ഉറങ്ങിക്കിടന്നപ്പോള്‍ വന്‍കുലുക്കം, നിലംപൊത്തി വീടുകള്‍; ഞെരിഞ്ഞമര്‍ന്ന് മരണം; തുർക്കി–സിറിയ ഭൂകമ്പം: മരണസംഖ്യ 300 ആയി

തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലുമുണ്ടായ ശക്തമായ ഭൂചലനത്തിൽ ഇരു രാജ്യങ്ങളിലുമായി 300ൽ ഏറെപ്പേർ മരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിനുശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. 16 തുടർചലനങ്ങളാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു.

 

 

ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അതിശക്തമായ ഭൂചലനം ഉണ്ടായതും കെട്ടിടങ്ങള്‍ തകര്‍ന്നുവീണതും. എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിനു മുന്‍പ് തന്നെ ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നു.

തുര്‍ക്കിയില്‍ പത്തോളം നഗരങ്ങളിലാണ് രൂക്ഷമായ നാശനഷ്ടങ്ങള്‍ ഉണ്ടായത്.  പ്രകൃതിവാതകം വിതരണം ചെയ്യുന്ന പൈപ്പുകള്‍ പൊട്ടി തീപിടിച്ചതിന്റെ വിഡിയോദൃശ്യങ്ങള്‍ പുറത്തുവന്നു. സിറിയയില്‍ സര്‍ക്കാര്‍ നിയന്ത്രിത മേഖലയിലെ മരണക്കണക്കുകള്‍ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുവാനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് തുർക്കി ആഭ്യന്തര മന്ത്രി പറഞ്ഞു.

തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ കഹ്‌റാമൻമാരാഷിലെ ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ച എല്ലാവരോടും ഐക്യദാർഢ്യം പ്രകടിപ്പിച്ചു, എല്ലാവർക്കും സുരക്ഷ നേരുന്നതായും അറിയിച്ചു.

ഭൂകമ്പം ബാധിച്ച പ്രദേശങ്ങളിലേക്ക് ആംബുലൻസും റെസ്‌ക്യൂ ടീമുകളും ഉടനടി അയച്ചിട്ടുണ്ടെന്നും എല്ലാ പ്രസക്തമായ ഏജൻസികളും ജാഗ്രതയിലാണെന്നും ഏറ്റവും കുറഞ്ഞ നഷ്ടത്തോടെ ദുരന്തത്തെ മറികടക്കാമെന്ന പ്രതീക്ഷയിലാണെന്നും എർദോഗൻ കൂട്ടിച്ചേർത്തു

 

നൂറുവർഷങ്ങൾക്കിടയിൽ തുർക്കിയിൽ ഉണ്ടാകുന്ന ഏറ്റവും വിനാശകരമായ ഭൂകമ്പം ആണിതെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) പറഞ്ഞു. 1939ൽ കിഴക്കൻ തുർക്കിയിൽ റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 30,000 മരിച്ചിരുന്നു. അതിനോട് സമാനമായ ഭൂചലനമാണ് ഇതെന്ന് യുഎസ്ജിഎസ് പറയുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share

One thought on “ഉറങ്ങിക്കിടന്നപ്പോള്‍ വന്‍കുലുക്കം, നിലംപൊത്തി വീടുകള്‍; ഞെരിഞ്ഞമര്‍ന്ന് മരണം; തുർക്കി–സിറിയ ഭൂകമ്പം: മരണസംഖ്യ 300 ആയി

Comments are closed.

error: Content is protected !!