കെജ്‌രിവാൾ ജയിലിലേക്ക്; ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് കോടതിയുടെ നടപടി. കേജ്‍രിവാളിനെ തിഹാർ ജയിലിലേക്ക് മാറ്റും. വീട്ടിലെ ഭക്ഷണവും മരുന്നും പുസ്തകങ്ങളും അനുവദിക്കണമെന്ന് കേജ്‍രിവാൾ കോടതിയിൽ ആവശ്യപ്പെട്ടു.

മാർച്ച് 21ന് രാത്രി 9.11നാണ് ഇ.ഡി കേജ്‍രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 9 തവണ സമൻസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന കേജ്‌രിവാളിന്റെ സിവിൽ ലെയ്ൻസിലെ ഔദ്യോഗിക വസതിയിൽ എത്തി ഇ.ഡി സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിൽനിന്നു സംരക്ഷണം അനുവദിക്കാനാവില്ലെന്നു ഡൽഹി ഹൈക്കോടതി വ്യക്തമാക്കി മണിക്കൂറുകൾക്കകമായിരുന്നു അറസ്റ്റ്. അദ്ദേഹത്തിന്റെ പ്രാഥമിക കസ്റ്റഡി മാർച്ച് 28ന് അവസാനിച്ചെങ്കിലും ഇ.ഡിയുടെ ആവശ്യപ്രകാരം ഡൽഹി റൗസ് അവന്യു കോടതി കസ്റ്റഡി കാലാവധി ഇന്നു വരെ നീട്ടുകയായിരുന്നു. ഇ.ഡി കസ്റ്റഡിയിൽനിന്നാണ് കേജ്‍രിവാൾ ഇതുവരെ ഭരണം നടത്തിവന്നത്.

അതേസമയം അറസ്റ്റിനെതിരെ കേജ്‍രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തന്റെ മൗലീകാവകാശം ലംഘിക്കപ്പെട്ടെന്ന് ആരോപിച്ചാണ് കേജ്‍രിവാൾ കോടതിയെ സമീപിച്ചത്. ഇതിൽ ഡൽഹി ഹൈക്കോടതി ഇ.ഡിക്ക് നോട്ടിസ് അയച്ചിട്ടുണ്ട്. ഏപ്രിൽ 2നുള്ളിൽ മറുപടി നൽകണമെന്നും ഏപ്രിൽ മൂന്നിന് വിചാരണ ആരംഭിക്കുമെന്നുമാണ് കോടതി അറിയിച്ചത്.

.

Share
error: Content is protected !!