മോഷണം കഴിഞ്ഞ് മുട്ട പൊരിച്ച് കഴിക്കും, വസ്ത്രം അലക്കും, മോഷണം നിര്‍ത്തിയെന്ന് പോലീസിനെ പറഞ്ഞുപറ്റിച്ചു; മൊട്ടജോസിനെ തേടി വീണ്ടും പോലീസ്
കൊല്ലം നഗരത്തില്‍ നടന്ന മോഷണക്കേസുകള്‍ക്കു പിന്നില്‍ ജോസെന്ന് (മൊട്ട ജോസ്) പോലീസ്. മോഷണരീതിയും സാഹചര്യത്തെളിവുകളും ലഭിച്ചതോടെ ജോസിനെതിരേ ലുക്കൗട്ട് നോട്ടീസ് ഇറക്കി. മോഷണക്കേസില്‍ ജാമ്യത്തിലായിരുന്ന കുണ്ടറ സ്വദേശി ജോസ് ജില്ലയിലെത്തി ആള്‍താമസമില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
നവംബര്‍ അവസാനവാരം കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മനയില്‍കുളങ്ങര ഗവ. ഐ.ടി.ഐ.ക്ക് സമീപത്തെ വീട്ടില്‍നിന്ന് 85,000 രൂപയുടെ ഡയമണ്ട് ആഭരണങ്ങളും വിദേശ കറന്‍സി നോട്ടുകളും ഉള്‍പ്പെടെ കവര്‍ന്നിരുന്നു. എം.സി.ആര്‍.എ. നഗര്‍-126 ല്‍ കോയാസ് വീട്ടിലാണ് മോഷണം നടത്തിയത്. മുന്‍വശത്തെയും അടുക്കളവാതിലിന്റെയും പൂട്ട് പൊളിച്ചാണ് അകത്തു കടന്നത്.
തൊട്ടടുത്ത ദിവസം പുന്നത്തല കോത്തലവയലില്‍ സക്കറിയാസ് വില്ലയില്‍ കയറി. സി.സി.ടി.വി.യുടെ കണക്ഷന്‍ വിച്ഛേദിച്ചശേഷമായിരുന്നു മോഷണം. അലമാരകളിലുണ്ടായിരുന്ന സാധനങ്ങള്‍ വാരിവലിച്ചിട്ടനിലയിലായിരുന്നു. തട്ടാമലയിലും സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു.
ഇവിടെയെല്ലാം ആഹാരം പാകംചെയ്തും വസ്ത്രങ്ങള്‍ അലക്കുകയും ചെയ്തത്രേ. മൂന്നിടങ്ങളിലെയും വിരലടയാളം ജോസിന്റേതാണെന്ന് അധികൃതര്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനിടെ നഗരത്തിലെ സി.സി.ടി.വി.യില്‍ ജോസ് കടന്നുപോകുന്നതിന്റെ ദൃശ്യവും പോലീസിന് ലഭിച്ചിച്ചുണ്ട്.
ജോലിതേടി പോലീസ് സ്റ്റേഷനുകളിലും എത്തി
ജാമ്യത്തിലിറങ്ങിയശേഷം നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും ജോസ് എത്തിയിരുന്നു. ഇനി മോഷ്ടിക്കില്ലെന്നും എവിടെയെങ്കിലും ഒരു ജോലി ഒപ്പിച്ചുതരണമെന്നും പോലീസുകാരോട് ജോസ് പറഞ്ഞിരുന്നു. ജോലി തരപ്പെടുത്താമെന്നും കുഴപ്പത്തിനൊന്നും പോകരുതെന്നും പറഞ്ഞാണ് പോലീസുകാര്‍ ജോസിനെ മടക്കിയയച്ചത്. ഇതിനുശേഷമാണ് നഗരത്തിലെ ആളില്ലാത്ത വീടുകളില്‍ മോഷണം നടത്തിയത്.
പോലീസിനെ പറ്റിക്കുന്നത് ഇതാദ്യമല്ല
മുമ്പും പോലീസിനു മുന്നില്‍ പിടികൊടുക്കാതെ ജോസ് മുങ്ങിയിട്ടുണ്ട്. തന്നെ പിടിക്കാന്‍ പോലീസ് പരക്കംപായുമ്പോള്‍, അവരുടെ മൂക്കിനുതാഴെ ആള്‍താമസമില്ലാത്ത വീട്ടില്‍ ഉണ്ടുറങ്ങുന്നതാണ് ജോസിന്റെ രീതി.
പരവൂരില്‍ മുമ്പ് ഒരു വീട്ടില്‍ മോഷണം നടത്തുന്നതിനിടെ വീട്ടില്‍നിന്ന് ഒന്നും കിട്ടാഞ്ഞതിനെ തുടര്‍ന്ന് ഭിത്തിയില്‍ വീട്ടുകാര്‍ക്ക് മുന്നറിയിപ്പുനല്‍കി നോട്ടീസ് എഴുതിയൊട്ടിച്ചതിനു പിന്നില്‍ ജോസായിരുന്നെന്നും പോലീസ് കണ്ടെത്തിയിരുന്നു.
പിന്നീട് പരവൂര്‍ ദയാബ്ജി ജങ്ഷനിലെ വീട്ടില്‍നിന്ന് 50 പവന്റെ ആഭരണങ്ങളും 50,000 രൂപയും കവര്‍ന്നശേഷമാണ് ജോസ് മറ്റൊരു വീട്ടില്‍ രാത്രിയില്‍ പോലീസിനെ വെട്ടിച്ചു കഴിഞ്ഞത്. നാടാകെ അരിച്ചുപെറുക്കിയെങ്കിലും ജോസിനെ ആദ്യദിനങ്ങളില്‍ കണ്ടെത്താനായില്ല. മോഷണം നടത്തിയ വീട്ടില്‍നിന്ന് രണ്ടുകിലോമീറ്റര്‍ മാറിയുള്ള വീടാണ് മൊട്ട ജോസ് പിന്നീട് താവളമാക്കിയത്.
മൊട്ടയ്ക്കു പിന്നിലെ രഹസ്യം
മീശ മാധവന്‍ എന്ന സിനിമയിലെ മാധവനെപ്പോലെ ചെറുപ്രായത്തില്‍ത്തന്നെ കള്ളനായ ആളാണ് ജോസ്. മാധവന്‍ മീശ മാധവനായതുപോലെ ജോസ് മൊട്ട ജോസായതിനു പിന്നിലും ഒരു കഥയുണ്ട്. മോഷണത്തിനു കയറുന്ന വീടുകളില്‍നിന്ന് ഭക്ഷണമുണ്ടാക്കിക്കഴിച്ചശേഷമേ ജോസ് മടങ്ങൂ.
കോഴിമുട്ടയാണ് ഇഷ്ടം. അങ്ങനെ പറഞ്ഞു പ്രചരിച്ച് ജോസ് മൊട്ട ജോസ് ആയി. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലായി ഇരുനൂറോളം മോഷണക്കേസുകളില്‍ പ്രതിയാണ് ജോസ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക