തൊട്ടടുത്ത മുറിയില്‍ ഉറങ്ങിക്കിടന്ന ദമ്പതികളുടെ ചിത്രവും വീഡിയോയും പകര്‍ത്തി; പ്രവാസി യുവാവിന് ജയില്‍ ശിക്ഷ

തൊട്ടടുത്ത മുറിയില്‍ ഉറങ്ങിക്കിടന്ന ദമ്പതികളുടെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയ പ്രവാസി യുവാവിന് ജയില്‍ശിക്ഷ. ദുബൈയിലാണ് സംഭവം. 26കാരനായ പ്രവാസിക്കാണ് ക്രിമിനല്‍ കോടതി രണ്ടു മാസത്തെ ജയില്‍ ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്തും. വിവാഹിതരായ ദമ്പതികളുടെ സ്വകാര്യതയില്‍ കടന്നുകയറിയതും അനധികൃതമായി ദൃശ്യങ്ങള്‍ പകര്‍ത്തിയതുമാണ് പ്രതിക്കെതിരെ ചുമത്തിയ കുറ്റം.

 

താമസസ്ഥലത്തെ മറ്റൊരു മുറിയില്‍ ഉറങ്ങിക്കിടന്ന ദമ്പതികളുടെ ദൃശ്യങ്ങളും ചിത്രങ്ങളും, മുറികള്‍ തമ്മില്‍ വേര്‍തിരിച്ചിരുന്ന തടികൊണ്ട് നിര്‍മ്മിച്ച ഭിത്തിയിലെ ചെറിയ ദ്വാരം വഴിയാണ് പ്രതി എടുത്തത്. ഭര്‍ത്താവാണ് ഭിത്തിയിലെ ദ്വാരത്തില്‍ ഒരു മൊബൈല്‍ ഫോണ്‍ സ്ഥാപിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് പ്രതിയുടെ പക്കല്‍ നിന്നും ഇത് കൈവശപ്പെടുത്തുകയും വിവരം ഉടന്‍ പൊലീസില്‍ അറിയിക്കുകയുമായിരുന്നു. 25 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ പ്രതിയുടെ ഫോണില്‍ നിന്ന് കണ്ടെടുത്തു. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് ദുബൈ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അവിടെ നിന്നും കേസ് കോടതിയിലെത്തുകയായിരുന്നു.

 

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ദമ്പതികള്‍ ഒരു ഷെയേര്‍ഡ് റെസിഡന്‍സിലാണ് താമസിച്ചിരുന്നത്. ഇവിടെ മറ്റൊരു മുറിയിലാണ് പ്രതിയായ യുവാവ് താമസിച്ചിരുന്നത്. തങ്ങളുടെ സ്വകാര്യത ലംഘിക്കപ്പെട്ടതായി യുവതിയുടെ ഭര്‍ത്താവ് പരാതിപ്പെടുകയായിരുന്നു. ഇവര്‍ താമസിച്ചിരുന്ന വീട്ടിലെ മുറികള്‍ തടികൊണ്ട് നിര്‍മ്മിച്ച ഭിത്തി ഉപയോഗിച്ചാണ് വേര്‍തിരിച്ചിരുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!