ചിട്ടയില്ലാത്ത ജീവിതവും ആഹാരക്രമവുമാണ് എന്നെ ആശുപത്രിയിലാക്കിയത് – അന്ന് സുബി പറഞ്ഞു – വീഡിയോ
സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാളികള്‍. കുറച്ച് നാളായി ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്ന സുബി കരള്‍രോഗ ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. തന്റെ ജീവിതശൈലിയും മടിയുമാണ് ആരോഗ്യനില വഷളാക്കിയതെന്ന് മാസങ്ങള്‍ക്ക് മുന്‍പ് തന്റെ യൂട്യൂബ് ചാനലിലിട്ട വീഡിയോയില്‍ സുബി പറഞ്ഞിരുന്നു. എല്ലാവരും വിചാരിക്കും കാശുണ്ടാക്കാനായി നടന്നു എന്ന്. അങ്ങനെയല്ല. ദീര്‍ഘ നാളായി ഷോകളും പരിപാടികളും ഇല്ലാതിരുന്ന് വീണ്ടും തിരക്കായപ്പോള്‍ ആരോഗ്യം ശ്രദ്ധിക്കാതെ ഓടിയതിന്റെ ഫലമാണ് തന്റെ ആശുപത്രിവാസമെന്നും സുബി വീഡിയോയില്‍ പറയുന്നുണ്ട്.
സുബിയുടെ വാക്കുകള്‍
‘കുറച്ചു നാളായി വിഡിയോകളൊന്നും ഇടാത്തതിനു കാരണം എന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഞാന്‍ ഒന്നു വര്‍ക്ഷോപ്പില്‍ കയറി. എന്റെ കൈയിലിരുപ്പ് കൂടി കുറച്ചു നന്നാകണമല്ലോ, വേറൊന്നുമല്ല സമയത്തിന് ആഹാരം കഴിക്കുക, മരുന്നുകള്‍ കൃത്യമായി കഴിക്കുക ഇങ്ങനെയുള്ള യാതൊരു നല്ല ശീലവും ഇല്ലാത്തതു കൊണ്ട് എല്ലാം കൂടി ഒരുമിച്ചു വന്നു. ഒരു ഷൂട്ടിനു പോകേണ്ടതിന്റെ തലേദിവസം മുതല്‍ ഒട്ടും വയ്യാതെയായി. ശരീരവേദന, നെഞ്ചുവേദന, ഗ്യാസ്ട്രിക് പ്രശ്നം, ഫുഡൊന്നും കഴിക്കാന്‍ പറ്റിയില്ല. വല്ലാത്ത ഛര്‍ദിയും ഉണ്ടായിരുന്നു. ഒരു കരിക്കിന് വെള്ളം കുടിച്ചാല്‍ പോലും ഛര്‍ദിക്കുമായിരുന്നു.
രണ്ട് ദിവസം ആഹാരം കഴിക്കാതിരുന്നാല്‍ എന്റെ ശരീരം താങ്ങില്ലല്ലോ. അങ്ങനെ വല്ലാതെ തളര്‍ന്നു പോയി. ഗ്യാസ്ട്രിക് പ്ലോബ്ലം ഒക്കെ വന്നപ്പോള്‍ നെഞ്ചും പുറവുമൊക്കെ ഭയങ്കര വേദന. എനിക്ക് ടെന്‍ഷനായി. ഷോള്‍ഡറിന് വേദന വന്നപ്പോള്‍ തിരുവനന്തപുരത്തൂന്ന് ഇസിജി എടുത്തു നോക്കി. മനുഷ്യന്റെ കാര്യമല്ലേ? അതില്‍ കുഴപ്പമൊന്നും ഇല്ലായിരുന്നു. പക്ഷേ കുറച്ച് പൊട്ടാസ്യം കുറവുണ്ടായിരുന്നു. അത് നേരത്തെ എന്നെ ചികിത്സിച്ചിരുന്ന രാജഗിരിയിലെ ഡോക്ടറും പറഞ്ഞിരുന്നു. അതൊക്കെ കഴിഞ്ഞിട്ടും ഞാന്‍ മരുന്നൊന്നും കറക്ടായിട്ട് കഴിച്ചില്ല. ഷൂട്ടും യാത്രയുമൊക്കെയായി നടന്നു.
എല്ലാവരും വിചാരിക്കും കാശുണ്ടാക്കാനായി നടന്നു എന്ന്. എന്നാല്‍ അങ്ങനെയല്ല. കുറേ നാളായി പ്രോഗ്രാം ഒന്നുമില്ലാതിരുന്നിട്ട് ഒരു പ്രോഗ്രാം കിട്ടുമ്പോള്‍ വീട്ടിലിരിക്കാന്‍ ഇഷ്ടമില്ലാതെ പ്രോഗ്രോമിനായി പോകും. ഒരു പ്രോഗ്രാം ചെയ്യാനായി ആര്‍ത്തിയുള്ള ഒരാളാണ്. പൈസയോടല്ല, വര്‍ക്ക് ചെയ്യാനായി ക്രെയ്സ് ആണെനിക്ക്. കൂടെ കട്ടക്ക് നില്‍ക്കാനായി ഫാമിലിയുമുണ്ട്. യാത്ര ചെയ്യാന്‍ അനിയനുമുണ്ട്. അപ്പോള്‍ ജോളിയായിട്ട് അങ്ങു പോകാമല്ലോ എന്നു വിചാരിച്ച് ഒന്നും ശ്രദ്ധിക്കാതെ നടന്നു. സമയത്ത് ആഹാരം കഴിക്കാത്തതിന്റെ പേരില്‍ അനിയനും അമ്മയുമൊക്കെ വഴക്കു പറയും. ആഗ്രഹമുള്ള എന്തു സാധനം വേണമെങ്കിലും മേടിച്ചു തരാനായി അനിയനും അമ്മയുമൊക്കെ തയാറാണ്. പക്ഷേ എനിക്ക് കഴിക്കാനായുള്ള മൈന്‍ഡ് വരില്ല. വിശന്നാല്‍ കഴിക്കണം എന്നല്ല, കഴിക്കണമെന്ന് എനിക്ക് തോന്നണം. എന്നാലേ ആഹാരം കഴിക്കൂ. അതൊക്കെ എന്റെ ദുശീലമാണ് അതെല്ലാവരും മനസ്സിലാക്കണം.
എനിക്കു പറ്റിയത് ആഹാരം കഴിക്കാതെയിരുന്ന് ഛര്‍ദി മാത്രമായി ഒരു ആഹാരവും ശരീരത്തിലേക്ക് ചെല്ലാതെ ഗ്യാസ്ട്രിക് പ്രശ്നം ഉണ്ടായി ഗ്യാസ്ട്രോളജിസ്റ്റിനെ കാണേണ്ടി വന്നു. പാന്‍ക്രിയാസില്‍ ഒരു സ്റ്റോണ്‍ ഉണ്ട്. ഇപ്പോഴത് വലിയ അപകടകാരി അല്ല. അതിനു മരുന്ന് കഴിച്ച് പത്തു ദിവസത്തോളം ഞാന്‍ ആശുപത്രിയില്‍ ആയിരുന്നു. ഒരു ഫുള്‍ ബോഡി ചെക്കപ്പ് നടത്തി. പ്രഷറും ഷുഗറുമൊന്നുമില്ല. പാന്‍ക്രിയാസിലെ സ്റ്റോണ്‍ പത്തു ദിവസം മരുന്ന് കഴിച്ച് കുറവില്ലെങ്കില് കീഹോളിലൂടെ കളയാവുന്നതേയുള്ളൂ. കൂടാതെ മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം അങ്ങനെയുള്ള ഇത്യാദി സാധനങ്ങളൊക്കെ എന്റെ ശരീരത്തില്‍ കുറവാണ്. മഗ്നീഷ്യം കുറഞ്ഞപ്പോള്‍ കൈയും കാലും കോച്ചിപ്പിടിക്കുക, മസിലു കയറുക തുടങ്ങിയ ബുദ്ധിമുട്ടുകളൊക്കെ വന്നു. പൊട്ടാസ്യം കുറയുമ്പോള്‍ പലതരത്തിലുള്ള മേജര്‍ അസുഖങ്ങള്‍ വരുമെന്ന് പറയുന്നു എനിക്കതിനെക്കുറിച്ച് അറിയില്ല. ഇതൊക്കെ ട്രിപ്പിടേണ്ടി വന്നു.
മഗ്നീഷ്യം കയറ്റിയപ്പോള്‍ വലിയ പ്രശ്നമൊന്നുമുണ്ടായില്ലെങ്കിലും പൊട്ടാസ്യം കയറ്റിയപ്പോള്‍ അത് ഞരമ്പിലൂടെ കയറിയിറങ്ങുന്ന വേദന ഭയങ്കരമായിരുന്നു. നമ്മുടെ കൈയിലിരുപ്പു കൊണ്ടാണല്ലോ എന്നോര്‍ത്ത് അതൊക്കെയങ്ങ് സഹിച്ചു. ഫുഡ് ഒക്കെ ബാലന്‍സ് ചെയ്തു. മൂന്നു നേരം ആഹാരം കഴിച്ചു. ഈ അടുത്ത വര്‍ഷങ്ങളില്‍ ഇങ്ങനെ മൂന്നു നേരം തികച്ച് ഭക്ഷണം കഴിച്ചതായി ഞാന്‍ ഓര്‍ക്കുന്നില്ല. കുറച്ചൊക്കെ എന്റെ ഉഴപ്പ് കൊണ്ട് സംഭവിച്ചതാണ്.
ഷൂട്ടൊക്കെ കഴിഞ്ഞു വീട്ടില്‍ വന്നു കിടന്നാല്‍ വൈകുന്നേരം നാലിനും അഞ്ചുമണിക്കും ഒക്കെയാണ് എഴുന്നേല്‍ക്കുന്നത്. ഇടയ്ക്ക് എഴുന്നേറ്റാല്‍തന്നെ കുറച്ചു വെള്ളമൊക്കെ കുടിച്ചിട്ട് കിടക്കും. വിശന്നാലും മടിപിടിച്ച് കിടക്കും. അതാണ് എന്റെ ഏറ്റവും വലിയ പ്രശ്നം. ദിവസത്തില്‍ ഒരു നേരമൊക്കെ ആയിരിക്കും ആഹാരം കഴിക്കുന്നത്. അങ്ങനെയാണ് ഒരു വിഡിയോ പോലും എടുക്കാന്‍ പറ്റാത്ത രീതിയില്‍ പത്തു ദിവസം ഹോസ്പിറ്റലില്‍ കിടക്കേണ്ടി വന്നത്. ഹോസ്പിറ്റലില്‍ കിടന്ന് ആഹാരമൊക്കെ കൃത്യമായി കഴിച്ച് ഇപ്പോള്‍ രണ്ടു മൂന്നു കിലോയൊക്കെ കൂടി. ഇപ്പോള്‍ നല്ല ആരോഗ്യത്തോടെ ഇരിക്കുന്നു.
ആര്‍ട്ടിസ്റ്റുകള്‍ എന്നല്ല അല്ലാതെ സാധാരണക്കാരാണെങ്കിലും എന്തെങ്കിലും സമയത്തിന് കുറച്ചെങ്കിലും കഴിക്കാന്‍ പറ്റുന്നത് ഇഷ്ടമുള്ളത് കഴിക്കുക. ഇച്ചിരി പഴഞ്ചോറ് ആണെങ്കിലും കഞ്ഞി ആണെങ്കിലും അച്ചാറു കൂട്ടി കഴിക്കുക. ഇഷ്ടമുളള എന്താണെങ്കിലും നട്സോ ഫ്രൂട്ട്സോ ഒക്കെ കഴിക്കുക. പൊട്ടാസ്യം ഒക്കെ കൂടാനായിട്ട് നല്ല പഴങ്ങളൊക്കെ കഴിക്കാനാണ് ഡോക്ടര്‍ പറയുന്നത്. ഇതൊക്കെ അനുഭവസ്ഥ എന്ന നിലയില്‍ നിങ്ങളോട് ഷെയര്‍ ചെയ്തുവെന്നേ ഉള്ളൂ. ഞാനും ചെറുതായി നന്നായി തുടങ്ങി കേട്ടോ.
ഞാന്‍ ആശുപത്രിയിലായി എന്നറിയിക്കാനല്ല കേട്ടോ ഈ വീഡിയോ, എന്നെ പോലെ ഒരു അടുക്കും ചിട്ടയുമില്ലാതെ ഒന്നും ശ്രദ്ധിക്കാത്തവര്‍ ഉണ്ടെങ്കില്‍ അല്പം ശ്രദ്ധിച്ചാല്‍ നമ്മുടെ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ കുറച്ചു കൂടി നന്നായിട്ട് മുന്പോട്ട് പോകാന്‍ പറ്റും എന്ന ഒരു ഇന്‍ഫര്‍മേഷന്‍ മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത്.
ഞാന്‍ തൈറോയ്ഡിനുള്ള ഗുളിക കറക്റ്റായിട്ട് കഴിക്കുന്നുണ്ടായിരുന്നില്ല. തൈറോയ്ഡിന്റെ ഗുളിക കഴിച്ചു തുടങ്ങിയാല്‍ 90 ശതമാനം അത് നിര്‍ത്താന്‍ പറ്റില്ലെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. ഒരിടയ്ക്ക് എന്നോട് നിര്ത്തിക്കോളാന് പറഞ്ഞതു കൊണ്ട് ഗുളിക നിര്‍ത്തിയിരുന്നു. പിന്നെയും എനിക്ക് തൈറോയ്ഡിന്റെ പ്രശ്നം വന്നിരുന്നു. അപ്പോള്‍ തൈറോയ്ഡിന്റെ ഗുളികള്‍ കഴിക്കുന്നവര്‍ അത് കൃത്യമായി കഴിക്കുക. അപ്പോള്‍ വേറൊന്നുമില്ല പറയാന്‍, കൃത്യസമയത്ത് ഭക്ഷണം കഴിക്കുക. ഉറങ്ങേണ്ട സമയം നന്നായി ഉറങ്ങുക. ശരീരം നന്നായി ശ്രദ്ധിക്കുക.
വീഡിയോ വൈകിയതില്‍ ഒരിക്കല്‍ കൂടി ക്ഷമചോദിച്ചാണ് സുബി വീഡിയോ അവസാനിപ്പിച്ചത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273
Pingback: നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു - MALAYALAM NEWS DESK