ദിലീപിന്റെ സഹോദരന് അനൂപിനെയും സഹോദരീ ഭര്‍ത്താവിനേയും ഇന്ന് വീണ്ടും ചോദ്യംചെയ്യും
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ നടന് ദിലീപിന്റെ സഹോദരന് അനൂപിനെയും സഹോദരീ ഭര്‍ത്താവ് സുരാജിനെയും ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കോടതി അനുമതിയോടെ നടന്ന മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമുള്ള രണ്ടാംഘട്ട ചോദ്യംചെയ്യലാണ് ഇന്ന് നടക്കുന്നത്.
ദിലീപിന്റെയും അനൂപിന്റെയും സുരാജിന്റെയും മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം അന്വേഷണസംഘത്തിന് ലഭിച്ചതിനെ തുടർന്നാണ് ഇന്നത്തെ ചോദ്യം ചെയ്യൽ. പരിശോധനയിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. പ്രതികളിലോരോരുത്തരെയും പല ദിവസങ്ങളിലായി വിളിച്ച് ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. അനൂപിനോട് കഴിഞ്ഞ ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അനൂപ് ഹാജരായിരുന്നില്ല. തുടർന്ന് രണ്ടാമതും അന്വേഷണ സംഘം നോട്ടീസ് നൽകുകയായിരുന്നു. അനൂപിന്റെയും സുരാജിന്റെയും ചോദ്യംചെയ്യൽ പൂർത്തിയായ ശേഷമേ ദിലീപിനെ ചോദ്യംചെയ്യേണ്ടത് എപ്പോൾ എന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ.
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടികൊണ്ട് പോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ ആക്ഷേപം. ദിലീപിന്റെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ തവണ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജിയെ എതിര്‍ത്ത് കൊണ്ട് നടി കക്ഷി ചേരല്‍ അപേക്ഷ ഇന്ന് വീണ്ടും സമര്‍പ്പിച്ചേക്കും.