വൈദേകം റിസോർട്ടിലെ ലക്ഷങ്ങളുടെ ഓഹരികൾ ഒഴിവാക്കാൻ ജയരാജൻ്റെ കുടുംബം; തീരുമാനം റെയ്ഡിന് പിന്നാലെ

കണ്ണൂർ മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ടിലുള്ള ഓഹരികൾ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ കുടുംബം ഒഴിവാക്കും. മറ്റാര്‍ക്കെങ്കിലും ഓഹരികള്‍ കൈമാറാനാണ് ഉദ്ദേശിക്കുന്നത്. ജയരാജന്റെ ഭാര്യ ഇന്ദിരയും മകന്‍ ജെയ്‌സണുമാണ് ഓഹരി കൈമാറാൻ ആലോചിക്കുന്നത്. 9,199 ഓഹരിയാണ് ഇരുവർക്കുമുള്ളത്. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്‌സണ് 10 ലക്ഷം രൂപയുടേയും ഓഹരി പങ്കാളിത്തമുണ്ട്. റിസോർട്ടുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. മുൻ എംഡി കെ.പി.രമേശ് കുമാറിനും മകള്‍ക്കും 99.99 ലക്ഷംരൂപയുടെ 9,999 ഷെയറുകളുണ്ട്. വ്യക്തിയെന്ന നിലയിൽ ഇന്ദിരയ്ക്കാണ് കൂടുതൽ ഷെയറുകൾ. സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി.ജയരാജനാണ് റിസോർട്ടിനെ സംബന്ധിച്ച് പാർട്ടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്.

 

വൈദേകം ആയുർവേദ റിസോർട്ടിന് ആദായനികുതി വകുപ്പ് നോട്ടിസ് നൽകിയിട്ടുണ്ട്. ടാക്സ് ഡിഡക്‌റ്റഡ് അറ്റ് സോഴ്സ് (ടിഡിഎസ്) വിഭാഗമാണു നോട്ടിസ് നൽകിയത്. റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട കരാറുകളുടെ വിശദാംശങ്ങളും രേഖകളും മാത്രമല്ല, ഉടമകളുടെ നിക്ഷേപം സംബന്ധിച്ച രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്. വൈദേകത്തിന്റെ ഉടമസ്ഥരായ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഷെയർ ഉടമകൾ ആരൊക്കെയാണെന്നും അവർക്ക് എത്ര വീതം ഓഹരികൾ ഉണ്ടെന്നും ആരാഞ്ഞാണു നോട്ടിസ് നൽകിയത്. റിസോർട്ടിനായി ഭൂമി വാങ്ങിയതിന്റെ വിശദാംശങ്ങളും രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

നിർമാണം നടത്തിയ കരാറുകാരിൽ നിന്ന് ഈടാക്കിയ നികുതി കൃത്യമായി അടച്ചിട്ടുണ്ടോയെന്നു നോക്കുന്നതായാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, ഉടമകളുടെ നിക്ഷേപം സംബന്ധിച്ച വിശദാംശങ്ങൾ തേടിയതിൽ നിന്ന്, റിസോർട്ടിന്റെ സാമ്പത്തിക സ്രോതസും പണമിടപാടുകളും സംബന്ധിച്ചു വ്യക്തത വരുത്തുകയാണു യഥാർഥ ലക്ഷ്യമെന്നു സൂചനയുണ്ട്. ടിഡിഎസ് വിഭാഗം കഴിഞ്ഞ 2ന് വൈദേകത്തിൽ പരിശോധന നടത്തിയിരുന്നു. കമ്പനിയുടെ ഷെയർ ഉടമകളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും നേരത്തേ തന്നെ സർക്കാരിന്റെ കൈവശമുണ്ടെന്നും എന്നാൽ ആവശ്യപ്പെട്ട് സ്ഥിതിക്ക് പൂർണ വിവരങ്ങൾ വീണ്ടും നൽകിയിട്ടുണ്ടെന്നും വൈദേകം റിസോർട്ട് അധികൃതർ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!