പട്ടിണിമാറ്റാൻ വീട്ടു ജോലിക്കെത്തി ദുരിതത്തിലായ മൂന്ന് ഇന്ത്യൻ വനിതകൾ കൂടി നാട്ടിലേക്ക് മടങ്ങി

ദമ്മാം: കുടുംബത്തെ കരകയറ്റാനായി സൌദിയിലെത്തി ദുരിതത്തിലായ മൂന്ന് ഇന്ത്യൻ വനിതകൾ കൂടി നാട്ടിലേക്ക് മടങ്ങി. ബീഹാർ സ്വദേശി നജ്മിൻ ബീഗം, കർണാടക ബംഗ്ലൂർ സ്വദേശി അസ്മത്ത് താജ്, തെലുങ്കാന ഹൈദ്രബാദ് സ്വദേശി സാക്കിൻ ഫാത്തിമ എന്നിവരാണ് നാട്ടിലേക്ക് മടങ്ങിയത്.

ഒരു വർഷത്തോളം ജോലി ചെയ്ത നജ്മിൻ ഒടുവിൽ നാല് മാസത്തെ ശമ്പളം ലഭിക്കാതയതോടെയാണ് വീട് വിട്ടിറങ്ങി എംബസിയിൽ അഭയം തേടിയത്. ആദ്യ സ്പോൺസർ ഹുറൂബിൽ പെടുത്തിയ അസ്മിൻ താജ് നാല് വർഷമായി സൗദിയിലെത്തിയിട്ട്. ഒടുവിൽ നാട്ടിലേക്ക് മടങ്ങാൻ എംബസിയെ സമീപിക്കുകയായിരുന്നു. ജോലിക്കെത്തിയ വീട്ടിലെ ദുരിതം കാരണം എംബസിയിലെത്തിയതാണ് സാക്കിൻ ഫാത്തിമ. എട്ട് മാസമായി എംബസി അഭയ കേന്ദ്രത്തിൽ കഴിഞ്ഞു വരികയായിരുന്നു.

കയറിക്കിടക്കാൻ ഒരിടം എന്ന സ്വപ്നവുമായാണ് ബീഹാർ സ്വദേശിനി നജ്മിൻ ബീഗം  സൗദിയിൽ എത്തിയത്. കുടുംബത്തെ കരകയറ്റാൻ എത്തിയ കർണാടക സ്വദേശിനിയും സ്വപ്നങ്ങൾ ബാക്കിയാക്കി നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. വീട്ടു ജോലിക്കായി സൗദിയിൽ എത്തിയ നജ്മിൻ ബീഗവും, അസ്മത്തുമാണ് ഹുറൂബിന്റെ (സ്പോൺസറുടെ അടുത്ത് നിന്ന് ഒളിച്ചോടൽ പരാതി) കുരുക്കിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയത്.

കയറിക്കിടക്കാൻ ഒരിടം എന്ന സ്വപ്നവുമായാണ് പത്തു മാസം മുമ്പ് നജ്മിൻ ബീഗം സൗദിയിൽ എത്തിയത്. വിമാനമിറങ്ങി സ്വദേശിയുടെ വീട്ടിലെത്തിയതു മുതൽ വീട്ടിലുള്ളവരുടെ ഇടപെടലും പെരുമാറ്റവും മോശമായിരുന്നുവെന്ന് പറയുന്നു. കൃത്യമായി ഭക്ഷണമോ ജോലി സാഹചര്യമോ ഇല്ലാതെ രാപ്പകൽ കഷ്ടപ്പെടുത്തുകയായിരുന്നുവെന്നും ആരോപിച്ചു. ശമ്പളം ചോദിച്ചാൽ ദിവസങ്ങൾ തള്ളി നീക്കും. ശകാരങ്ങൾ കൊണ്ട് പൊറുതിമുട്ടിയ നജ്മിൻ പത്തു മാസത്തിനു ശേഷം മൂന്നര മാസത്തെ ശമ്പളം ഉപേക്ഷിച്ച് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

അൽഖോബാർ റാക്കയിലുള്ള ഇന്ത്യൻ എംബസി പുറം കരാർ എജൻസിയായ വിഎഫ് എസ് ഓഫീസിൽ എത്തിച്ചേർന്ന നജ്മിനെക്കുറിച്ച് അവിടെയുള്ള ഉദ്യോഗസ്ഥർ അറിയിച്ചതനുസരിച്ച് സാമൂഹിക പ്രവർത്തക മഞ്ജുവും സഹപ്രവർത്തകരും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നജ്മിനെ അടുത്തുള്ള പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു. പൊലീസ് നടപടി പൂർത്തീകരിച്ച് നജ്മിനെ മഞ്ജുവിന്റെ കൂടെ പറഞ്ഞു വിടുകയായിരുന്നു.

നജ്മിന്റെ ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാനും മറ്റു നടപടി ക്രമങ്ങൾ പൂർത്തീകരിക്കാനുമായി രണ്ടു മാസം സമയമെടുത്തു. ഇന്ത്യൻ എംബസിയിൽ നിന്ന് ഔട്ട് പാസ് എടുത്ത് ദമാം തർഹീൽ വഴി നാട്ടിലേയ്ക്ക് മടങ്ങി. ഹൈദരാബാദ് അസോസിയേഷൻ സാരഥി മിർസ ബെയ്ഗാണ് വിമാന ടിക്കറ്റ് നൽകിയത്.

കർണാടക ബാംഗ്ലൂർ സ്വദേശിനി അസ്മത്ത് നാല് വർഷം മുൻപാണ് തന്റെ കുടുംബത്തിന്റെ  പട്ടിണി മാറ്റാനായി പ്രവാസം തിരഞ്ഞെടുത്തത്. ഏറെ ദുരിതപൂർണമായ ജീവിതാവസ്ഥയിലും എല്ലാം സഹിച്ചുകൊണ്ട് അസ്മത്ത് പിടിച്ചു നിൽക്കുകയായിരുന്നു. ആദ്യത്തെ സ്‌പോൺ്‌സറുടെ അടുത്ത് നിന്ന് ഒളിച്ചോടി വേറൊരു സ്വദേശിയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്.

മൂവരുടെയും നടപടികൾ പൂർത്തിയാക്കുന്നതിന് സാമൂഹ്യ പ്രവർത്തക മഞ്ജുവും മണികുട്ടനും നേതൃത്വം നൽകി. ആദ്യത്തെ സ്‌പോൺസർ അസ്മത്തിനെ നേരത്തെ ഹുറൂബാക്കിയിരുന്നത് കൊണ്ട് നാട്ടിലേയ്ക്ക് മടങ്ങുന്നതിനു വേണ്ടിയാണ് ഇന്ത്യൻ എംബസിയെ സമീപിച്ചത്. എംബസി ഔട്ട് പാസ് നൽകി തർഹീലിൽ നിന്ന് എക്‌സിറ്റ് അടിപ്പിച്ചു നാട്ടിലേയ്ക്ക് അയക്കുന്നതിന് സാമൂഹിക പ്രവർത്തക മഞ്ജു മണിക്കുട്ടനെ ചുമതലപ്പെടുത്തകയും ചെയ്തു. ദമാം തർഹീൽ മേധാവിയെ നേരിൽ കണ്ട മഞ്ജു അസ്മത്തിനു എക്‌സിറ്റ് നേടുകയും മിർസ ബെയ്ഗ് നൽകിയ വിമാന ടിക്കറ്റിൽ കഴിഞ്ഞ ദിവസം നാട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

Share
error: Content is protected !!