്ല. ഇത്തവണത്തെ അവധിക്കു വന്നപ്പോൾ മാത്യുവും കുടുംബവും ഈ വീട്ടിലായിരുന്നു താമസിച്ചത്. വീട്ടിലിപ്പോൾ മാത്യൂസിന്‍റെ അമ്മ മാത്രമേയുള്ളൂ. കുട്ടികളുടെ സ്കൂൾ തുറക്കുന്നതിനു മുന്നോടിയായാണ് ഒരു മാസത്തെ അവധി പൂർത്തിയാക്കി മടങ്ങിയത്. നാല് സഹോദരങ്ങളിൽ ഏറ്റവും ഇളയവനാണ് മാത്യൂസ്. മൂത്ത സഹോദരിയും കുവൈത്തിലാണ്.
.

.
നാടും നാട്ടുകാരുമായി നല്ല ബന്ധം പുലർത്തുന്ന, വിശേഷ അവസരങ്ങളിലെല്ലാം നാട്ടിലെത്തുന്ന മാത്യൂസിന്‍റെയും കുടുംബത്തിന്‍റെയും മരണം ഒരു നാടിനെയാകെ സങ്കടത്തിലാക്കിയിരിക്കുകയാണ്.  വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും വീട്ടിൽ എത്തി. അവസാനമായി ഒരുനോക്കു കാണാൻ കാത്തിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. മൃതദേഹം എപ്പോൾ നാട്ടിലെത്തിക്കാൻ കഴിയുമെന്ന് ഇന്ന് വൈകുന്നേരത്തോടെയേ അറിയൂ. മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾക്ക് കുവൈത്തിലെ ഇന്ത്യൻ അംബാസിഡറുമായും വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറുമായും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മാവേലിക്കര എം പി കൊടിക്കുന്നിൽ സുരേഷും ബന്ധപ്പെട്ടിട്ടുണ്ട്.
.
വെള്ളിയാഴ്ച വൈകീട്ടാണ് കുവൈത്തിലെ അബ്ബാസിയയിലെ ഫ്ലാറ്റിലേക്ക് മാത്യൂസും കുടുംബവും നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. രാത്രി ഉറങ്ങിക്കിടക്കുമ്പോൾ ആയിരുന്നു അപകടം. ആറു നില കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് പുക ഉയരുന്നതുകണ്ട് സമീപത്തെ ആളുകൾ പോലീസിനെയും ഫയർ ഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. ആഗ്നിശമനസേനയെത്തി വാതിൽ പൊളിച്ച് അകത്ത് കടന്നെങ്കിലും നാല് പേരെയും പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എയർ കണ്ടീഷന്റെ തകരാറു മൂലം വന്ന വിഷപ്പുക ശ്വസിച്ചാണ് മരണം എന്നാണ് കുടുംബത്തിന് ലഭിച്ച വിവരം.

.

Share
error: Content is protected !!