മാധ്യമപ്രവര്‍ത്തകരെ ജോലിചെയ്യാന്‍ അനുവദിച്ചില്ല, അപമര്യാദയായി പെരുമാറി; ആദായനികുതി വകുപ്പിനെതിരെ BBC

ന്യൂഡല്‍ഹി: ഡല്‍ഹി ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധനാനടപടികള്‍ പുരോഗമിക്കുമ്പോള്‍ തങ്ങളുടെ മാധ്യമപ്രവര്‍ത്തകരെ മണിക്കൂറുകളോളം ജോലി ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ബിബിസി. ഉദ്യോഗസ്ഥര്‍ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതായും ബിബിസി ആരോപിച്ചു. ബിബിസി ഹിന്ദി വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തിലൂടെയാണ് സ്ഥാപനത്തിന്റെ വിമര്‍ശനം.

ജീവനക്കാരുടെ കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണും പിടിച്ചെടുത്തതായും പ്രവര്‍ത്തനരീതി ചോദിച്ചറിഞ്ഞതായും ലേഖനത്തില്‍ പറയുന്നു. സര്‍വേ നടപടികളെ കുറിച്ചെഴുതുന്നതിന് വിലക്കുണ്ടായിരുന്നു. ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് മുതിര്‍ന്ന എഡിറ്റര്‍മാര്‍ പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇംഗ്ലീഷ്, ഹിന്ദി വിഭാഗത്തിലുള്ളവരെ ഉദ്യോഗസ്ഥര്‍ അതിന് അനുവദിച്ചില്ലെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രക്ഷേപണസമയം അവസാനിച്ചതിനുശേഷം മാത്രമാണ് ഇവരെ ജോലി ചെയ്യാന്‍ അനുവദിച്ചതെന്നും ബിബിസി കൂട്ടിച്ചേര്‍ത്തു.

ബിബിസിയുടെ ഔദ്യോഗിക വരുമാനവും രാജ്യത്തെ പ്രവര്‍ത്തനങ്ങളുടെ സ്‌കെയിലും അനുപാതികമല്ലെന്ന് ചൂണ്ടിക്കാട്ടി ആദായ നികുതി വകുപ്പ് രംഗത്തെത്തിയിരുന്നു. രേഖകളും കരാറുകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ട അവസരങ്ങളില്‍ ബിബിസി ജീവനക്കാര്‍ മനഃപൂര്‍വ്വം വൈകിച്ചതായും വകുപ്പ് ആരോപിച്ചിരുന്നു.

ചൊവ്വാഴ്ച പകല്‍ 11.30ഓടെയാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡിനായി ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ എത്തിയത്. പോലീസ് സുരക്ഷയിലായിരുന്നു പരിശോധന. നടക്കുന്നത് റെയ്ഡല്ല, സര്‍വേയാണെന്നായിരുന്നു വിശദീകരണം. ഗുജറാത്ത് കലാപമടക്കം പരാമര്‍ശിച്ചുള്ള ബി.ബി.സിയുടെ ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററി നിരോധിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ബി.ബി.ബി. ഓഫീസുകളില്‍ റെയ്ഡ് നടന്നത്. റെയ്ഡിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!