വിവാഹ മോചനത്തിന് കാരണം അച്ഛനും അമ്മയും ആണെന്ന് കരുതി വെട്ടിക്കൊന്നു; അഞ്ചുമാസം മുന്‍പേ കത്തി വാങ്ങി, കൈ കൂപ്പി പൊട്ടിക്കരഞ്ഞ് പ്രതി

പത്തനംതിട്ട: തിരുവല്ല പുളിക്കീഴ് നാക്കടയില്‍ വയോധിക ദമ്പതിമാരെ മകന്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പോലീസ്. കൃത്യം നടത്താനായി പ്രതി അനില്‍ അഞ്ചുമാസം മുന്‍പേ ആയുധം വാങ്ങിയിരുന്നതായും മാതാപിതാക്കളെ കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയാണെന്നും തിരുവല്ല ഡിവൈ.എസ്.പി. അര്‍ഷാദ് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ കുടുംബജീവിതം തകര്‍ത്തത് അച്ഛനും അമ്മയും ആണെന്നാണ് പ്രതി കരുതിയിരുന്നത്. ഈ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും ഡിവൈ.എസ്.പി. വ്യക്തമാക്കി.

പുളിക്കീഴ് നാക്കട ആശാരിപ്പറമ്പില്‍ കൃഷ്ണന്‍കുട്ടി (76), ഭാര്യ ശാരദ എന്നിവരെയാണ് ഇവരുടെ ഇളയമകനായ അനില്‍ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെ ദമ്പതിമാരുടെ വീട്ടിലായിരുന്നു സംഭവം. മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വെട്ടുകത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അനിലിനെ പോലീസും നാട്ടുകാരും ഏറെ സാഹസികമായാണ് കീഴ്‌പ്പെടുത്തിയത്.

മാതാപിതാക്കളെ കൊല്ലാനായി അഞ്ചുമാസം മുന്‍പേ കത്തി വാങ്ങിവെച്ചിരുന്നതായാണ് പ്രാഥമിക ചോദ്യംചെയ്യലില്‍ അനില്‍ നല്‍കിയ മൊഴി. പരുമല ഉത്സവച്ചന്തയില്‍നിന്നാണ് കത്തിവാങ്ങിയത്. തുടര്‍ന്ന് കൃത്യം ആസൂത്രണം ചെയ്യുകയും വ്യാഴാഴ്ച രാവിലെ മാതാപിതാക്കളെ കൊലപ്പെടുത്തുകയുമായിരുന്നു.

 

 

14 വര്‍ഷം മുന്‍പ് അനിലിന്റെ വിവാഹം കഴിഞ്ഞിരുന്നെങ്കിലും വൈകാതെ ഭാര്യ വിവാഹമോചനം നേടി. ഇതിനുകാരണം തന്റെ മാതാപിതാക്കളാണെന്നാണ് അനില്‍ കരുതിയത്. തന്റെ വിവാഹജീവിതം തകര്‍ത്തത് മാതാപിതാക്കളാണെന്ന് കരുതിയിരുന്ന പ്രതി ഇരുവരെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് വ്യാഴാഴ്ച രാവിലെ കൃത്യം നടത്തിയതെന്നും ഇത് ആസൂത്രിതമായ കൊലപാതകമാണെന്നും പോലീസ് പറഞ്ഞു. പ്രതിയെ പ്രാഥമികമായ ചോദ്യംചെയ്യലിന് ശേഷം വ്യാഴാഴ്ച വൈകിട്ടോടെ വൈ്ദ്യപരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിനുശേഷം കോടതിയില്‍ ഹാജരാക്കും.

 

അതിനിടെ, രാവിലെ മാതാപിതാക്കളെ കൊലപ്പെടുത്തിയതിന് പിന്നാലെ ചിരിച്ചുകൊണ്ടുനിന്ന അനില്‍, പോലീസ് കസ്റ്റഡിയില്‍ മാധ്യമങ്ങളെ നോക്കി കൈക്കൂപ്പി കരയുകയായിരുന്നു. സ്റ്റേഷനില്‍നിന്ന് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതി കൈക്കൂപ്പി പൊട്ടിക്കരഞ്ഞത്. രാവിലെ കൃത്യം നടത്തിയ ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി, ‘ഞാന്‍ എന്റെ കര്‍മം ചെയ്തു, ആരും ഇങ്ങോട്ട് വരേണ്ട’ എന്നുപറഞ്ഞെന്നായിരുന്നു നാട്ടുകാരുടെ പ്രതികരണം. ഇതിനുശേഷം ഏറെ പണിപ്പെട്ടാണ് പോലീസും നാട്ടുകാരും പ്രതിയെ കീഴ്‌പ്പെടുത്തിയത്. പിന്നാലെ പോലീസ് ജീപ്പിലും പ്രതി ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!