സൗദിയിൽ കാറപകടം; ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു

മദീനക്ക് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ആറുപേർ മരിച്ചു. മഹ്ദു ദഹബ് പട്ടണത്തേയും മദീനയെയും ബന്ധിപ്പിക്കുന്ന ഖുറൈദ റോഡിലാണ് സൗദി കുടുംബം സഞ്ചരിച്ച കാറപകടമുണ്ടായത്. കുടുംബാംഗങ്ങളായ ആറു പേരാണ് മരിച്ചത്. സൗദി സൈനികനായ കുടുംബനാഥനും ഭാര്യയും ഒരു മകനും മൂന്നു പെൺമക്കളുമാണ് മരിച്ചത്. ഒരു ബാലൻ പരിക്കുകളോടെ രക്ഷപ്പെട്ടു.

രണ്ടു വർഷം മുമ്പ് ദക്ഷിണ സൗദി അതിർത്തിയിൽ നിയമിക്കപ്പെട്ട സൈനികനും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. കുടുംബത്തെ ദക്ഷിണ സൗദിയിലേക്ക് മാറ്റാൻ തീരുമാനിച്ച സഹോദരൻ ഭാര്യയെയും മക്കളെയുമായി തബൂക്കിൽ നിന്ന് ദക്ഷിണ സൗദിയിലേക്ക് പോകുന്നതിനിടെയാണ് ഖുറൈദ റോഡിൽ വെച്ച് കാർ അപകടത്തിൽ പെട്ടതെന്ന് സൈനികെൻറ സഹോദരൻ സയ്യാഫ് അൽശഹ്റാനി പറഞ്ഞു.

പരിക്കുകളോടെ രക്ഷപ്പെട്ട അഞ്ചു വയസുകാരനെ റെഡ് ക്രസൻറ് എയർ ആംബുലൻസിൽ മദീന മെറ്റേണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലെൻറ ആരോഗ്യനില തൃപ്തികരമാണ്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!