ആദ്യ പകുതിയിൽ ഉന്തും തള്ളും, ഗോളിനെ ചൊല്ലി തർക്കം, നാടകീയ രംഗങ്ങൾ; ടീമിനെ പിൻവലിച്ച് കേരള ബ്ലാസ്റ്റേഴ്സ്, ബെംഗളൂരു സെമിയിൽ – വീഡിയോ
ബെംഗളൂരു: ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു എഫ്സി പ്ലേ ഓഫ് മത്സരത്തിനിടെ മൈതാനത്ത് നാടകീയ രംഗങ്ങൾ. നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാനാകാതെ പോയതോടെ എക്സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിൽ, ബെംഗളൂരു എഫ്സി നേടിയ ഗോളിനെച്ചൊല്ലി തർക്കം. പകരക്കാരനായി ഇറങ്ങിയ മുൻ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി നേടിയ ഗോളാണ് വിവാദത്തിനു കാരണമായത്.
തർക്കം രൂക്ഷമായതോടെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് ടീമിനെ തിരിച്ചുവിളിച്ചു. ഏറെ നേരത്തെ ആശയക്കുഴപ്പത്തിനും തർക്കത്തിനും ചർച്ചകൾക്കുമൊടുവിൽ ബെംഗളൂരു എഫ്സിയെ വിജയികളായി പ്രഖ്യാപിച്ചു. ഇതോടെ ബെംഗളൂരു എഫ്സി ഐഎസ്എൽ സെമിയിലെത്തി.
സംഭവിച്ചതെന്ത്?
എക്സ്ട്രാ ടൈമിൽ ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്തിനു സമീപം ബെംഗളൂരുവിനു ലഭിച്ച ഫ്രീകിക്കാണ് വിവാദത്തിനു തിരികൊളുത്തിയത്. മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ അതിലും നിർണായക പൊസിഷനിൽ ലഭിച്ച ഫ്രീകിക്കിനായി ബ്ലാസ്റ്റേഴ്സ് താരങ്ങൾ തയാറെടുക്കവെ, കിക്കെടുക്കാൻ നിന്ന ബെംഗളൂരു താരം സുനിൽ ഛേത്രി അത് പോസ്റ്റിലേക്ക് അടിക്കുകയായിരുന്നു.
ഈ സമയത്ത് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ പ്രഭ്സുഖൻസിങ് താരങ്ങൾക്ക് നിർദ്ദേശം നൽകാൻ ബോക്സിനുള്ളിൽ മുന്നോട്ടു കയറി നിൽക്കുകയായിരുന്നു. അദ്ദേഹം താരങ്ങളോട് എന്തോ പറയുന്നതിനിടെയാണ് തലയ്ക്കു മുകളിലൂടെ പന്ത് വലയിലെത്തിയത്.
തർക്കം, ബഹിഷ്കരണം
ആദ്യ അന്തിച്ചുപോയ ബ്ലാസ്റ്റേഴ്സ് താരങ്ങൾ, റഫറി ഗോൾ അനുവദിച്ചതോടെ കുപിതരായി. ഇതിനിടെ ബെംഗളൂരു താരങ്ങൾ മൈതാനത്തിന്റെ ഒരു ഭാഗത്ത് ഗോളാഘോഷത്തിലായിരുന്നു. ഗോൾ അനുവദിച്ചതിനെതിരെ ആദ്യം മാച്ച് ഒഫീഷ്യൽസിനോടു പരാതിപ്പെട്ട ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച്, അവർ ഇടപെടാൻ തയാറാകാതിരുന്നതോടെ താരങ്ങളെ തിരികെ വിളിക്കുകയായിരുന്നു. സൈഡ്ലൈനിന് അരികിലെത്തിയ താരങ്ങളുമായി നീണ്ട ചർച്ച നടത്തിയ പരിശീലകൻ, പിന്നീട് അവരുമൊത്ത് മൈതാനത്തുനിന്ന് മടങ്ങി.
ഈ സമയമത്രെയും സംഭവിക്കുന്നത് എന്ത് എന്ന് മനസ്സിലാകാതെ അന്തിച്ചുനിന്ന ബെംഗളൂരു താരങ്ങൾ, ബ്ലാസ്റ്റേഴ്സ് താരങ്ങളെ ശാന്തരാക്കാൻ ശ്രമിക്കുന്നതും കാണായിരുന്നു. ബ്ലാസ്റ്റേഴ്സ് താരം കെ.പി. രാഹുൽ ഇതിനിടെ റഫറിയുമായും തർക്കിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി.
നിശ്ചിത സമയത്തും സമാസമം
നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാനാകാതെ പോയതോടെയാണ് മത്സരം ഇനി എക്സട്രാ ടൈമിലേക്കു നീണ്ടത്. ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണ വാസന കാട്ടിയ ബ്ലാസ്റ്റേഴ്സിന്, ലക്ഷ്യം കാണുന്നതിൽ പിഴച്ചതാണ് വിനയായത്. മറുവശത്ത് ബെംഗളൂരുവിനും ചില സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും ഫലമുണ്ടായില്ല.
പന്തടക്കത്തിലും പാസിങ്ങിലും കേരള ബ്ലാസ്റ്റേഴ്സും, ഫൈനൽ തേഡിലെ മൂർച്ചയുള്ള മുന്നേറ്റങ്ങളിൽ ബെംഗളൂരുവും ആധിപത്യം പുലർത്തുന്ന കാഴ്ചയായിരുന്നു ആദ്യ പകുതിയിൽ. ആവേശമേറിയതോടെ ഇരു ടീമുകളിലെയും താരങ്ങൾ തമ്മിലുള്ള ചെറിയ ഉന്തിനും തള്ളിനും ആദ്യപകുതി സാക്ഷ്യം വഹിച്ചു.
വീഡിയോ കാണുക..
📌
Just Crazy(Historical things ongoing in indian football) #KeralaBlasters vs #BengaluruFC #HeroISL #HeroISLPlayoffs #KBFCBFC #indianfootball pic.twitter.com/sEmGmVojfF— Footballer Ninja (@FootballerNinja) March 3, 2023
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273


