എയർഹോസ്റ്റസിൻ്റെ സ്വകാര്യഭാഗങ്ങള്‍ ചിത്രീകരിച്ചു; യാത്രക്കാരനെ പിടികൂടാന്‍ സഹായിച്ചത് വ്‌ളോഗര്‍
മുംബൈ: എയർഹോസ്റ്റസിന്റെ സ്വകാര്യഭാഗങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ യാത്രക്കാരനെ പിടികൂടാന്‍ സഹായിച്ചത് വ്‌ളോഗറായ യുവതി. ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള സ്പൈസ് ജെറ്റിലെ യാത്രക്കാരനാണ് പിടിയിലായത്. വിമാനത്തിൽ ഉണ്ടായിരുന്ന വ്ലോഗർ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
യാത്രക്കാരനായ മധ്യവയസ്കൻ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപെട്ട് വ്ലോഗർ ഉടൻ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചു. തുടർന്ന് ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ വിമാനത്തിൽ നിന്ന് എടുത്ത ക്യാബിൻ ക്രൂവിന്റേതടക്കമുള്ള സ്വകാര്യഭാഗങ്ങളുടെ ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയതായി വ്ലോഗറെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
എസ്.ജി. 157-ലെ യാത്രക്കാരനാണ് ക്യാബിൻ ക്രൂവിന്റെ സ്വകാര്യഭാഗങ്ങൾ മൊബൈലിൽ ചിത്രീകരിച്ചതെന്ന് സ്പൈസ് ജെറ്റ് വക്താവ് സ്ഥിരീകരിച്ചു. ഓഗസ്റ്റ് രണ്ടിനായിരുന്നു സംഭവം. ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് പറന്ന് സ്പൈസ് ജെറ്റിലെ ആദ്യനിരയിലെ യാത്രക്കാരനാണ് ക്യാബിൻ ക്രൂവിന്റെ സ്വകാര്യഭാഗങ്ങൾ മൊബൈലിൽ പകർത്തിയത്. ടേക്ക് ഓഫ് സമയത്ത് ജംബ് സീറ്റിൽ ഇരിക്കുകയായിരുന്നു ക്യാബിൻ ക്രൂ. ഈ സമയത്താണ് ഇയാൾ ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് ഇയാൾ ചിത്രങ്ങൾ ഡീലീറ്റ് ചെയ്ത് മാപ്പ് പറയുകയും ചെയ്തതായി വിമാനധികൃതർ വ്യക്തമാക്കി. യാത്രക്കാരൻ മാപ്പെഴുതി നൽകിയതായും വിമാനധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.