വിവാഹദിവസം പുലര്‍ച്ചെ കാമുകിയുടെ ഫ്‌ളാറ്റില്‍; ഗോവ, ഹിമാചല്‍, പിന്നാലെ അരുംകൊല; നൊമ്പരമായി നിക്കി

ന്യൂഡല്‍ഹി: നജഫ്ഘട്ടില്‍ കൊല്ലപ്പെട്ട നിക്കി യാദവിന്റെ മൊബൈല്‍ഫോണില്‍നിന്ന് കാമുകനായ സാഹില്‍ എല്ലാവിവരങ്ങളും മായ്ച്ചുകളഞ്ഞതായി പോലീസ്. നിക്കി കൊലക്കേസില്‍ സാഹിലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നിക്കിയുടെ മൊബൈല്‍ ഫോണും പോലീസ് കണ്ടെടുത്തിരുന്നു. എന്നാല്‍ സാഹിലുമായുള്ള ചാറ്റുകള്‍ ഉള്‍പ്പെടെ മിക്കവിവരങ്ങളും ഫോണില്‍നിന്ന് മായ്ച്ചിരുന്നതായാണ് പോലീസ് പറയുന്നത്. ഫോണിലെ ചാറ്റുകള്‍ തനിക്കെതിരായ തെളിവുകളാകുമെന്ന് മനസിലാക്കിയാണ് പ്രതി ഇതെല്ലാം മായ്ച്ചുകളഞ്ഞതെന്നും പോലീസ് പറഞ്ഞു.

അതിനിടെ, നിക്കിയെ കൊലപ്പെടുത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മറ്റൊരു പെണ്‍കുട്ടിയുമായുള്ള സാഹിലിന്റെ വിവാഹനിശ്ചയ ചടങ്ങുകളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഫെബ്രുവരി ഒമ്പതാം തീയതി നടന്ന ചടങ്ങിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം സാഹില്‍ മണിക്കൂറുകളോളം നൃത്തംചെയ്യുന്നതും ചടങ്ങുകളിലെല്ലാം സന്തോഷത്തോടെ പങ്കുചേരുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഈ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയശേഷമാണ് സാഹില്‍ കാമുകിയും പങ്കാളിയുമായ നിക്കി യാദവിന്റെ ഫ്‌ളാറ്റിലെത്തിയത്. തുടര്‍ന്ന് ഇരുവരും പുറത്തുപോവുകയും കാറില്‍വെച്ച് നിക്കിയെ പ്രതി കൊലപ്പെടുത്തുകയുമായിരുന്നു. ഫെബ്രുവരി പത്താം തീയതി രാവിലെയായിരുന്നു കൊലപാതകം. ഇതിനുപിന്നാലെ തിരികെ വീട്ടിലെത്തിയ സാഹില്‍ അന്നേദിവസം മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും വിവാഹചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തു. ഒരു കൊലപാതകം ചെയ്തതിന്റെ യാതൊരു കൂസലുമില്ലാതെയാണ് ഇയാള്‍ വിവാഹചടങ്ങിലുടനീളം പങ്കെടുത്തത്.

2018-ല്‍ എന്‍ട്രന്‍സ് കോച്ചിങ് സെന്ററിലെ പരിചയത്തിന് പിന്നാലെയാണ് നിക്കിയും സാഹിലും അടുപ്പത്തിലാകുന്നത്. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് താമസം ആരംഭിക്കുകയും ചെയ്തു. ഏതാനുംമാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു പെണ്‍കുട്ടിയുമായി സാഹിലിന്റെ വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചു. എന്നാല്‍ നിക്കി യാദവ് ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് ഏറ്റവുമൊടുവിലായി പോലീസ് നല്‍കുന്നവിവരം.

ഫെബ്രുവരി ഒമ്പതാം തീയതിയിലെ ചടങ്ങുകളെല്ലാം കഴിഞ്ഞ് അര്‍ധരാത്രി ഒരുമണിയോടെ ബന്ധുവിന്റെ കാറുമായാണ് സാഹില്‍ നിക്കിയുടെ ഫ്‌ളാറ്റിലെത്തിയത്. ഫെബ്രുവരി പത്താംതീയതി പുലര്‍ച്ചെ അഞ്ചുമണിയോടെ ഇരുവരും ഫ്‌ളാറ്റില്‍നിന്ന് പുറത്തേക്ക് പോയി. നിക്കി നേരത്തെ തീരുമാനിച്ചതനുസരിച്ച് ഗോവയിലേക്ക് പോകാനായി നിസാമുദ്ദീന്‍ റെയില്‍വേ സ്‌റ്റേഷനിലേക്കായിരുന്നു യാത്ര. എന്നാല്‍ തനിക്ക് ട്രെയിന്‍ ടിക്കറ്റ് കിട്ടിയില്ലെന്ന് പറഞ്ഞ് സാഹില്‍ യാത്ര മുടക്കി. ഇതോടെ ഹിമാചലിലേക്ക് പോകാമെന്ന് നിക്കി പറഞ്ഞു.

ഇതിനായി ബസ് സ്റ്റേഷനിലെത്തിയെങ്കിലും ടിക്കറ്റ് ലഭിക്കാതിരുന്നതോടെ ഇരുവരും മടങ്ങി. തുടര്‍ന്ന് നോര്‍ത്ത് ഡല്‍ഹിയിലെ കാശ്മീരി ഗേറ്റിലെത്തി. ഇവിടെ വാഹനം നിര്‍ത്തിയതിന് പിന്നാലെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. കാറിനുള്ളില്‍വെച്ച് മണിക്കൂറുകളോളം സാഹിലും നിക്കിയും വാക്കേറ്റത്തിലേര്‍പ്പെട്ടു. ഇതിനുപിന്നാലെയാണ് മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ കഴുത്തില്‍ മുറുക്കി സാഹില്‍ നിക്കിയെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. രാവിലെ ഒമ്പതിനും പത്തിനും ഇടയ്ക്കായിരുന്നു സംഭവം.

 

 

നിക്കിയുമായി വഴക്കിടുന്നതിനിടെ സാഹിലിന്റെ വീട്ടുകാര്‍ ഇയാളെ നിരന്തരം ഫോണില്‍വിളിച്ചിരുന്നതായാണ് വിവരം. നിക്കി മരിച്ചെന്ന് ഉറപ്പാക്കിയതോടെ മൃതദേഹം മുന്‍സീറ്റില്‍ തന്നെ സീറ്റ് ബെല്‍റ്റിട്ട് കിടത്തി. തുടര്‍ന്ന് 40 കിലോമീറ്റര്‍ അകലെയുള്ള തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ധാബയിലെത്തി. ഇവിടെവെച്ച് മൃതദേഹം കാറിന്റെ ഡിക്കിയിലേക്ക് മാറ്റി. ഈ കാര്‍ ധാബയില്‍ നിര്‍ത്തിയിട്ടാണ് സാഹില്‍ വീട്ടിലേക്ക് മടങ്ങിയത്.

വീട്ടിലെത്തി വിവാഹചടങ്ങുകളില്ലെല്ലാം പങ്കെടുത്തശേഷം നവവധുവും മറ്റുകുടുംബാംഗങ്ങളുമെല്ലാം ഉറങ്ങിയതിന് പിന്നാലെ മറ്റൊരു കാറുമായി പുലര്‍ച്ചെ 3.30-ഓടെ സാഹില്‍ വീണ്ടും ധാബയിലെത്തി. ഇതിനുശേഷമാണ് കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഫ്രിഡ്ജിലേക്ക് മാറ്റിയത്. മൃതദേഹം നദിയിലോ അഴുക്കുചാലിലോ ഉപേക്ഷിക്കാനായിരുന്നു പ്രതി ആദ്യം പദ്ധതിയിട്ടിരുന്നതെന്നും പോലീസ് പറഞ്ഞു.

ഫെബ്രുവരി 14-ാം തീയതിയാണ് നിക്കി യാദവിനെ കൊലപ്പെടുത്തിയെന്ന വിവരം പുറംലോകമറിയുന്നത്. നിക്കിയെ ഫ്‌ളാറ്റില്‍ കാണാതിരുന്നതോടെ സംശയം തോന്നിയ അയല്‍ക്കാരാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് യുവതിയുടെ പങ്കാളിയെ കണ്ടെത്തി ചോദ്യംചെയ്തതോടെ അരുംകൊലയുടെ ഞെട്ടിക്കുന്നവിവരങ്ങള്‍ പുറത്തറിയുകയായിരുന്നു.

നിക്കി കൊലക്കേസില്‍ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഈ ദിവസങ്ങളില്‍ പ്രതിക്കെതിരായ ശക്തമായ തെളിവുകള്‍ ശേഖരിക്കാനാണ് പോലീസിന്റെ ശ്രമം. സിസിടിവി ക്യാമറ ദൃശ്യങ്ങളും മറ്റു ശാസ്ത്രീയ, ഫൊറന്‍സിക് തെളിവുകളുമാണ് കേസില്‍ നിര്‍ണായകമാവുകയെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!