എന്തുകൊണ്ടാണ് നിങ്ങൾ പാക്കിസ്ഥാനിലേക്ക് പോകാത്തത്?’കഅബയെയും ഖുർആനെയും നിന്ദിച്ചു: മറ്റൊരു അധ്യാപികയും വർഗീയ പരാമർശം നടത്തിയെന്ന് വിദ്യാർഥികൾ

അധ്യാപിക വർഗീയ പരാമർശം നടത്തിയെന്നും വിഭജന സമയത്ത് തങ്ങളുടെ കുടുംബം പാകിസ്ഥാനിലേക്ക് പോകാതിരുന്നത് എന്തുകൊണ്ടാണെന്നു ചോദിച്ചുവെന്നും കാട്ടി ഡൽഹിയിലെ ഒരു സ്‌കൂളിലെ നാല് വിദ്യാർത്ഥികളുടെ പരാതി. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ 7 വയസ്സുകാരനായ വിദ്യാർഥിയെ സഹപാഠികളെക്കൊണ്ടു തല്ലിച്ച സംഭവത്തിൽ അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണു വിദ്യാർഥികളോടു വർഗീയ പരാമർശം നടത്തിയതായി കാട്ടി മറ്റൊരു അധ്യാപികയ്ക്കെതിരെ ഡൽഹിയിലെ സ്കൂളിൽനിന്നു പരാതിയുയർന്നത്.

 

ഗാന്ധിനഗറിലെ സർക്കാർ സർവോദയ ബാല വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളുടെ കുടുംബങ്ങളുടെ പരാതിയെത്തുടർന്ന് അധ്യാപികയായ ഹേമ ഗുലാത്തിക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. ആരോപണങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

 

വിദ്യാർഥികളിലൊരാളുടെ പരാതിപ്രകാരം ബുധനാഴ്ചയാണ് ഹേമ ഗുലാത്തി വർഗീയ പരാമർശം നടത്തിയത്. മക്കയിലെ കഅബയെയും ഖുറാനെയും കുറിച്ച് അധ്യാപിക അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതായി പരാതിയിൽ പറയുന്നു. ‘‘വിഭജന സമയത്ത് നിങ്ങൾ പാക്കിസ്ഥാനിലേക്കു പോയിട്ടില്ല. നിങ്ങൾ ഇന്ത്യയിൽ താമസിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ നിങ്ങൾക്ക് ഒരു സംഭാവനയും ഇല്ല,’’ അധ്യാപികയെ ഉദ്ധരിച്ച് പരാതിയിൽ പറയുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണു പരാതി നൽകിയതെന്ന് പകർപ്പ് വ്യക്തമാക്കുന്നു. ഇത്തരം പരാമർശങ്ങൾ സ്‌കൂളിൽ കലഹത്തിന് ഇടയാക്കുമെന്നും അധ്യാപികയെ പിരിച്ചുവിടണമെന്നും വിദ്യാർഥികളുടെ കുടുംബങ്ങൾ ആവശ്യപ്പെട്ടു.

 

‘‘ഈ അധ്യാപിക ശിക്ഷിക്കപ്പെടാതെ പോയാൽ മറ്റുള്ളവർക്കും സമാന പരാമർശങ്ങൾ നടത്താൻ ധൈര്യം വരും. അവർക്ക് അറിവില്ലാത്ത കാര്യങ്ങളിൽ സംസാരിക്കുന്നത് ഒഴിവാക്കി വിദ്യാർഥികളെ നന്നായി പഠിപ്പിക്കാൻ പറയണം. വിദ്യാർഥികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ സൃഷ്ടിക്കുന്ന ഒരു അധ്യാപികയുടെ ആവശ്യമില്ല. അധ്യാപികയെ സ്‌കൂളിൽനിന്ന് പുറത്താക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു, അവർ ഒരു സ്‌കൂളിലും ഇനി പഠിപ്പിക്കാൻ ഇടയാകരുത്’’ – ഇതേ സ്‌കൂളിലെ രണ്ട് കുട്ടികളുടെ അമ്മ വാർത്താ ഏജൻസിയോടു പറഞ്ഞു.

 

പ്രദേശത്തെ എംഎൽഎയും ആം ആദ്മി പാർട്ടി (എഎപി) നേതാവുമായ അനിൽ കുമാർ ബാജ്‌പേയ്, അധ്യാപിക ഹേമ ഗുലാത്തിയെ രൂക്ഷമായി വിമർശിച്ചു. ‘‘ഇതു തികച്ചും തെറ്റാണ്. കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകുക എന്നതാണ് അധ്യാപകരുടെ ഉത്തരവാദിത്തം. ഏതെങ്കിലും മതപരമോ പുണ്യസ്ഥലമോ ആയ സ്ഥലങ്ങൾക്കെതിരെ അധ്യാപകർ അപകീർത്തികരമായ പരാമർശങ്ങൾ നടത്തരുത്. അത്തരക്കാരെ അറസ്റ്റ് ചെയ്യണം’’ – അനിൽ കുമാർ ബാജ്‌പേയ് പറഞ്ഞു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

 

 

Share
error: Content is protected !!