യുവതിയെ കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവം; പിതാവിൻ്റെ ആസൂത്രണം, സാഹിലും നിക്കിയും വിവാഹിതര്‍
ന്യൂഡല്‍ഹി: നജഫ്ഗഢിൽ കാമുകിയെ കൊന്ന് മൃതദേഹം ഫ്രിഡ്ജില്‍ ഒളിപ്പിച്ച സംഭവത്തില്‍ പ്രതി സാഹിലിന്റെ പിതാവ് അറസ്റ്റില്‍. കൊലപാതകം ആസൂത്രണം ചെയ്യുന്നതില്‍ മകനെ സഹായിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്. പിതാവിനു പുറമെ സാഹിലിന്റെ മറ്റ് മൂന്ന് ബന്ധുക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിക്കി യാദവ് എന്ന യുവതിയെ പങ്കാളിയായ സാഹില്‍ കഴുത്തിൽ കേബിൾ മുറുക്കി ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. ഫെബ്രുവരി ഒൻപതിനായിരുന്നു സംഭവം.
സാഹിലിന്റെ ബന്ധുക്കളുള്‍പ്പെടെ അഞ്ചു പേരെ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി ഡല്‍ഹി പോലീസ് വ്യക്തമാക്കി. മരിച്ച നിക്കിയും പ്രതി സാഹിലും നോയിഡയിലെ ക്ഷേത്രത്തില്‍വച്ച് വിവാഹിതരായതായും ഡല്‍ഹി പോലീസ് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇരുവരും തമ്മിലുള്ള ബന്ധം അംഗീകരിക്കാത്ത കുടുംബം സാഹിലിന് മറ്റൊരു വിവാഹം ഉറപ്പിക്കുകയായിരുന്നു.
2018-ല്‍ ഉത്തംനഗറിലെ ഒരു കോച്ചിങ് സെന്ററില്‍വെച്ചാണ് സാഹിലും നിക്കിയും പരിചയപ്പെടുന്നത്. ഈ അടുപ്പം പിന്നീട് പ്രണയത്തിലും ലിവിങ് ടുഗെദറിലും എത്തി. ഇതിനിടെയാണ് മറ്റൊരു പെണ്‍കുട്ടിയുമായുള്ള വിവാഹം നടത്താന്‍ സാഹിലിനെ വീട്ടുകാര്‍ നിര്‍ബന്ധിച്ചത്. 2022 ഡിസംബറില്‍ ഈ പെണ്‍കുട്ടിയുമായി സാഹിലിന്റെ വിവാഹം നടത്താന്‍ നിശ്ചയിക്കുകയും ചെയ്തു. 2023 ഫെബ്രുവരി പത്തിന് വിവാഹം നടത്താനായിരുന്നു തീരുമാനം.
അതേസമയം, മറ്റൊരു വിവാഹം ഉറപ്പിച്ച കാര്യം നിക്കിയില്‍നിന്ന് സാഹില്‍ രഹസ്യമാക്കിവെച്ചു. പക്ഷേ, ഇതിനിടെ കാമുകന്‍റെ വിവാഹക്കാര്യം യുവതി അറിയുകയും ഇരുവരും തമ്മില്‍ വഴക്കിടുകയും ചെയ്തു. ഫെബ്രുവരി ഒമ്പതാം തീയതി രാത്രി വഴക്കുണ്ടായതിന് പിന്നാലെ കാമുകിയെ കാറില്‍വെച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രതിയുടെ മൊഴി. മരിച്ചെന്ന് ഉറപ്പിച്ചതോടെ കാറില്‍ മൃതദേഹം ധാബയിലെത്തിച്ചു. തുടര്‍ന്ന് ധാബയിലെ ഫ്രിഡ്ജില്‍ മൃതദേഹം ഒളിപ്പിച്ചതായും പ്രതി പോലീസിനോട് സമ്മതിച്ചു.
കാമുകിയെ കൊലപ്പെടുത്തി മണിക്കൂറുകള്‍ക്കം വീട്ടിലേക്ക് മടങ്ങിയ പ്രതി, നേരത്തെ നിശ്ചയിച്ചതുപ്രകാരം മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. യാതൊരു കൂസലുമില്ലാതെയാണ് ഇയാള്‍ വിവാഹചടങ്ങുകളില്‍ പങ്കെടുത്തതെന്നും പോലീസ് പറഞ്ഞു.
അതിനിടെ, മകളുടെ ഘാതകന് വധശിക്ഷ നല്‍കണമെന്ന് നിക്കി യാദവിന്റെ പിതാവ് ആവശ്യപ്പെട്ടു. ഒന്നരമാസം മുന്‍പാണ് നിക്കി അവസാനമായി വീട്ടിലെത്തിയതെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273