ഐ.എന്‍.എല്‍ വിഭാഗീയത; സൌദി ഘടകം വഹാബ് പക്ഷത്തോടൊപ്പം
റിയാദ്: ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട ദേശീയ കമ്മിറ്റിയുടെ നടപടിക്കെതിരെ സംഘടനയുടെ പ്രവാസിഘടകമായ ഐ.എം.സി.സി സൌദി നാഷണല്‍ കമ്മിറ്റി രംഗത്ത് വന്നു. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട നടപടി അപലപനീയവും ധിക്കാരപരവുമാണെന്ന് ഐ.എം.സി.സി കുറ്റപ്പെടുത്തി. പാര്‍ട്ടിക്കുള്ളില്‍ രൂപംകൊണ്ട വിഭാഗീയതയില്‍ സൌദി കമ്മിറ്റി എ.പി അബ്ദുള്‍ വഹാബ് പക്ഷത്തോടൊപ്പമാണെന്ന് ഈ പ്രസ്താവന വ്യക്തമാക്കുന്നു. ഐ.എം.സി.സി സൌദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് എ.എം അബ്ദുള്ളക്കുട്ടി ഉള്‍പ്പെടെ സൌദിയുടെ വിവിധ ഭാഗങ്ങളിലുള്ള നാഷണല്‍ കമ്മിറ്റി ഭാരവാഹികളും, ജി.സി.സി ഭാരവാഹികളും പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്.
ഐ.എന്‍.എല്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ പാര്‍ട്ടിയില്‍ ഗ്രൂപ്പിസത്തെ വളര്‍ത്തുകയാണെന്നും സമവായത്തിനുള്ള ശ്രമങ്ങള്‍ക്ക് പ്രസിഡന്റ് പുറം തിരിഞു നില്‍ക്കുകയാണെന്നും ഐ.എം.സി.സി കുറ്റപ്പെടുത്തി. തട്ടിക്കൂട്ട് ടീം സ്വയം ദേശീയ നേതൃത്വമായി ചമയുകയാണ്. തന്റെ താല്പര്യക്കാര്ക്ക് വേണ്ടി പാര്‍ട്ടിയെ ദുരുപയോഗം ചെയ്യുകയാണ് പ്രസിഡന്റ്. സ്വന്തം തട്ടകത്തിൽ നിന്ന് ഒരു പഞ്ചായത്ത് മെമ്പറെ പോലും സൃഷ്ട്ടിക്കാൻ കഴിയാത്ത വ്യക്തിയാണ് മറ്റുള്ളവരുടെ അജണ്ട നടപ്പിലാക്കുന്നത്. ഐ.എം.സി.സി കുറ്റപ്പെടുത്തി.
നേരത്തെ ഐ.എന്‍.എല്ലില്‍ പിളര്‍പ്പ് ഉണ്ടായപ്പോഴും ഐ.എം.സി.സി നാഷണല്‍ കമ്മിറ്റിയില്‍ ഭൂരിഭാഗവും വഹാബ് പക്ഷത്തോടൊപ്പം ആയിരുന്നു. ഇതേ തുടര്‍ന്നു എ.എം അബ്ദുള്ളക്കുട്ടിയെ സൌദി നാഷണല്‍ കമ്മിറ്റി പ്രസിഡെന്റ് സ്ഥാനത്ത് നിന്നും അഖിലേന്ത്യാ അദ്ധ്യക്ഷന്‍ പുറത്താക്കുകയും ചെയ്തിരുന്നു. ഈ നടപടിക്കെതിരെയും സൌദി നാഷണല്‍ കമ്മിറ്റി രംഗത്ത് വന്നിരുന്നു.
പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമായതിനെ തുടര്‍ന്നു ഐ.എന്‍.എല്‍ ദേശീയ നിര്‍വാഹക സമിതി ഓണ്‍ലൈനില്‍ ചേര്‍ന്നാണ് സസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്. സംസ്ഥാന കൌണ്‍സിലും സെക്രട്ടേറിയേറ്റും പിരിച്ചുവിട്ടു. എ.പി അബ്ദുല്‍വഹാബ് യോഗത്തില്‍ പങ്കെടുത്തില്ല. മന്ത്രി അഹമദ് ദേവര്‍കോവില്‍ ചെയര്‍മാനായി ഏഴംഗ അഡ്ഹോക് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
അതേസമയം ഭരണഘടനയ്ക്ക് അനുസരിച്ചാണ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതെന്നും പുതിയ കമ്മിറ്റി അടുത്ത മാസം നിലവില്‍ വരുമെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.
—
ഐ.എം.സി.സി നാഷണല്‍ കമ്മിറ്റി പുറപ്പെടുവിച്ച പ്രസ്താവനയുടെ പൂര്‍ണ രൂപം:
സുലൈമാൻ സാഹിബ് പദവിയുടെ മഹത്വം
വിസ്മരിക്കുന്നു
സൗദി ഐഎംസിസി
രാജ്യത്ത് ജനാതിപത്യ രീതിയിൽ തിരഞ്ഞെടുത്ത പാർട്ടി ഘടകത്തെ പിരിച്ചു വിട്ട നടപടി അപലപനീയവും ധിക്കാരവുമാണെന്നു സൗദി ഐഎംസിസി. പാർട്ടിയിൽ രൂപപ്പെട്ട ഗ്രൂപ്പിസത്തിന്നു കാലങ്ങളായി ആശീർവാദം നൽകി ഈ പ്രസ്ഥാനത്തേ തന്റെ തല്പരരുടെ കൈകളിൽ ഏൽപ്പിക്കാനുള്ള കഠിനാദ്ധ്വാനം സുലൈമാൻ സാഹിബ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മഹാനായ മെഹബൂബ് മില്ലത്ത് ഇരുന്ന സീറ്റിൽ ഇരുന്നു കൊണ്ടാണ് ഇത്തരം അധാർമിക പ്രവർത്തനങ്ങൾക്കു അദ്ദേഹം നേതൃത്വം നൽകുന്നത്,
ഭിന്നിപ്പ് ഒഴിവാക്കി രഞ്ജിപ്പിനുള്ള സാധ്യതകൾ രൂപപ്പെട്ടു വരുമ്പോഴെല്ലാം അശ്വസ്തനാവുന്ന പ്രൊഫസ്സർ സുലൈമാൻ സാഹിബ്, എല്ലാ മാന്യതകളും കാറ്റിൽ പരത്തി ദീശീയ സമിതി എന്ന പേരിൽ ഓൺലൈനിൽ ചേർന്ന ഒന്നര മണിക്കൂർ മീറ്റിങ്ങിലൂടെ കേരളത്തിലെ സംഘടനാ സംവിധാനങ്ങൾ മുഴുവൻ തന്റെ താല്പര്യക്കാരുടെ പ്രീതിക്ക് വേണ്ടി പിരിച്ചു വിട്ടുകൊണ്ട് ഈ പ്രസ്ഥാനത്തിന്റെ മഹിതമായ ഒരു രാഷ്ട്രീയ സംസ്കാരത്തെയാണ് പിച്ചി ചീന്തിയത്.
പാർട്ടി ഭരണ ഘടനയ അനുശാസിക്കുന്ന ഒരു വ്യവസ്ഥകളും പാലിക്കാതെ ഒരു ടീമിനെ തട്ടിക്കൂട്ടി ദേശീയ നേതൃത്വം എന്ന വിശേഷണം നൽകി സ്വയം പ്രസിഡന്റായി കാലങ്ങളായി ഈ പ്രസ്ഥാനത്തെ എല്ലായ്പ്പോഴും പ്രതിസന്ധിയിലാക്കി മറ്റാർക്കോ കൊടുത്ത വാക്കു നിറവേറ്റാനുള്ള ശ്രമമാണ് ഇത്തരം തരാം താണ ഇടപെടലിലൂടെ നടത്തുന്നത്. ഏറ്റവും മുസ്ലിം പ്രാധിനിത്യം ഉള്ള സ്വന്തം തട്ടകത്തിൽ നിന്ന് ഈ മൂന്നു ദശാബ്ദത്തിനിടയിൽ ഒരു പഞ്ചായത്ത് മെമ്പറെ പോലും സൃഷ്ട്ടിക്കാൻ കഴിയാത്ത വ്യക്തി സംഘടനാ സംവിധാനമുള്ളയിടത്തെല്ലാം മറ്റാരുടെയോ അജണ്ട നിറവേറ്റുന്ന രീതി കുറെ കാലങ്ങളിലായി അദ്ദേഹം തുടരുകയാണ്. വളരെ നല്ല സംഘടനാ സംവിധാനമുണ്ടായിരുന്ന തമിഴ് നാട്ടിലെ നാശം പൂർത്തീകരിച്ചതിന്റെ ശേഷം ഇപ്പോൾ അദ്ദേഹം കേരളം സംവിധാനത്തെയും നശിപ്പിക്കുകയാണ്. ഇതിനെതിരെ പാർട്ടി പ്രവർത്തകർ ഒന്നടങ്കം സംസ്ഥാന പ്രസിഡണ്ട് പ്രസിഡന്റ് പ്രൊഫസർ എ പി അബ്ദുൽ വഹാബ് സാഹിബിനു പിന്നിൽ അണിനിരക്കും.
പാർട്ടി സംവിധാനങ്ങൾ പ്രിരിച്ചു വിട്ട ഈ അധാർമിക നടപടിക്കെതിരെ സൗദി ഐഎംസിസി ശക്തമായി പ്രതിഷേധിക്കുന്നു. പ്രൊഫസ്സർ എ പി അബ്ദുൽ വഹാബ് സാഹിബിന്റെ തുടർ നീക്കങ്ങൾക്കു സൗദി ഐഎംസിസി പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു
എഎം അബ്ദുല്ലക്കുട്ടി
(പ്രസിഡണ്ട്)
സയ്യിദ് ഷാഹുൽ ഹമീദ് (ജിസിസി ട്രഷറർ, )
നാസർ കുറുമാത്തൂർ (ട്രഷറർ സൗദി നാഷണൽ കമ്മറ്റി )
മുഫീദ് കൂരിയാടൻ
(നാഷണൽ ഓർഗനൈസിങ് സെക്രട്ടറി)
എൻകെ ബഷീർ
അബ്ദുൽ റഹിമാൻ ഹാജി അബഹ
കരീം മൗലവി കട്ടിപ്പാറ
(വൈസ് പ്രസിഡന്റുമാർ)
മൻസൂർ വണ്ടൂർ
യൂനുസ് മൂന്നിയൂർ അൽഖുറയാത്ത്
അബ്ദുൽ കരീം പയമ്പ്ര
നൗഷാദ് മാര്യാട് മക്ക (സെക്രട്ടറിമാര്‍)
മൊയ്തീൻ ഹാജി തിരൂരങ്ങാടി,
എപി അബ്ദുൽ ഗഫൂർ (ജിദ്ദ)
ഫാസിൽ (റിയാദ്)
എപി മുഹമ്മദ്കുട്ടി (റിയാദ്)
ഒസി നവാഫ് (ദമ്മാം)
നജ്മുദ്ധീൻ മുക്കൻ (അൽ ഖോബാർ)
അബ്ദുൽ റസാഖ് പടനിലം (ഖത്തീഫ്)
ഹംസ കാട്ടിൽ (ജുബൈൽ)
ഷാജി അരിമ്പ്രത്തൊടി (ജിദ്ദ)