ടാക്സി ചട്ടങ്ങൾ പരിഷ്കരിച്ചു; മീറ്റർ പ്രവർത്തിപ്പിക്കാത്ത ട്രിപ്പുകൾ സൗജന്യ യാത്രയായി കണക്കാക്കും, യാത്രക്കാരും ടാക്സി ജീവനക്കാരും ഇക്കാര്യങ്ങൾ അറിയണം
സൗദിയിൽ പൊതു ടാക്സി ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പരിഷ്കരിച്ചു. മീറ്റർ പ്രവർത്തിപ്പിക്കാത്ത യാത്രക്ക് യാത്രക്കാർ പണമടക്കേണ്ടതില്ലെന്നും ഇത്തരം യാത്രകൾ സൌജന്യയാത്രയായി കണക്കാക്കുമെന്നും പരിഷ്കരിച്ച നിയമങ്ങളിൽ വ്യക്തമാക്കുന്നു. പൊതു, കുടുംബ ടാക്സി യാത്രകൾ, എയർപോർട്ട് യാത്രകൾ എന്നിവക്കെല്ലാം ഈ ചട്ടങ്ങൾ ബാധകമാണ്. ടാക്സി യാത്ര നിരക്ക്, ബ്രോക്കർ നിരക്ക്, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അടുത്തിടെ അംഗീകരിച്ച നിയമങ്ങളിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങളുള്ളത്.
ടാക്സി നിയമങ്ങൾ കൃത്യമായി പാലിക്കാത്ത ഡ്രൈവർമാരുടെ ലൈസൻസുകൾ പിൻവലിക്കും. അഗ്നിശമന ഉപകരണം, പ്രതിഫലിക്കുന്ന സുരക്ഷാ ത്രികോണം, ഫസ്റ്റ് എയ്ഡ് ബാഗ്, സ്പെയർ ടയർ, ടയർ മാറ്റാനുള്ള ഉപകരണങ്ങൾ എന്നിവ വാഹനത്തിൽ കരുതിയിരിക്കണം. കൂടാതെ കാറിന്റെ അവസ്ഥയും അതിന്റെ അറ്റകുറ്റപ്പണികളും, കാറിന്റെ ആന്തരികവും ബാഹ്യവുമായ വൃത്തിയും രൂപവും പൂർണ്ണമായി പരിപാലിക്കേണ്ടതാണ്. കാറിനുള്ളിൽ പുകവലി പാടില്ല എന്ന ബോഡ് സ്ഥാപിക്കണമെന്നും ചട്ടങ്ങൾ അനുശാസിക്കുന്നു.
യാത്രക്കാരൻ ആവശ്യപ്പെടുന്ന സമയത്ത് സേവനം നൽകാതിരിക്കാൻ ഡ്രൈവർക്കോ അംഗീകൃത വ്യക്തിക്കോ അനുവാദമില്ല. എന്നാൽ യാത്രക്കാരുടെ എണ്ണം കാറിൽ അനുവദിച്ചിരിക്കുന്ന യാത്രക്കാരുടെ എണ്ണത്തേക്കാൾ കൂടുതലാണെങ്കിൽ യാത്ര നിഷേധിക്കാൻ ഡ്രൈവർക്ക് അധികാരമുണ്ടാകും. കൂടാതെ യാത്രക്കാർ കാറിനുള്ളിൽ പുകവലിക്കുക, ഭക്ഷണം കഴിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, യാത്രക്കാർ കാറിന്റെ ഉപകരണങ്ങളും സ്റ്റിക്കറുകളും നശിപ്പിക്കുക തുടങ്ങിയ അസാധാരണമായ സാഹചര്യങ്ങളിലും ഡ്രൈവർക്ക് യാത്ര നിഷേധിക്കാം.
കാറിനകത്ത് യാത്രക്കാർ ശുചിത്വം പാലിക്കാതിരിക്കുക, പൊതു ധാർമ്മികത പാലിക്കാതിരിക്കുക, ഡ്രൈവറുമായി മാന്യമായി വർത്തിക്കാതിരിക്കുക, ഡ്രൈവറുടെ അല്ലെങ്കിൽ അംഗീകൃത വ്യക്തിയുടെ സ്വകാര്യത ലംഘിക്കുക, യാത്രക്കാർ മയക്ക് മരുന്ന് ഉപയോഗിക്കുക, ആക്രമണാത്മക പെരുമാറ്റം, അജ്ഞാതമായതോ സുരക്ഷിതമായതോ അല്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര ആവശ്യപ്പെടുക തുടങ്ങിയ സാഹചര്യങ്ങളിലും ഡ്രൈവർമാർക്ക് യാത്ര നിഷേധിക്കാൻ അനുവാദമുണ്ട്.
വനിതകൾ ഓടിക്കുന്ന ടാക്സികളിൽ യാത്ര ചെയ്യുമ്പോൾ പ്രായപൂർത്തിയായ ഒരു സ്ത്രീയെങ്കിലും യാത്രക്കാരിൽ ഉണ്ടായിരിക്കണം. വനിതാ ടാക്സിയിൽ ഏതെങ്കിലും പുരുഷ കൂട്ടാളികളോ കുട്ടികളോ മുൻസീറ്റിൽ ഇരിക്കുകയോ കാറിനുള്ളിൽ ഒറ്റയ്ക്ക് ഇരിക്കുകയോ ചെയ്താൽ ഡ്രൈവർക്ക് യാത്ര നിരസിക്കാമെന്ന് നിയന്ത്രണങ്ങൾ സൂചിപ്പിച്ചു.
മൂന്ന് വർഷത്തേക്കാണ് ടാക്സികൾ പ്രവർത്തിപ്പിക്കാനുളള ലൈസൻസുകൾ അനുവദിക്കുന്നത്. എന്നാൽ ലൈസൻസ് കാലാവധിക്ക് ശേഷമോ, ലൈസൻസ് റദ്ദാക്കുകയോ സസ്പെൻ്റ് ചെയ്യുകയോ ചെയ്താൽ ഇത്തരം ജോലികളിൽ നിന്ന് വിട്ട് നിൽക്കേണ്ടതാണ്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക