ഓൺലൈൻ തട്ടിപ്പ് കേസിൽ സൗദി ജയിലിലായ മലയാളിക്ക് ജാമ്യം അനുവദിച്ചു

ഓണ്‍ലൈന്‍ തട്ടിപ്പിൽ സൗദി പൗരന് പണം നഷ്ടമായ കേസിൽ ജയിലിലായിരുന്ന പാലക്കാട് സ്വദേശിക്ക് ജാമ്യം അനുവദിച്ചു.  പാലക്കാട് പറളി സ്വദേശി അബ്ദുറശീദിനാണ് റിയാദ് ക്രിമിനല്‍ കോടതി ജാമ്യം നല്‍കിയത്. അബഹയിലെ റിജാല്‍ അല്‍മയില്‍ താമസിക്കുന്ന സൗദി പൗരന്‍ നല്‍കിയ പരാതിയെ തുടർന്നായിരുന്നു അബ്ദു റഷീദ് ജയിലിയായത്. ഓണ്ലൈൻ തട്ടിപ്പിലൂടെ 19,000 റിയാല്‍ നഷ്ടപ്പെട്ടെന്നായിരുന്നു സൗദി പൗരൻ നൽകിയ കേസ്.

ഒരു വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍ററില്‍ നിന്നാണെന്ന് പറഞ്ഞ് അജ്ഞാതര്‍ സൗദി പൗരനെ വിളിച്ചതോടെയാണ് തട്ടിപ്പിന് തുടക്കം. ബാങ്ക് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് ഒ.ടി.പി ആവശ്യപ്പെടുകയും ചെയ്തു. ഇവര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറിയതോടെ ഇദ്ദേഹത്തിന്‍റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 19,000 റിയാല്‍ മൂന്നു ഘട്ടമായി നഷ്ടപ്പെട്ടു. പണം പോയതറിഞ്ഞതോടെ ഇദ്ദേഹം രിജാല്‍ അല്‍മാ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് അന്വേഷണത്തിൽ അറബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടിലേക്കാണ് സൗദി പൗരൻ്റെ പണം ട്രാൻസ്ഫർ ചെയ്തതെന്ന് കണ്ടെത്തി. തട്ടിപ്പ് സംഘം സ്വദേശി പൌരനെ വിളിച്ച ഫോണ്‍ നമ്പര്‍ ട്രാക്ക് ചെയ്തപ്പോള്‍ റിയാദില്‍ ജോലി ചെയ്യുന്ന അബ്ദുറശീദിന്‍റെ ഇഖാമയില്‍ എടുത്ത മൊബൈല്‍ നമ്പറാണെന്നും കണ്ടെത്തി. തുടര്‍ന്ന് കേസ് റിയാദ് അല്‍ഖലീജ് പൊലീസിലേക്ക് മാറ്റി.

പൊലീസ് അബ്ദുറശീദിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു വിട്ടയച്ചു. അബ്ദുറശീദിനും അറബ് നാഷണൽ ബാങ്കിൽ അക്കൗണ്ടുണ്ടായിരുന്നു. വീണ്ടും പൊലീസ് സ്‌റ്റേഷനില്‍ നിന്ന് വിളിച്ചപ്പോള്‍ അബ്ദുറശീദ് അതിന് മറുപടി നല്‍കിയില്ല. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

ഇന്ത്യക്കാരനാണ് തന്നെ വിളിച്ചതെന്നും അദ്ദേഹത്തിന്‍റെ അക്കൗണ്ടിലേക്കാണ് പണം ട്രാന്‍സ്ഫര്‍ ആയതെന്നും അതിനാല്‍ പണം തിരിച്ചുകിട്ടണമെന്നും അദ്ദേഹത്തെ ശിക്ഷിക്കണമെന്നുമാണ് സൗദി പൗരന്‍ പബ്ലിക് പ്രോസിക്യൂഷനില്‍ ആവശ്യപ്പെട്ടിരുന്നത്.

താന്‍ ആരുടെയും പണം തട്ടിയെടുത്തിട്ടില്ലെന്നും തന്‍റെ അക്കൗണ്ടില്‍ ആരുടെയും പണം എത്തിയിട്ടില്ലെന്നും ശമ്പളമല്ലാത്ത മറ്റൊരു പണം അക്കൗണ്ടിലില്ലെന്നും അബ്ദുറശീദ് കോടതിയില്‍ പറഞ്ഞു.

അബ്ദുറശീദ് ആണ് തന്നെ വിളിച്ചതെന്നും പണം റശീദിന്‍റെ അക്കൗണ്ടിലേക്കാണ് പോയതെന്നും സ്ഥിരീകരിക്കാന്‍ സൗദി പൗരന് സാധിച്ചില്ല. തുടര്‍ന്ന് റശീദിനെ ജാമ്യത്തില്‍ വിടുകയായിരുന്നു.

കേസില്‍ ഇന്ത്യന്‍ എംബസി വളന്‍റിയറും റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിങ് ചെയര്‍മാനുമായ സിദ്ദീഖ് തുവ്വൂരും പാലക്കാട് കെ.എം.സി.സി നേതാക്കളും വിവിധ ഘട്ടങ്ങളില്‍ റശീദിന് സഹായത്തിനുണ്ടായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!