ഫ്ളിപ്പ്കാർട്ട് വഴി ‍പുതിയ ഫോണിന് പകരം ലഭിച്ചത് പഴയ ഫോണ്‍; കൊച്ചി സ്വദേശിക്ക് വൻതുക നഷ്ടമായി

കൊച്ചി: ഇന്ത്യന്‍ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്‌ളിപ്പ്കാര്‍ട്ട് വഴി പുതിയ ഫോൺ വാങ്ങിയ ആള്‍ക്ക് ലഭിച്ചത് പഴയ ഫോൺ. ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ഡെലിവറി ചാര്‍ജ് ഉള്‍പ്പടെ 53098 രൂപ നല്‍കി വണ്‍പ്ലസ് 11 5ജി സ്മാര്‍ട്‌ഫോണ്‍ വാങ്ങിയ ആള്‍ക്ക് ലഭിച്ചത് മുമ്പ് മറ്റാരോ ഉപയോഗിച്ചതും തകരാര്‍ സംഭവിച്ചതുമായ സ്മാര്‍ട്‌ഫോണ്‍. കൊച്ചി സ്വദേശിയായ എംകെ സതീഷ് എന്നയാള്‍ക്കാണ് ഈ ദുരനുഭവം.

ഫ്‌ളിപ്കാര്‍ട്ടിലെ വിശ്വസ്തരായ വ്യാപാരികളാണെന്ന് ഉറപ്പുവരുത്തുന്ന അഷ്വേര്‍ഡ് (Assured) ലേബലുള്ള Turst എന്ന വിതരണക്കാരില്‍ നിന്നാണ് സെപ്റ്റംബര്‍ ഒന്നിന് സതീഷ് ഫോണ്‍ വാങ്ങിയത്. സെപ്റ്റംബര്‍ നാലിന് ഫോണ്‍ കൊണ്ടുവന്ന ഡെലിവറി ജീവനക്കാരന്‍ സതീഷിന് മുന്നില്‍ വെച്ച് ഫോണ്‍ ബോക്‌സ് തുറന്ന് പരിശോധിച്ചതിന് ശേഷമായിരുന്നു ഡെലിവറി. ഫോണിന് പുറത്ത് പോറലുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് സതീഷ് പരിശോധിക്കുകയും ചെയ്തു. എന്നാല്‍ ഡെലിവറിക്ക് ശേഷം ഫോണ്‍ ഓണ്‍ ചെയ്യാന്‍ സാധിച്ചില്ല. സാധാരണ പുതിയ ഫോണുകളില്‍ ഒരു നിശ്ചിത അളവ് ചാര്‍ജ് ഉണ്ടാവാറുണ്ട്. ഇത് ചാര്‍ജ് ചെയ്യുന്നതിനിടെ നടത്തിയ പരിശോധനയിലാണ് ഫോണിന്റെ ബാറ്ററി അല്‍പ്പം വീര്‍ത്തിരിക്കുന്നതായും ഫോണിന്റെ ബാക്ക് പാനല്‍ ഇളകിയിരിക്കുന്നതായും കണ്ടെത്തിയത്. ഈ നിമിഷം വരെയും പുതിയ ഫോണിന്റെ നിര്‍മാണത്തകരാര്‍ ആയിരിക്കാം എന്ന് തന്നെയാണ് സതീഷ് കരുതിയിരുന്നത്.

തട്ടിപ്പ് തിരിച്ചറിഞ്ഞതിങ്ങനെ

സാധാരണ ഫ്‌ളിപ്കാര്‍ട്ട് ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ തകരാറുകളുണ്ടെങ്കില്‍ അവ റിട്ടേണ്‍ ചെയ്യാനോ റീപ്ലേസ് ചെയ്യാനോ ആണ് ഉപഭോക്താക്കള്‍ ശ്രമിക്കുക. ഫോണ്‍ വാങ്ങിയ വിതരണക്കാരന്‍ ഏഴ് ദിവസത്തെ സര്‍വീസ് സെന്റര്‍ റീപ്ലേസ്‌മെന്റ് അല്ലെങ്കില്‍ റിപ്പയര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന് പുറമെ ഫോണിന് 12 മാസത്തെ വാറന്റിയും ഘടകഭാഗങ്ങള്‍ക്ക് ആറ് മാസത്തെ വാറന്റിയും വാഗ്ദാനം ചെയ്യുന്നുണ്ട്.

 

 

 

ഫോണിന് തകരാര്‍ കണ്ടെത്തിയ സതീഷ് അത് റീപ്ലേസ് ചെയ്യാന്‍ നടത്തിയ ശ്രമം പക്ഷെ പരാജയപ്പെട്ടു. റീപ്ലേസ് ചെയ്യാനുള്ള കാരണങ്ങളില്‍ ഏത് തന്നെ നല്‍കിയാലും അടുത്തുള്ള വണ്‍പ്ലസ് സര്‍വീസ് സെന്ററിനെ ബന്ധപ്പെടാനാണ് ഫ്‌ളിപ്കാര്‍ട്ട് വെബ്‌സൈറ്റ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് വണ്‍ പ്ലസിന്റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടപ്പോഴാണ് താന്‍ ഒരു കുരുക്കിലാണ് അകപ്പെട്ടത് എന്ന് സതീഷ് തിരിച്ചറിഞ്ഞത്.

ഫ്‌ളിപ്കാര്‍ട്ട് വണ്‍ പ്ലസിന്റെ അംഗീകൃത വിതരണക്കാര്‍ അല്ലെന്നും ഫ്‌ളിപ്കാര്‍ട്ടിലൂടെ വാങ്ങുന്ന ഉല്പന്നങ്ങള്‍ക്ക് വാറന്റി ഉള്‍പ്പടെയുള്ളവ ലഭിക്കില്ലെന്നും വണ്‍പ്ലസില്‍ നിന്ന് മറുപടി ലഭിച്ചു. തുടര്‍ന്ന് കൊച്ചിയിലെ വണ്‍പ്ലസ് സര്‍വീസ് സെന്ററുമായി ബന്ധപ്പെട്ടപ്പോഴാണ് താന്‍ വലിയൊരു തട്ടിപ്പിന് ഇരയായ വിവരം ഉപഭോക്താവ് അറിഞ്ഞത്.

ഫ്‌ളിപ്കാര്‍ട്ട് വഴി ലഭിച്ച ഫോണ്‍ മുമ്പ് രണ്ട് തവണ ഗുജറാത്തിലെ അഹമ്മദാബാദിലുള്ള വണ്‍പ്ലസിന്റെതന്നെ അംഗീകൃത സര്‍വീസ് സെന്ററില്‍ തകരാര്‍ പരിഹരിക്കാന്‍ എത്തിയിട്ടുണ്ട്. ഗുജറാത്ത് സ്വദേശിയുടെ തന്നെ പേരില്‍ നല്‍കിയ ഇതിന്റെ സര്‍വീസ് ബില്ലിന്റെ പകര്‍പ്പും കൊച്ചിയിലെ സര്‍വീസ് സെന്റര്‍ സതീഷിന് നല്‍കി. മുമ്പ് മറ്റൊരോ ഉപയോഗിച്ച് തകരാറിലായ ഒരു ഫോണ്‍ ആണ് പുതിയ ഫോണ്‍ എന്ന രീതിയില്‍ ഫ്‌ളിപ്കാര്‍ട്ടിലൂടെ വിറ്റഴിക്കപ്പെട്ടത്.

 

ഇത് വൻ തട്ടിപ്പ്ഇത് ഫ്‌ളിപ്കാര്‍ട്ട് കൂടി അറിഞ്ഞുകൊണ്ടുള്ള തട്ടിപ്പാണെന്ന് സതീഷ് ആരോപിക്കുന്നു. പ്രധാനമായും ഫ്‌ളിപ്കാര്‍ട്ടിന്റെ അഷ്വേര്‍ഡ് ലേബിലാണ് സതീഷ് ആദ്യം വീണത്. ഫ്‌ളിപ്കാര്‍ട്ടിന്റെ സ്ഥിരം ഉപഭോക്താവായ സതീഷിന് ഈ തട്ടിപ്പ് തിരിച്ചറിയാനായില്ല. ഒരു പക്ഷെ ബാറ്ററിയുടെ പ്രശ്‌നം തിരിച്ചറിഞ്ഞില്ലായിരുന്നുവെങ്കില്‍ താന്‍ കബളിപ്പിക്കപ്പെട്ട വിവരം അടുത്തൊന്നും അറിയില്ലായിരുന്നുവെന്ന് സതീഷ് പറഞ്ഞു. 53098 രൂപയെന്ന വലിയൊരു തുകയാണ് സതീഷിന് നഷ്ടപ്പെട്ടിരിക്കുന്നത്.

സാധാരണ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ തകരാര്‍ പരിഹരിച്ചെത്തുന്ന ‘റീഫര്‍ബിഷ്ഡ്’ വില്‍പനയ്ക്ക് എത്താറുണ്ട്. അത്തരം ഫോണ്‍ ആണെങ്കില്‍ അത് വെബ്‌സൈറ്റുകള്‍ വ്യക്തമാക്കുകയും ചെയ്യും. എന്നാല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പനയ്ക്ക് വെച്ച പുതിയ ഫോണ്‍ തന്നെയാണ് സതീഷ് വാങ്ങിയത്. എന്നാല്‍ ലഭിച്ചത് മറ്റൊരാള്‍ ഉപയോഗിച്ചതും തകരാര്‍ സംഭവിച്ചതുമായ ഫോണ്‍.

ഫ്‌ളിപ്കാര്‍ട്ട് നല്‍കിയ ഇന്‍വോയ്‌സിലുള്ള ഐഎംഇഐ നമ്പറും ഫോണിന്റെ ഐഎംഇഐ നമ്പറും ഒന്നു തന്നെയാണ്. ഈ ഐഎംഇഐ നമ്പര്‍ ഉപയോഗിച്ചാണ് കൊച്ചിയിലെ സര്‍വീസ് സെന്റര്‍ ഫോണുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചതും. ഫ്‌ളിപ്കാര്‍ട്ട് കസ്റ്റമര്‍ കെയറുമായി നേരിട്ട് ബന്ധപ്പെട്ടുവെങ്കിലും അനുകൂലമായ പ്രതികരണമല്ല അവരില്‍ നിന്നും ഉണ്ടായതെന്ന് സതീഷ് പറഞ്ഞു.

തന്റെ അനുഭവം കാണിച്ച് ഫ്‌ളിപ്കാര്‍ട്ടില്‍ സതീഷ് പങ്കുവെച്ച റിവ്യൂ ഇതുവരെയും വെബ്‌സൈറ്റില്‍ വന്നിട്ടില്ല വിതരണക്കാരന് നല്ലമാര്‍ക്ക് നല്‍കിയുള്ള ഒരു റിവ്യൂ കമന്റിന് സംശയം തോന്നും വിധം 400 ല്‍ അധികം ലൈക്കുകളുണ്ടെന്നും സതീഷ് ചൂണ്ടിക്കാട്ടുന്നു. ഫ്‌ളിപ്കാര്‍ട്ടിലെ റിവ്യൂ സംവിധാനത്തില്‍ വിതരണക്കാര്‍ കൃത്രിമം കാണിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്തായാലും തെളിവുകള്‍ നിരത്തി ഉപഭോക്തൃ കോടതിയെ സമീപിച്ച് നിയമ നടപടിക്കൊരുങ്ങുകയാണ് സതീഷ്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!