അതി ശക്തമായ ചൂട്; മക്ക-മദീന ഹറുമകളിൽ ജുമുഅ നമസ്കാരത്തിൻ്റെയും ഖുതുബയുടേയും ദൈർഘ്യം 15 മിനുട്ടാക്കി കുറച്ചു
മക്ക: മക്കയിലെ മസ്ജിദുൽ ഹറമിലും, മദീനയിലെ പ്രവാചകൻ്റെ പള്ളിയിലും വെള്ളിയാഴ്ചയിലും ജുമുഅ നമസ്കാരത്തിൻ്റെയും ഖുതുബയുടേയും ദൈർഘ്യം കുറക്കാൻ സൌദി ഭരണാധികാരി സൽമാൻ രാജാവ് നിർദേശം നൽകിയതായി ഇരുഹറം മതകാര്യ വിഭാഗം മേധാവി ശൈഖ് അബ്ദുൽ റഹ്മാൻ അൽസുദൈസ് അറിയിച്ചു.
ഇന്ന് മുതൽ വേനൽ കാലം അവസാനിക്കുന്നത് വരെ ഈ മാറ്റം തുടരും. ഇരു ഹറമുകളിലേയും തിരക്കും, മക്കയിലും മദീനയിലും അനുഭവപ്പെടുന്ന ശക്തമായ ചൂടുമാണ് പുതിയ മാറ്റത്തിന് കാരണണെന്ന് മസ്ജിദുൽ ഹറം ഇമാം ഷെയ്ഖ് യാസർ അൽ ദോസരി പറഞ്ഞു.
.
പുതിയ ക്രമീകരണമനുസരിച്ച് ജുമുഅ ഖുതുബയും, നമസ്കാരവും 15 മിനുട്ടിനുള്ളിൽ തീർക്കും. ഖുതുബക്ക് 10 മിനുട്ടും, നമസ്കാരത്തിന് 5 മിനുട്ടുമാണ് ഉപയോഗിക്കുക. അര മണിക്കൂർ മുതൽ 45 മിനുട്ട് വരെ നീണ്ടു നിന്നിരുന്ന ഖുതുബയാണ് ഇനി മുതൽ 10 മിനുട്ടിൽ അവസാനിപ്പിക്കുക. ജുമുഅയുടെ ആദ്യ ബാങ്കിൻ്റെ സമയം വൈകിപ്പിക്കും. ഇനി മുതൽ ആദ്യ ബാങ്കിനും രണ്ടാം ബാങ്കിനും ഇടയിൽ 10 മിനുട്ട് മാത്രമേ ഇടവേള ഉണ്ടാകുകയുള്ളൂ.
.
ഇരു ഹറമുകളിലും ജുമുഅ നമസ്കാരത്തിനെത്തുന്ന വിശ്വാസികൾ ഏറെ നേരം വെയില് കൊള്ളേണ്ട സാഹചര്യമാണ് നിലവിലുള്ളത്. വിശ്വാസികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് കൊടും ചൂടിൽ ആരാധന സമയം കുറക്കാനുള്ള ഭരണാധികാരികളുടെ തീരുമാനം.
.