വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ച മലയാളി പിടിയിൽ; കുടുക്കിയത് ചെരിപ്പിലെ പെയിൻ്റും കാക്കി പാൻ്റ്സും. 55കാരിയെ പീഡിപ്പിച്ച കേസിലും പ്രതി

തെന്മല: തെങ്കാശി പാവൂർസത്രത്തിൽ മലയാളി റെയിൽവേ ഗേറ്റ് കീപ്പറായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയില്‍. കൊല്ലം പുനലൂര്‍ വെഞ്ചേമ്പ് വാഴവിള അനീഷ് (28) ആണ് പിടിയിലായത്. സംഭവത്തിന് ശേഷം കേരളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പുളിയറയില്‍ വച്ചാണ് റെയില്‍വേ പൊലീസ് അനീഷിനെ പിടികൂടുന്നത്.

55 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍നിന്ന് ഇറങ്ങിയിട്ട് ഒരു വര്‍ഷം തികയുന്നതിനു മുന്‍പാണ് ഗേറ്റ് കീപ്പറെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുന്നിക്കോട് പൊലീസാണ് ഈ സംഭവത്തില്‍ കേസെടുത്തത്. കേരളത്തില്‍ നിന്നും പാവൂര്‍സത്രത്തെത്തി വിവിധ തൊഴിലുകള്‍ ചെയ്തുവരികയായിരുന്നു അനീഷ്. ലെവല്‍ ക്രോസില്‍ രാത്രിയില്‍ വനിത മാത്രമെയുള്ളുവെന്ന് മനസിലാക്കിയതിന് ശേഷമാണ് കൃത്യത്തിന് മുതിര്‍ന്നത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.30ന് അനീഷ് ഗേറ്റ് കീപ്പറുടെ മുറിയിലെത്തി യുവതിയെ പിന്നില്‍ നിന്നും കടന്നു പിടിക്കുകയായിരുന്നു. ബഹളമുണ്ടാക്കി ഇതിനെ എതിർത്തതോടെ യുവതിയെ അക്രമി ടെലിഫോൺ റിസീവർ കൊണ്ട് മുഖത്തും നെറ്റിയിലും ഇടിക്കുകയും വയറ്റില്‍ ചവിട്ടുകയും ചെയ്തു.

തന്റെ പക്കലുള്ള സ്വര്‍ണ്ണം എടുത്തിട്ട് തന്നെ ഉപദ്രവിക്കാതെ വെറുതെ വിടണമെന്ന് അക്രമിയുടെ കാലില്‍ പിടിച്ച് പറഞ്ഞെങ്കിലും പിന്‍മാറാന്‍ അയാള്‍ തയ്യാറായില്ലെന്ന് യുവതി പറഞ്ഞു. വീണ്ടും റിസീവര്‍കൊണ്ട് തലക്ക് അടിക്കാൻ ശ്രമിക്കുന്നതിനിടെ യുവതി അക്രമിയെ തളളി മാറ്റി മുറിയിൽ നിന്നും പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു. ഇതോടെ അനീസും മുറിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങി ഓടി. പരുക്കേറ്റ യുവതി തിരുനെല്‍വേലി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

അനീഷിനെ പാവൂര്‍സത്രം ലെവല്‍ക്രോസില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് കോടതിയില്‍ ഹാജരാക്കും.

സംഭവത്തില്‍ ചെരിപ്പിലെ പെയിന്റും കാക്കി പാന്റും സി.സി.ടി.വിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയതെന്ന് പോലീസ്. ഇയാൾ നേരത്തെ കുന്നിക്കോട് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത ലൈംഗിക അതിക്രമ കേസിലെ പ്രതിയാണെന്നും ജാമ്യത്തില്‍ ഇറങ്ങിയശേഷം ചെങ്കോട്ടയില്‍ പെയിന്റിങ് ജോലി ചെയ്തു വരുന്നതിനിടെയാണ് സമാനമായ സംഭവമെന്നും മധുര ഡിവിഷൻ റെയിൽവെ ഡി.എസ്.പി. കെ പൊന്നുചാമി പറഞ്ഞു.

പ്രതിയുടേതെന്ന് കണ്ടെത്തിയ ചെരിപ്പിലെ പെയിന്റ് കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. സമീപത്തുള്ള പെയിന്റിങ് തൊഴിലാളികളെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് സംഭവത്തിന് ശേഷം ഒരാളെ കാണുന്നില്ലെന്ന വിവരം പോലീസിന് ലഭിക്കുന്നത്. കാക്കി പാന്റ് ധരിച്ചയാളാണ് അക്രമണത്തിന് പിന്നിലെന്നും പോലീസിന് വ്യക്തമായി. തുടർന്ന് സി.സി.ടി.വിയടക്കം പരിശോധിച്ച ശേഷമാണ് പത്തനാപുരം സ്വദേശി അനീഷിലേക്ക് എത്തിച്ചേരുന്നത്. പ്രതിയെ റിമാൻഡ് ചെയ്ത് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

കഴിഞ്ഞ മൂന്ന് മാസമായി ചെങ്കോട്ടയിൽ പെയിന്റിങ് ജോലി ചെയ്തുവരികയായിരുന്നു. ഇയാൾ മദ്യപിച്ചെത്തി മലയാളി ആയിട്ടുള്ള വനിതാ റെയിൽവേ ജീവനക്കാരിയെ ആക്രമിക്കുകയായിരുന്നു. യുവതിക്കുനേരെ ക്രൂരമായ ലൈംഗിക പീഡനശ്രമം നടത്തിയ പ്രതിയെ മൂന്ന് ദിവസത്തിന് ശേഷം പോലീസ് പിടികൂടുകയായിരുന്നു.

കാക്കി പാന്റ് ധരിച്ച ഒരാളാണ് തന്നെ ആക്രമിച്ചതെന്ന് പെൺകുട്ടി നേരത്തെ പോലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കാക്കി പാന്റ് ധരിച്ച് പോകുന്നവരെ ചുറ്റിപ്പറ്റി പോലീസ് അന്വേഷണം നടത്തി. വിവിധ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിക്കുകയും അന്വേഷിക്കുകയും ചെയ്തു. സമാന്തരമായി പെയിന്റിങ് തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന ആൾക്കാരിൽ ആരെങ്കിലും കാണാതായിട്ടുണ്ടോ എന്ന കാര്യവും അന്വേഷിച്ചു. ഇതിലാണ് അനീഷ് എന്ന് പേരുള്ള മലയാളി ഇവിടെനിന്ന് മുങ്ങി എന്ന വിവരം പോലീസിന് ലഭിച്ചത്.

ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കേരള -തമിഴ്നാട് അതിർത്തിയിലുള്ള പുളിയറയിൽ നിന്ന് ഇയാളെ പോലീസ് പിടികൂടിയത്. പെൺകുട്ടിയെ വീട്ടിൽ തിരിച്ചറിയൽ പരേഡ് നടത്തി, ഇയാളെ പെൺകുട്ടി തിരിച്ചറിഞ്ഞതായാണ് വിവരം.

2018ൽ സമാനമായ കേസ് ഇയാൾക്കെതിരെ ഉണ്ട്. കുന്നിക്കോട് സ്റ്റേഷനിലെ പീഡന കേസിൽ വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്. ഏറെ കാലം ഇയാൾ ജയിലിലായിരുന്നു. കൊടും ക്രിമിനലായ ഇയാൾ ലൈംഗികവൈകൃതത്തിന് അടിമയായിട്ടുള്ള ആളാണെന്നാണ് വിവരം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!