ജിദ്ദയിൽ മഴ ശക്തമായി തുടരുന്നു; സുരക്ഷിത സ്ഥലങ്ങളിൽ കഴിയണമെന്ന് നിർദേശം, ടണൽ റോഡുകൾ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പ്- വീഡിയോ

സൌദിയിലെ വിവിധ പ്രദേശങ്ങളിൽ ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ജിദ്ദയിലും മക്ക മേഖലയിലും മഴ ഇന്നും ശക്തമാകും. കൂടാതെ ജിസാൻ, അസീർ, അൽ-ബഹ, റിയാദ്, ഖാസിം തുടങ്ങിയ പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ മഴയും, കാറ്റും, ആലിപ്പഴ വർഷവും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

ജിദ്ദയിൽ ഇന്നലെ പെയ്ത മഴയിൽ പലസ്ഥലങ്ങളിലും റോഡുകൾ വെള്ളത്തിനടിയിലായി. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. എന്നാൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ജിസാൻ, അസീർ, അൽ-ബഹ, നജ്‌റാൻ, തബൂക്ക് മേഖലകളിൽ അതിരാവിലെ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. മദീന മേഖലകളിലും, വടക്കൻ അതിർത്തികൾ, അൽ-ജൗഫ്, ഹൈൽ, അൽ-ഖാസിം, കിഴക്കൻ, റിയാദ് മേഖലകളുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലും കാറ്റും, മഴയും, ആലിപ്പഴവർഷവും ഉണ്ടാകും.

ജിദ്ദയിൽ മഴ ശക്തമാകുന്ന സമയങ്ങളിൽ ടണൽ റോഡുകൾ (അടിപ്പാതകൾ) ഒഴിവാക്കി മറ്റു റോഡുകളിലൂടെ യാത്ര ചെയ്യണമെന്ന് ദുരന്ത നിവാരണ കേന്ദ്രത്തിൽ നിന്നും അറിയിച്ചു. ജലനിരപ്പ് ഉയർന്നതിനാൽ അൽ-സലാം, അൽ-അന്തലുസ്, ഹിറ സ്ട്രീറ്റ് അമീർ മാജിദ് റോഡുമായി ചേരുന്ന സ്ഥലങ്ങൾ എന്നീ ടണൽ റോഡുകൾ ഒഴിവാക്കി ബദൽ റോഡുകൾ സ്വീകരിക്കണം.

മഴ ശക്തമായി തുടരാൻ സാധ്യതയുള്ളതിനാൽ ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് സർവകലാശാല വെള്ളി, ശനി ദിവസങ്ങളിൽ ബിരുദ വിദ്യാർത്ഥികൾക്കും എക്‌സിക്യൂട്ടീവ് പ്രോഗ്രാമുകൾക്കും നേരിട്ടുള്ള പഠനം നിർത്തിവെച്ചതായും, ഓണ്ലൈൻ പഠനം തുടരുമെന്നും അറിയിച്ചു.

ജിദ്ദയിലെ അൽ-ബസാത്തീൻ പരിസരത്ത് വ്യാഴാഴ്ച രാത്രി 11 മണി വരെ ഏറ്റവും കൂടുതൽ മഴ പെയ്തതായും 44 മില്ലിമീറ്റർ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.  ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യാനുള്ള  എല്ലാ യാത്രക്കാരോടും വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാന കമ്പനികളുമായി ആശയവിനിമയം നടത്തി വിമാന സമയം ഉറപ്പ് വരുത്തണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

മൊബൈൽ ഫോണുകളിൽ പ്രത്യക്ഷപ്പെടുന്ന ശബ്ദത്തോടെയുള്ള മുന്നറിയിപ്പ് മെസേജുകൾ മൂലം ഭയപ്പെടേണ്ടതില്ലെന്നും, സുരക്ഷിത സ്ഥലങ്ങളിൽ കഴിയണമെന്നും, അനാവശ്യമായി പുറത്തിറങ്ങരുതെന്നും അധികൃതർ അറിയിച്ചു.

 

 

 

Share
error: Content is protected !!