‘രണ്ടു പെൺകുട്ടികൾ കരഞ്ഞുകൊണ്ട് ഓടിവന്നു, ഞാൻ രണ്ടുപേരെയും അകത്തുകയറ്റി വാതിലടച്ചു’; ഞെട്ടൽ വിട്ടുമാറാതെ രക്ഷക്കെത്തിയ യുവതി

വള്ളികുന്നം: ‘‘രണ്ടു പെൺകുട്ടികൾ കരഞ്ഞുകൊണ്ട് ഓടിവന്നു; കടയുടെ ഗ്രില്ലിൽ തട്ടി. ഞാൻ ഓടിച്ചെന്ന് രണ്ടുപേരെയും അകത്തുകയറ്റി വാതിലടച്ചു. അവരുടെ പിന്നാലെ വന്നയാളെ  അപ്പോഴേക്കും ഇവരെല്ലാം ചേർന്നു തടഞ്ഞുവച്ചിരുന്നു’’– സമീപത്തെ വീടിന്റെ മതിലിൽ പെയിന്റടിച്ചു കൊണ്ടിരുന്ന തൊഴിലാളികളെ ചൂണ്ടി സുധ പറഞ്ഞു.

ഇലിപ്പക്കുളം ധ്രുവ സ്റ്റോറിനു സമീപത്തെ വീട്ടിൽ സഹായത്തിനു വന്നിരുന്ന സുധയ്ക്ക്  കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിന്റെ നടുക്കം മാറിയിട്ടില്ല. ഈ കടയ്ക്കു സമീപത്തു വച്ചാണ് അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ ശീതളപാനീയം നൽകി പ്രലോഭിപ്പിക്കാൻ ശ്രമിക്കുകയും ശല്യം ചെയ്യുകയും ചെയ്ത ബിഹാർ സ്വദേശിയെ പൊലീസ് പിടികൂടിയത്. ആലുവയിൽ ഇതര സംസ്ഥാനത്തൊഴിലാളി ബാലികയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിനു മുൻപുള്ള സംഭവം ഈ പ്രദേശത്തെയും ഭീതിയിലാഴ്ത്തി.

പ്രതി കുന്ദൻ  ജോലി ചെയ്തിരുന്ന കെട്ടിടത്തിൽ വയറിങ് ജോലി നടക്കുന്നതിനാൽ മൂന്നു ദിവസമായി പണിയില്ല. ഇലിപ്പക്കുളത്തിനു സമീപമാണ് ഇയാൾ താമസം. പല ദിവസവും കടയിൽ നിന്നു സാധനങ്ങൾ വാങ്ങാനെത്തും. തിങ്കളാഴ്ച ഉച്ചയ്ക്ക് ശീതളപാനീയം വാങ്ങി  നൽകിയപ്പോൾ ആദ്യം കുട്ടി വിസമ്മതിച്ചെങ്കിലും നിർബന്ധിച്ചു വാങ്ങിപ്പിച്ചു. ചൊവ്വാഴ്ച 100 രൂപ നൽകാൻ ശ്രമിച്ചതോടെ കുട്ടികൾ കടയിൽ അഭയം തേടിയ സമയത്തു കട പൂട്ടിയിരിക്കുകയായിരുന്നു

സുധ ഓടിയെത്തി ഗ്രിൽ തുറന്ന് കുട്ടികളെ അകത്തേക്കു കയറ്റി. ഇതിനിടെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമമുണ്ടായെന്ന വാർത്ത പരന്നു. രാഷ്ട്രീയ സമ്മർദം മൂലം പൊലീസ് കേസ് എടുക്കാൻ വൈകിയതായും   ആക്ഷേപമുയർന്നിട്ടുണ്ട്. എന്നാൽ സംഭവം നടന്ന ഉടൻ പ്രതിയെ കസ്റ്റഡിയിലെടുത്തെന്നും വൈദ്യ പരിശോധന  നടത്തിയെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം ഇന്നലെ രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും അറിയിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!