മലയാളി സാമൂഹിക പ്രവര്‍ത്തകന്‍റെ ദുരൂഹമരണം; അന്വേഷണം ഊർജ്ജിതമാക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

ദില്ലിയില്‍ മലയാളി സാമൂഹിക പ്രവര്‍ത്തകന്‍റെ ദുരൂഹമരണത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി. ദ്വാരക സെക്ടർ 15 ശിവാനി എൻക്ലേവ് നിവാസിയും സാമൂഹിക ജീവകാരുണ്യ പ്രവർത്തകനുമായ പിപി സുജാതന്റെ ദുരൂഹമരണത്തിൽ ശക്തമായ അന്വേഷണം നടത്തി കുറ്റക്കാരെ  ഉടനടി കണ്ടെത്തണം എന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻ (FAIMA) മഹാരാഷ്ട്ര സംസ്ഥാന ഘടകം, കേരള മുഖ്യമന്ത്രിയ്ക്കും മറ്റ് കേന്ദ്രമന്ത്രിമാർക്കും പരാതി നൽകി.

സംഭവത്തില്‍ ആന്റോ ആന്റണി എംപി ആഭ്യന്തര മന്ത്രി അമിത്ഷാക്ക് കത്തയച്ചു. നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാൻ ആവശ്യമായ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്എൻഡിപി ശാഖ സെക്രട്ടറിയാണ് സുജാതൻ. കഴിഞ്ഞ മുപ്പത് വർഷത്തോളമായി ദില്ലിയിലാണ് സുജാതൻ താമസിക്കുന്നത്.

വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ ബിസിനസ് ആവശ്യത്തിനായി ജയ്പൂരിലേക്ക് പോകാനായി വീട്ടിൽ നിന്നും ഇറങ്ങിയ സുജാതനെ വെള്ളിയാഴ്ച രാവിലെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സുജാതൻ്റെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി ബന്ധുക്കളും പറഞ്ഞു. സംഭവത്തിൽ പൊലീസ് സത്യം  പുറത്തു കൊണ്ടുവരണമെന്ന് സുജാതൻ്റെ ഭാര്യ ആവശ്യപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് അറിയണം. ബിസിനസ് ആവശ്യത്തിനായി ജയ്പൂരിൽ പോകുകയാണെനാണ് പറഞ്ഞതെന്നും അവർ വെളിപ്പെടുത്തി. സുജാതന് ശത്രുക്കൾ ഉള്ളതായി അറിയില്ല. സംഭവത്തിൽ സംസ്ഥാന സർക്കാർ ഇടപെടൽ നടത്തണമെന്ന് സഹോദരൻ അശോകനും ആവശ്യപ്പെട്ടു.

പ്രഭാത സവാരിക്കിറങ്ങിയവരാണ് സമീപത്തെ പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ സുജാതന്റെ മൃതദേഹം കണ്ടെത്തിയത്. മൊബൈൽ ഫോണും പേഴ്‌സും നഷ്ടപ്പെട്ടിട്ടുണ്ട്. മൃതദേഹത്തിൽ മുറിവേറ്റ പാടുകളും കണ്ടെത്തി. സുജാതൻ ധരിച്ചിരുന്ന ഷർട്ട് അഴിച്ച് കഴുത്തിൽ കുരുക്കിയ ശേഷം കെട്ടിതൂക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!