പരസ്യമായി മദ്യപാനം; മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികൾ പിടിയിൽ
താമസസ്ഥലങ്ങൾക്ക് സമീപം തുറസ്സായ സ്ഥലങ്ങളിൽ മദ്യപിച്ചതിനാണ് ഇവരെ പിടികൂടിയത്. പ്രതികളെ പ്രോസിക്യൂഷന് കൈമാറി
അബുദാബി; പൊതുസ്ഥലങ്ങളിൽ മദ്യപിച്ചതിന് മലയാളികൾ ഉൾപ്പെടെ ഒട്ടേറെ വിദേശികൾ അറസ്റ്റിലായി. ഇത്തരം പ്രവണതകൾ വ്യാപകമായ പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കി. ലേബർ ക്യാംപ്, ബാച്ച്‌ലേഴ്സ് താമസ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന.
ഇന്നലെ മുസഫ ഷാബിയ 12ൽ നടന്ന പരിശോധനയിൽ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. താമസസ്ഥലങ്ങൾക്ക് സമീപം തുറസ്സായ സ്ഥലങ്ങളിൽ മദ്യപിച്ചതിനാണ് ഇവരെ പിടികൂടിയത്. പ്രതികളെ പ്രോസിക്യൂഷന് കൈമാറി. കോടതി വിധി അനുസരിച്ച് തടവോ പിഴയോ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കും.
വ്യക്തിഗത ആവശ്യത്തിന് മദ്യം വാങ്ങാൻ (മുസ്‌ലിം അല്ലാത്തവർക്ക്) യുഎഇയിൽ അനുമതിയുണ്ട്. താമസസ്ഥലത്തോ അംഗീകൃത ഹോട്ടലിലോ ടൂറിസം കേന്ദ്രങ്ങളിലോ മദ്യപിക്കാം. തുറസ്സായ സ്ഥലങ്ങളിൽ മദ്യപിക്കരുതെന്നാണ് നിയമം. വ്യക്തികൾ മദ്യം വിൽക്കുന്നതും ശേഖരിക്കുന്നതും നിയമലംഘനമാണ്.
മദ്യപിച്ച് വാഹനം ഓടിച്ചാൽ തടവിനു പുറമെ 50,000 ദിർഹം (11.31 ലക്ഷം രൂപ) വരെ പിഴയും ലഭിക്കാം. ചില കേസുകളിൽ നാടുകടത്തലുമുണ്ടാകും. ഷാർജ എമിറേറ്റിൽ മദ്യം വാങ്ങാനോ വിൽക്കാനോ ഉപയോഗിക്കാനോ പാടില്ലെന്നാണ് നിയമം.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക