പാചകവാതക സിലിണ്ടറുകൾ ഇനി സൂപ്പർമാർക്കറ്റുകളിലും പെട്രോൾ സ്‌റ്റേഷനുകളിലും ലഭിക്കും

സൗദിയിൽ പാചകവാതക സിലിണ്ടറുകളും അനുബന്ധ സേവനങ്ങളും ഇനി മുതൽ പെട്രോൾ സ്റ്റേഷനുകളിലും  സൂപ്പർമാർക്കറ്റുകളിലും മറ്റ് വിൽപ്പന ഔട്ട്ലെറ്റുകളിലും ലഭിക്കും. സെൽഫ് സർവ്വീസ് മെഷീനുകൾ വഴിയാണ് സിലിണ്ടറുകൾ വിതരണം ചെയ്യുക. ഇതിനായുള്ള ലൈസൻസുകൾ അനുവദിച്ചു തുടങ്ങിയതായി ഊർജ മന്ത്രാലയം അറിയിച്ചു.

താമസ, വാണിജ്യ ആവശ്യങ്ങൾക്കുള്ള ഡ്രൈ ഗ്യാസ്, ദ്രവീകൃത പെട്രോളിയം ഗ്യാസ് എന്നിവയുടെ വിതരണ സംവിധാനത്തിൽ സൗദി അറേബ്യ കാതലായ മാറ്റങ്ങൾക്ക് വഴി തുറക്കുന്നത്.

സെൽഫ് സർവ്വീസ് മെഷീനുകളിലൂടെ ഉപഭോക്താക്കൾക്ക് നേരിട്ട് ഗാസ് സിലിണ്ടർ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് മന്ത്രാലയം ഒരുക്കുന്നത്. ഇതിനായി സൌദിയിലെല്ലായിടത്തും പുതിയ മെഷീനുകൾ വൈകാതെ സ്ഥാപിച്ച് തുടങ്ങുമെന്ന് ഊർജ മന്ത്രാലയം അറിയിച്ചു. പാചക വാതക സിലിണ്ടറുകളുടെ വിതരണത്തിൽ നിലവിലുള്ള സംവിധാനം വഴി ലഭിക്കുന്ന എല്ലാ സേവനങ്ങളും സെൽഫ് സർവീസ് മെഷീനുകളിലൂടെയും ലഭിക്കും. ഉപഭോക്താക്കളുടെ സ്മാർട്ട് ഫോണുകളുമായി ബന്ധപ്പിപ്പാണ് ഇതിൻ്റെ പ്രവർത്തനം. ഇത് വഴി ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ എളുപ്പത്തിൽ സുരക്ഷിതമായി നേടാനാകുമന്നും മന്ത്രാലയം അറിയിച്ചു.

രാജ്യത്തുടനീളമുള്ള പെട്രോൾ സ്റ്റഷനുകൾ, വൻകിട സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ വൈകാതെ തന്നെ സെൽഫ് സർവീസ് മെഷീനുകൾ സ്ഥാപിച്ച് തുടങ്ങും. ഈ മെഷീനുകൾ വഴി മുഴുസമയവും എൽ.പി.ജിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ലഭ്യമാക്കും. പുതിയ ഗ്യാസ് സിലിണ്ടറുകൾ വാങ്ങുക, ഒഴിഞ്ഞ സിലിണ്ടറുകൾക്ക് പകരം പുതിയവ മാറ്റിയെടുക്കുക, റെഗുലേറ്ററുകളും മറ്റു അനുബന്ധ സിലിണ്ടർ ഉപകരണങ്ങളും വാങ്ങുക തുടങ്ങി പാചക വാതക വിൽപ്പന മേഖലയിലെ എല്ലാ സേവനങ്ങളും സെൽഫ് സർവ്വീസ് മെഷീനുകളിലുടെയും ലഭിക്കും.

പുതിയ സംവിധാനം നടപ്പിലാക്കുന്നതിലൂടെ രാജ്യത്തെ എൽപിജി വിൽപ്പന മേഖലയിൽ മത്സരത്തിന് വഴി തുറക്കുമെന്നും, ഈ മേഖലയിലെ കുത്തക അവസാനിപ്പിക്കാനാകുമെന്നുമാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. കൂടാതെ എൽപിജി വിൽപ്പന മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും മന്ത്രാലയം ഇതിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്. ഗ്യാസ് കൊണ്ടുപോകുന്നതിന് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന കമ്പനികളിൽ നിന്ന് മന്ത്രാലയം അപേക്ഷകൾ സ്വീരിച്ചു തുടങ്ങി.

സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനുമുള്ള അവസരങ്ങളെ പിന്തുണയ്ക്കുന്നതിൽ അതിന്റെ പങ്ക് വർദ്ധിപ്പിക്കുന്നതിനായി ഫില്ലിംഗ്, സ്റ്റോറേജ് സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും എൽപിജി മൊത്ത വിതരണം ചെയ്യുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണിത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!