നിപ: മഞ്ചേരി മെഡിക്കൽ കോളജിൽ ഒരാൾ നിരീക്ഷണത്തിൽ; മലപ്പുറത്തും ജാഗ്രതാ നിർദേശം, കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് വരുന്നവരെ അതിർത്തികളിൽ പരിശോധിക്കും

കോഴിക്കോടിനു പിന്നാലെ മലപ്പുറം ജില്ലയിലും നിപ്പ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ പനിയും അപസ്മാര ലക്ഷണവുമുള്ള ഒരാൾ നിരീക്ഷണത്തിലുള്ള സാഹചര്യത്തിലാണിത്. ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചു.

അതേസമയം, ഇതുവരെ നിപ്പ സ്ഥിരീകരിച്ചവരുമായി ഇയാൾക്ക് സമ്പർക്കമില്ല. എന്നാൽ രോഗലക്ഷണമുള്ള സാഹചര്യത്തിലാണ് സ്രവം പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചത്.

കലക്ടറുടെ അധ്യക്ഷതയിൽ വിവിധ വകുപ്പു മേധാവികളുടെ ജില്ലാതല യോഗം ചേർന്നു. മുൻകരുതൽ നടപടികൾ സംബന്ധിച്ച് കലക്ടർ മേധാവികൾക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്.

കോഴിക്കോട്ട് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറത്തും ജാഗ്രത പുലർത്തണമെന്ന് കലക്ടർ നിർദേശിച്ചു. ജില്ലയിൽ പ്രത്യേക നിപ്പ കൺട്രോൾ റൂം സെല്ലും ആരംഭിച്ചിട്ടുണ്ട്.

 

നിപ  സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പനി ഉള്ളവർ ഫീവർ ട്രയാജുമായി ബന്ധപ്പെടണം. അവിടെ നിന്ന് നേരെ രോഗിയെ ഐസൊലേഷൻ റൂമിലേക്ക് മാറ്റും. ഇൻഫെക്ഷൻ കൺട്രോൾ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. ഏപ്രൺ, ഗ്ലൗസ് തുടങ്ങി വ്യക്തിഗത സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കണം. രോഗിയുമായി നേരിട്ട് സമ്പർക്കത്തിൽ വന്നവരെ ക്വാറന്റൈൻ ചെയ്യുമെന്നും പുതിയ മാർഗനിർദേശത്തിൽ പറയുന്നു.

രോഗിയുമായി നേരിട്ട് സമ്പർക്കത്തിൽ വന്ന ആരോഗ്യ പ്രവർത്തകർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവരേയും ക്വാറന്റൈൻ ചെയ്യും. രോഗികൾക്ക് ആവശ്യമായ രീതിയിൽ റിബവിറിൻ, റെംഡിസിവിർ, മോണോക്ളോണൽ ആന്റിബോഡി, ഫാവിപിറവിർ എന്നീ മരുന്നുകൾ നൽകാമെന്നും സർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശത്തില്‍ വ്യക്തമാക്കുന്നു.

കോഴിക്കോട് നിപ്പ വൈറസ് ബാധിച്ചു രണ്ടുപേർ മരിച്ച സാഹചര്യത്തിൽ തമിഴ്നാട്ടിൽ മുൻകരുതൽ ആരംഭിച്ചു. കേരളത്തിൽ നിന്നെത്തുന്ന യാത്രക്കാരെ സംസ്ഥാന അതിർത്തിയിൽ പരിശോധനയ്ക്കു വിധേയരാക്കുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. കേരളവുമായി അതിർത്തി പങ്കിടുന്ന എല്ലാ ജില്ലകളിലു‍ം പരിശോധന നടത്തുകയും പനിലക്ഷണങ്ങൾ ഉള്ളവരെ ഐസൊലേഷനിലാക്കുകയും ചെയ്യുമെന്നാണ് അറിയിപ്പ്. വാഹനങ്ങളിൽ വരുന്നവരുടെ ശരീര താപനില പരിശോധിക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന.

 

അതിനിടെ, കോഴിക്കോട്ടെ നിപ രോഗികളുമായി സമ്പർക്കമുണ്ടായ രണ്ട് ആരോഗ്യപ്രവർത്തകർക്ക് പനി അടക്കമുള്ള രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഇവരുടെ സാമ്പിളുകൾ പരിശോധനയക്കയച്ചിട്ടുണ്ട്. അതേസമയം, രോഗികളുടെ സമ്പർക്ക പട്ടിക 168 ൽ നിന്നും 702 ആയി ഉയർത്തി. മുപ്പതാം തീയ്യതി മരിച്ചയാളുടെ സമ്പർക്കപ്പട്ടികയിൽ 371 പേരുണ്ട്. പതിനൊന്നാം തിയതി മരിച്ച ആയഞ്ചേരി സ്വദേശിയുടെ സമ്പ‍ർക്കത്തിൽ 201 പേരാണുള്ളത്. ചികിത്സയിൽ കഴിയുന്ന 9 വയസ്സുകാരന്റെ സമ്പർക്ക പട്ടികയിൽ 50 പേരുണ്ട്. അതിനിടെ, നിപ ബാധിച്ച് മരിച്ച രണ്ട് പേരുടെയും റൂട്ട് മാപ്പും പ്രസിദ്ധീകരിച്ചു.

ആദ്യം മരിച്ച പ്രവാസി കുടുംബ ചടങ്ങിലും ബാങ്കിലും പള്ളിയിലും എത്തിയതായി റൂട്ട് മാപ്പിൽ പറയുന്നു. രണ്ടാമത് മരിച്ച ആയഞ്ചേരി സ്വദേശി ബന്ധൂവീടുകൾക്ക് പുറമേ സൂ‍പ്പര്‍ മാർക്കറ്റിലും കുടുംബാരോഗ്യേകേന്ദ്രത്തിലുമെത്തിയിട്ടുണ്ട്. റൂട്ട് മാപ്പ് പ്രകാരം അടുത്ത സമ്പർക്കമുണ്ടായ ആളുകളെ മാത്രമാകും നിരീക്ഷണത്തിലേക്ക് മാറ്റുക. നിപ്പയ്ക്കുള്ള പ്രത്യേക മരുന്ന് എത്തിക്കുന്നതടക്കം നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. നിലവിൽ നിപ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന 2 പേരുടെയും നില മാറ്റമില്ലാതെ തുടരുകയാണ്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!