സ്ഥിരമായി കഴിക്കുന്ന ഗുളികകളടക്കം ‘വിനയായി’; നാട്ടില്‍ നിന്ന് മരുന്നുകള്‍ കൊണ്ടുവരുന്ന പ്രവാസികള്‍ ശ്രദ്ധിക്കുക

മയക്കുമരുന്നുകേസുകളിൽ സൗദിയിൽ പിടിയിലാകുന്നവരിൽ മലയാളികളുടെ എണ്ണവും പെരുകുന്നു. മയക്കുമരുന്നിന്‍റെ പൊടിപോലുമില്ലാതെ രാജ്യത്തെ ശുദ്ധീകരിക്കാൻ തക്ക കർശന നടപടികളാണ് രാജ്യത്ത് നടക്കുന്നത്. റെയ്ഡുകളിൽ പിടിക്കപ്പെടുന്ന മലയാളികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. സൗദി അറേബ്യ നിരോധിച്ച രാസഘടകങ്ങളുള്ള മരുന്നുകളുമായി എത്തി വിമാനത്താവളങ്ങളിൽ പിടിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. ഇത്തരത്തിൽ കേവലം ഒരു ഗുളിക കൈയ്യിൽ വെച്ചതിന്‍റെ പേരിൽ പിടിക്കപ്പെട്ടവരും ഇപ്പോൾ ജയിലിലുണ്ടെന്ന് ഇന്ത്യൻ എംബസ്സി വൃത്തങ്ങൾ അറിയിച്ചു.

നാല് വർഷം മുമ്പ് നടത്തിയ ബൈപാസ് സർജറിക്ക് ശേഷം സ്ഥിരമായി കഴിക്കുന്ന ഗുളികകളുമായി എത്തിയപ്പോഴാണ് ബുറൈദയിൽ ജോലി ചെയ്യുന്ന മലയാളി പിടിക്കപ്പെട്ടത്. ഗുളിക കൊണ്ടുവന്നയാളേയും ആർക്ക് വേണ്ടിയാണോ കൊണ്ടുവന്നത് അവരേയും വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയാണുണ്ടായത്. ഹോമിയോ ഗുളികളുമായി പിടിക്കപ്പെട്ട കായംകുളം സ്വദേശി രണ്ട് മാസമായി ജയിലിലാണ്. ദമ്മാമിലെ മാർക്കറ്റിൽ നിന്ന് പിടിക്കപ്പെട്ട മലയാളിയെകുറിച്ച് സഹപ്രവർത്തകർക്കെല്ലാം നല്ലതേ പറയാനുള്ളു. പക്ഷെ ഇയാൾ മയക്കുമരുന്ന് കച്ചവടക്കാരനാണെന്ന് കൂടെയുള്ളവർ പോലും തിരിച്ചറിഞ്ഞില്ല എന്നതാണ് ഞെട്ടിക്കുന്നത്. അതുപോലും കണ്ടു പിടിക്കാൻ സാധിക്കുന്ന വൈദഗ്ധ്യം നേടിയവരാണ് മയക്കുമരുന്ന് വേട്ട സംഘത്തിൽ ഉള്ളത്. ജിദ്ദയിലും റിയാദിലും സമാന സംഭവങ്ങളിൽ മലയാളികൾ കുടുങ്ങിയതായി റിപ്പോർട്ടുകളുണ്ട്.

15 വർഷമായി തൻറയൊപ്പം ജോലി ചെയ്യുന്ന മലയാളി പിടിക്കപ്പെട്ടതിനെ തുടർന്നാണ് സ്വദേശി തൊഴിലുടമ ഇന്ത്യൻ എംബസിയുടെ സഹായം തേടിയത്. തനിക്ക് 15 വർഷമായി അറിയാമെന്നും മയക്കുമരുന്നുമായി അവന് ഒരു ബന്ധവുമില്ലെന്നുമായിരുന്നു ഇദ്ദേഹം എംബസിയെ അറിയിച്ചത്. ഇതിനെത്തുടർന്ന് മലയാളിയെ എംബസ്സി ഉദ്യോഗസ്ഥർ ജയിലിൽ സന്ദർശിക്കുകയും കൂടുതൽ അന്വേഷണങ്ങൾക്കൊടുവിൽ താൻ കാലങ്ങളായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് ഇയാൾ സമ്മതിക്കുകയുമായിരുന്നു.

ഡിപ്രഷന് കഴിക്കുന്ന ഗുളിക വാഹനത്തിൽ സൂക്ഷിച്ച വടക്കേയിന്ത്യൻ സ്വദേശിയും പിടിയിലായിട്ടുണ്ട്. 80 ഓളം മലയാളികൾ മയക്കുമരുന്ന് കേസിൽ ജയിലിലുണ്ടെന്നാണ് വിവരം. കർശന പരിശോധനയിൽ നാട്ടിൽനിന്ന് മരുന്നുമായി എത്തുന്ന സാധാരണക്കാരനും പെട്ടുപോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇങ്ങനെ പിടിക്കപ്പെട്ടവരെക്കുറിച്ച് ഇന്ത്യൻ എംബസിക്ക് വിവരം ലഭിക്കുകയും കുടുംബം എംബസിയുടെ സഹായം തേടുകയും ചെയ്താൽ ഇയാളുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉൾപ്പടെയുള്ള വിവരങ്ങളുമായി അധികൃതർക്ക് എംബസി കത്തെഴുതുകയാണ് ഇവരെ മോചിപ്പിക്കാനുള്ള സാധാരണ നടപടി.

ഇതിന്മേലുള്ള അന്വേഷണം പൂർത്തിയായി സത്യം വ്യക്തമായാൽ ഇവരെ മോചിപ്പിക്കും. പക്ഷെ ഈ നടപടിക്രമങ്ങൾക്ക് മാസങ്ങളുടെ കാലതാമസം വന്നേക്കാം.

സൗദിയിൽ നിരോധിക്കപ്പെട്ട മരുന്നുകളുടെ വിവരങ്ങൾ എംബസിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാധാരണക്കാർക്ക് ഇത് പരിശോധിച്ച് ഏത് മരുന്നുകളാണെന്ന് കണ്ടുപിടിക്കുക പ്രയാസകരമാണ്. ആരോഗ്യമേഖലയിലുള്ളവരോ സാമൂഹിക പ്രവർത്തകരോ ഇടപെട്ട് ഇത്തരം വിവരങ്ങൾ സാധാരണക്കാർക്ക് മനസിലാകുന്ന വിധത്തിൽ പ്രസിദ്ധീകരിക്കുന്നതാകും ഇതിനുള്ള പരിഹാരം.

പല രോഗങ്ങൾക്കും സ്ഥിരമായി മരുന്ന് കഴിക്കുന്നവർ നാട്ടിൽനിന്ന് എത്തിക്കുന്നതിന് പകരം സൗദിയിൽ ലഭ്യമായ മരുന്നുകൾ കഴിച്ചുതുടങ്ങാൻ ശ്രദ്ധിക്കുന്നതും നന്നായിരിക്കും. ഒരു പഴുതുപോലും നൽകാതെ മയക്കുമരുന്ന് മേഖല തുടച്ചുനീക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അധികൃതർ ഇത്രയും കണിശമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നത്.

എംബസി പ്രസിദ്ധീകരിച്ച നിരോധിക്കപ്പെട്ട മരുന്നുകളുടെ പട്ടിക കാണാൻ ഇവിടെ അമർത്തുക

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!