പിതാവിനെ കാണാൻ ഗൾഫിലെത്തിയ മലയാളി മെഡിക്കൽ വിദ്യാർത്ഥി വാഹനപകടത്തിൽ മരിച്ചു

ഒമാനിലെ മസ്കറ്റിൽ വാഹനാപകടത്തിൽ മലയാളി എം.ബി.ബി.എസ് വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂര്‍ കുടുക്കിമൊട്ട സ്വദേശി റാഹിദ് മുഹമ്മദ് റഫീഖ് (20) ആണ് മരിച്ചത്. ദുബൈയില്‍ നിന്ന് കസബിലേക്ക് പോവുകയായിരുന്ന ഹെവി പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.

ഈജിപ്തില്‍ എം.ബി.ബി.എസിനു പഠിക്കുന്ന റാഹിദ് ഒരാഴ്ച മുമ്പ് കസബില്‍ ജോലി ചെയ്യുന്ന പിതാവിന്റെ അടുത്ത് വന്നതായിരുന്നു. പിതാവിന്റെ സഹോദരീപുത്രനോടൊപ്പം ഹെവി പിക്കപ്പ് വാഹനത്തില്‍ ദുബൈയില്‍ പോയി മടങ്ങിവരവെ ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്.

കസബില്‍ നിന്ന് ഏതാണ്ട് പത്തു കിലോമീറ്റര്‍ അകലെ ഹറഫില്‍വെച്ച് ഇവര്‍ സഞ്ചരിച്ച പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. റോഡില്‍ തെറിച്ചു വീണ റാഹിദ് അപകട സ്ഥലത്തു വെച്ച്തന്നെ മരിച്ചു. റോയല്‍ ഒമാന്‍ പോലീസ് സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചു.

പിതാവ് മുഹമ്മദ് റഫീഖ് ഇപ്പോള്‍ ഖസബിലാണ് ഉള്ളത്. മാതാവ് തസ്ലീമ മുഹമ്മദ് റഫീഖ്, മൂന്ന് സഹോദരിമാരും നാട്ടിലാണ്.

മൃതദേഹം കസബ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കെഎംസിസി യുടെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഖസബില്‍ തന്നെ കബറടക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി കസബ് കെഎംസിസി പ്രസിഡണ്ട് സിദ്ദിഖ് കണ്ണൂര്‍ അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
Share
error: Content is protected !!