മക്കളോടുള്ള പക തീര്‍ത്തത് അമ്മയോട്; 55-കാരിയെ വീട്ടില്‍കയറി അടിച്ചുകൊന്നു

പത്തനംതിട്ട: അടൂരില്‍ വീടുകയറിയുള്ള ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഒഴുകുപാറ സ്വദേശി സുജാത(55)യാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സുജാതയെ 15 അംഗസംഘം വീടുകയറി ആക്രമിച്ചത്.

സുജാതയുടെ മക്കളായ ചന്ദ്രലാല്‍, സൂര്യലാല്‍ എന്നിവരോടുള്ള പ്രതികാരത്തിന്റെ ഭാഗമായിട്ടായിരുന്നു കഴിഞ്ഞദിവസത്തെ ആക്രമണം. ഇരുവരെയും തിരഞ്ഞെത്തിയ അക്രമിസംഘം ഇവരെ കാണാതായതോടെ സുജാതയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. മുഖം തോര്‍ത്ത് കൊണ്ട് മറച്ചെത്തിയ അക്രമികള്‍ സുജാതയുടെ മുഖത്തും തലയിലും കമ്പി വടി കൊണ്ട് അടിച്ചു. കല്ലുകൊണ്ടുള്ള ആക്രമണത്തില്‍ വാരിയെല്ലുകളും തകര്‍ത്തു.

വീട്ടില്‍ അഴിഞ്ഞാടിയ അക്രമിസംഘം വീട്ടുപകരണങ്ങളും അടിച്ചുതകര്‍ത്തിരുന്നു. കട്ടില്‍ ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ കിണറ്റിലിട്ടശേഷമാണ് അക്രമികള്‍ മടങ്ങിയത്.

ഗുരുതരമായി പരിക്കേറ്റ സുജാതയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. വെന്റിലേറ്ററില്‍ കഴിയുന്നതിനിടെ തിങ്കളാഴ്ച രാവിലെ നില വഷളാവുകയായിരുന്നു.

ശനിയാഴ്ച ഏനാത്തുണ്ടായ വഴിത്തര്‍ക്കമാണ് വീടുകയറിയുള്ള ആക്രമണത്തിലും വീട്ടമ്മയുടെ കൊലപാതകത്തിലും കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഏനാത്ത് സ്വദേശികളും സമീപവാസികളുമായ ശരണ്‍, സന്ധ്യ എന്നിവര്‍ തമ്മില്‍ വഴിത്തര്‍ക്കം നിലവിലുണ്ടായിരുന്നു. ശനിയാഴ്ച ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ സന്ധ്യയെ അനുകൂലിച്ച് ചന്ദ്രലാലും സൂര്യലാലും ഇവിടെയെത്തി. വളര്‍ത്തുനായയുമായാണ് സഹോദരങ്ങള്‍ സംഭവസ്ഥലത്തെത്തിയത്. ഇതിനിടെ നായ സ്ഥലത്തുണ്ടായിരുന്ന ചിലരെ കടിച്ചുപരിക്കേല്‍പ്പിച്ചു. ഇതിന്റെ പ്രതികാരമായാണ് കഴിഞ്ഞദിവസം വീടുകയറിയുള്ള ആക്രമണമുണ്ടായത്.

അതേസമയം, ആക്രമണമുണ്ടായ സമയം ചന്ദ്രലാലും സൂര്യലാലും വീട്ടിലുണ്ടായിരുന്നില്ല. ഇവര്‍ നേരത്തെ വീട്ടില്‍നിന്നും മാറിനിന്നിരുന്നു. മക്കളെ തിരഞ്ഞെത്തിയ അക്രമിസംഘം ഒടുവില്‍ അമ്മയെയാണ് ക്രൂരമായി ആക്രമിച്ചത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!