12 വർഷങ്ങൾക്ക് ശേഷം നിമിഷപ്രിയ അമ്മയെ കണ്ടു; ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു, വികാരനിർഭര നിമിഷങ്ങൾ..

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമൻ തലസ്ഥാനമായ സൻആയിലെ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയ അമ്മ പ്രേമകുമാരിയെ വർഷങ്ങൾക്കുശേഷം കണ്ടു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ നാഫയ്ക്കും ദുഹയ്ക്കും മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജറോമിനുമൊപ്പമാണു നിമിഷയെ കാണുന്നതിനായി പ്രേമകുമാരി ജയിലിലെത്തിയത്.  വളരെ വൈകാരിക നിമിഷമായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് സാമുവൽ ജെറോം അറിയിച്ചു.

.

‘‘ജയിലിനകത്തേക്ക് ഫോൺ കയറ്റാൻ അനുവാദമില്ലായിരുന്നു. അകത്തുകയറിയപ്പോൾ ഒരു സ്വകാര്യ ഇടം ഞങ്ങൾക്കു ലഭിച്ചു. പിന്നാലെ നിമിഷയെ എത്തിച്ചു. വളരെ വികാരനിർഭര നിമിഷങ്ങളായിരുന്നു അത്. അമ്മയ്ക്ക് കുറച്ചുസമയം നിമിഷപ്രിയയ്‌ക്കൊപ്പം ചെലവഴിക്കാമെന്ന് അവർ അറിയിച്ചു. അതുകൊണ്ട് എംബസി ഉദ്യോഗസ്ഥരും ഞാനും പുറത്തേക്കിറങ്ങി. അവർക്ക് ഉച്ചഭക്ഷണം കൊണ്ടു വാങ്ങി അകത്തേക്കു കൊടുത്തയച്ചു. പിന്നീട് ഉദ്യോഗസ്ഥരെ തിരിച്ച് എംബസിയിൽ വിടാനായി ഞാനും അവർക്കൊപ്പമിറങ്ങി. ഇനി തിരിച്ചുചെന്ന് നിമിഷയുടെ അമ്മയുമായി താമസസ്ഥലത്തേക്കു പോകണം’’ – സാമുവൽ ജെറോം അറിയിച്ചു.

.

അമ്മ പ്രേമകുമാരിക്കു നിമിഷപ്രിയയെ കാണാൻ സാധിച്ചതിന്റെ ‌ആശ്വാസത്തിലാണു കുടുംബം. നീണ്ട നിയമപോരാട്ടങ്ങൾക്കും ഇടപെടലുകൾക്കും ശേഷമാണു പ്രേമകുമാരി മകളെ കണ്ടത്. അമ്മയും മകളും പരസ്പരം മുഖത്തേക്കു നോക്കിയതും കണ്ണുകൾ നിറഞ്ഞൊഴുകിയതും ഒരുമിച്ചായിരുന്നു. 12 വർഷമായി കാണാതിരുന്നതിന്റെ നീണ്ട അകലമാണ് ആ സങ്കടപ്പേമാരിയിൽ മാഞ്ഞുപോയത്.

.2012ലാണു മകളെ പ്രേമകുമാരി അവസാനമായി കണ്ടത്. ഇന്നലെ രാവിലെ 11 മണിയോടെ (ഇന്ത്യൻ സമയം) റോഡുമാർഗം ഏദനിൽനിന്നു സനയിലെത്തിയ പ്രേമകുമാരി ‌മനുഷ്യാവകാശ പ്രവർത്തകൻ സാമുവേൽ ജെറോം വഴിയാണ് ജയിൽ അധികൃതർക്ക് അപേക്ഷ നൽകിയത്.
.
 
നിമിഷ പ്രിയ, കൊല്ലപ്പെട്ട യമൻ പൌരൻ തലാൽ
.
നിമിഷയെ മടക്കി കൊണ്ടുവരാൻ പ്രേമകുമാരി യെമനിലെത്തിയപ്പോൾ, തൊടുപുഴയിലെ വീട്ടിൽ പ്രാർഥനയിലാണു നിമിഷയുടെ ഭർത്താവ് ടോമി തോമസും മകൾ മിഷേലും. അമ്മ ജയിലിലാണെന്നറിഞ്ഞാൽ വെറുക്കുമോയെന്നു കരുതി മിഷേലിനെ ആദ്യം ഒന്നും അറിയിച്ചിരുന്നില്ല. 11 വയസ്സായതോടെ മിഷേൽ കാര്യങ്ങളെല്ലാം മനസ്സിലാക്കി. അമ്മയെ എത്രയും പെട്ടെന്നു കാണണമെന്നും കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണമെന്നാണു മിഷേലിന്റെ മോഹം. ഓട്ടോ ഡ്രൈവറായും കൂലിപ്പണിയെടുത്തുമാണു ടോമി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.
.

2017 ജൂലൈ 25ന് യെമൻ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷയെ വധശിക്ഷയ്ക്കു വിധിച്ചത്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായവാഗ്ദാനവുമായി വന്ന യുവാവ് പാസ്പോർട്ട് പിടിച്ചെടുത്ത് ഭാര്യയാക്കിവെക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് നിമിഷപ്രിയയുടെ വിശദീകരണം.

ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ, ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിർദേശപ്രകാരം അമിത ഡോസ് മരുന്നു കുത്തിവച്ചത് മരണത്തിന് ഇടയാക്കുകയായിരുന്നു. മരുന്നു കുത്തിവയ്ക്കുന്നതിന് സഹായിച്ച തദ്ദേശിയായ നഴ്സ് ഹാൻ ഇതേ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.

.

Share
error: Content is protected !!