മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഒരിക്കൽക്കൂടി ‘തിരികെ തിരുമുറ്റത്തെത്തി’ അവർ ഒത്തുകൂടി

കൊണ്ടോട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1991-92 വർഷത്തെ എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥികളും അധ്യാപകരും വീണ്ടും ഒത്തുച്ചേർന്നു. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം പഠനം പൂർത്തിയാക്കിയ അതേ സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന അധ്യാപക-വിദ്യാർഥി സംഗമം നഗരസഭ കൗണ്സിലർ അഷറഫ് മടാൻ ഉദ്ഘാടനം ചെയ്തു. രാവിലെ 10 മണിക്ക് പ്രാർഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടി വൈകുന്നേരം നാല് വരെ തുടർന്നു.

 

 

തിരികെ തിരുമുറ്റത്ത് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ അഞ്ച് ഡിവിഷനുകളിലായി പഠിച്ച നൂറുകണക്കിന് സഹപാഠികളാണ് വീണ്ടും ഒത്തുചേർന്നത്. മൂന്ന് പതിറ്റാണ്ടിന് മുമ്പുള്ള ബാല്യാകല ഓർമകൾ പലരും പങ്കുവെച്ചപ്പോൾ പഠനകാലം അവസാനിച്ചത് ജീവിത്തിലെ വലിയ നഷ്ടമായെന്ന് പലരും അഭിപ്രായപ്പെട്ടു.

 

 

 

91-92 കാലഘട്ടത്തിൽ വിദ്യാർഥികൾക്കിടയിൽ പ്രസിദ്ധമായിരുന്ന മിഠായികളും ഭക്ഷണങ്ങളും ഒരുക്കി ചിലർ ഒത്തുകൂടലിനെ വർണാഭമാക്കിയപ്പോൾ അധ്യാപകരിലും വിദ്യാർഥികളിലും ഒരുപോലെ കൌതുകമുണർത്തി. വീട്ടിൽവെച്ചുണ്ടാക്കിയ മധുര പലഹാരങ്ങളും കേക്കുകളുമായാണ് പെൺകുട്ടികൾ പരിപാടിക്കെത്തിയത്‌.

 

 

 

ജീവിതയാത്രക്കിടയിൽ അകാലത്തിൽ പൊലിഞ്ഞ് പോയ കൂട്ടുകാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ച് അവരു ഓർമകൾ പങ്കുവെച്ചത് അധ്യാപകരേയും സഹപാഠികളേയും ദുഃഖത്തിലാഴ്ത്തി. ചടങ്ങിൽ മുൻ അധ്യാപകരെയും മറ്റു മുഖ്യാതിഥികളെയും ആദരിക്കുകയും സ്നേഹോപഹാരങ്ങൾ കൈമാറുകയും ചെയ്തു.

 

 

 

വാർധക്യസഹചമായ പ്രയാസങ്ങളെയും ആരോഗ്യപരമായ ബുദ്ധിമുട്ടുകളേയും അവഗണിച്ച് തങ്ങളുടെ പഴയ വിദ്യാർഥികളെ കാണാനായി അധ്യാപകരെത്തിയത് അധ്യാപക-വിദ്യാർഥി ബന്ധത്തിൻ്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു. ഓരോ വിദ്യാർഥികളുടേയും വിശേഷങ്ങൾ അന്വേഷിച്ചും അവരുടെ ഉയർച്ചകളിൽ സന്തോഷിച്ചും അധ്യാപകർ സന്തോഷം പ്രകടിപ്പിച്ചു.

 

 

 

അധ്യാപന രംഗത്തെ മികച്ച പ്രവർത്തനത്തിലൂടെ ബാഗ്ലൂർ ആസ്ഥാനമായ CENTRE FOR WOMEN EMPOWERMENT AND EARLY CHILDHOOD EDUCATION ൻ്റെ ടീച്ചർ ഓഫ് ദ ഇയർ 2022 അവാർഡ്‌ നേടിയ കൊണ്ടോട്ടി മേലങ്ങാടിയിലെ സാബിറ ബാനു പാലക്കലിനെ സഹപാഠികൾ ചടങ്ങിൽ ആദരിച്ചു. 1991-92 ബാച്ചിലെ സഹപാഠികളുടെ സ്നേഹോപഹാരം അധ്യാപകൻ മോഹൻദാസ് മാഷ് കൈമാറി. പഠിപിച്ച അധ്യാപകനിൽ നിന്ന് തന്നെ ഇത്തരം ഒരു ഉപഹാരം സ്വീകരിക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് അവാർഡ് ജേതാവായ സാബിറ ബാനു പറഞ്ഞു. നിങ്ങളുടെ ഓരോ ഉയർച്ചയിലും നിങ്ങളുടെ മാതാപിതാക്കളെ പോലെ സന്തോഷിക്കുന്നവരാണ് ഞങ്ങളും എന്ന് പറഞ്ഞ അധ്യാപകൻ്റെ വാക്കുകൾ കരഘോഷത്തോടെയാണ് വിദ്യാർഥികൾ ഏറ്റെടുത്തത്.

 

 

 

വരുംതലമുറക്കായി സ്കൂളിന് പുസ്തകത്തണൽ എന്ന പേരിൽ ഒരു റീഡിംഗ് റൂം സ്പോണ്സർ ചെയ്തുകൊണ്ടാണ് 91-92 എസ്.എസ്.എൽ.സി ബാച്ചിൻ്റെ സംഗമം അവസാനിച്ചത്. ഇതിനോടകം പണി പൂർത്തിയാക്കിയ റീഡിംഗ് റൂം അടുത്ത ദിവസം വിദ്യാർഥികൾക്കായി തുറന്ന് കൊടുക്കും.

 

 

സ്കൂൾ അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ ക്ലാസ് മുറികളിൽ വെച്ച് നടത്തിയ പരിപാടി സംഘാടന മികവ് കൊണ്ട് ശ്രദ്ധേയമായി. ഓടക്കൽ സലീമിൻ്റെ സ്വാഗതഭാഷണത്തോടെ ആരംഭിച്ച പരിപാടിക്ക് ചെയർമാൻ സലാം പി.സി.എച്ച് അധ്യക്ഷനായിരുന്നു.

 

 

 

 

 

മോഹൻദാസ് കടലുണ്ടി, സുകുമാരൻ, സുരേന്ദ്രൻ എന്നീ മുൻ അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ റോയിച്ചൻ ഡൊമിനിക്, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ കെ.കെ ഷബീറലി, സ്കൂൾ പ്രധാന അധ്യാപകൻ പി.കെ അബ്ദുൽ സലാം, എന്നിവർക്ക് പുറമെ, പൂർവ്വ വിദ്യാർത്ഥികളായ നാസർ കോട്ട , സക്കീർ ഓടക്കൽ, സൈതലവി , മുജീബ്‌ റഹ്മാൻ മേൽവീട്ടിൽ , ഹനീഫ , സാബിറ ബാനു , ആബിദ, വിജയകുമാർ ,ആസിഫ് ആലുങ്ങൽ , ബഷീർ , മോയിൻകുട്ടി, ബിന്ദു , സതീഷ് , ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ പങ്കെടുത്തും അല്ലാതെയും സഹകരിച്ച എല്ലാവർക്കുമായി രാജേഷ് കുമാർ നന്ദി അറിയിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!