മദ്യപിച്ച് നൃത്തം, ദൃശ്യം പുറത്ത്: ഡിവൈഎഫ്ഐ നേതാവിന് പിറകെ എസ്‌എഫ്ഐ ജില്ലാ സെക്രട്ടറിയെയും പ്രസിഡൻ്റിനെയും നീക്കി

തിരുവനന്തപുരം: നേമത്തെ ഡിവൈഎഫ്ഐ നേതാവ് അഭിജിത്തിനെ സസ്പെൻഡ് ചെയ്തതിനു പിന്നാലെ എസ്‌എഫ്ഐ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നിവർക്കെതിരെയും നടപടി. ഗോകുൽ ഗോപിനാഥ്, ജോബിൻ ജോസ് എന്നിവരെ സ്ഥാനത്തുനിന്ന് നീക്കി. ഇവർ മദ്യപിച്ച് നൃത്തം ചെയ്യുന്ന മൊബൈൽ ദൃശ്യം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

വനിതാപ്രവര്‍ത്തകയോട് മോശമായി പെരുമാറിയതിനാണ് അഭിജിത്തിനെതിരെ സിപിഎം നടപടി സ്വീകരിച്ചത്. ഗുരുതര ആരോപണങ്ങളുണ്ടായിട്ടും കടുത്ത നടപടി നേരിടാതെ അഭിജിത് പാര്‍ട്ടിയില്‍ തുടരുന്നതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ അഭിജിത്ത് എത്തിയത് 26 വയസ്സ് എന്ന് കുറച്ചുകാണിച്ചാണ്. ഇതിനു നിർദേശിച്ചത് ആനാവൂർ നാഗപ്പൻ ആണെന്നാണ് അഭിജിത്ത് പറഞ്ഞത്. എന്നാൽ ഇക്കാര്യം ആനാവൂർ നിഷേധിച്ചു.

 

ഏരിയാ കമ്മിറ്റി അംഗമായ അഭിജിത്തിനെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്താനായിരുന്നു നേരത്തെ നേമം ഏരിയാ കമ്മിറ്റി തീരുമാനിച്ചിരുന്നത്. വെള്ളിയാഴ്ച ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ കൂടി പങ്കെടുത്ത യോഗമായിരുന്നു ഈ നടപടി കൈക്കൊണ്ടത്. എന്നാല്‍ ഇതിനു പിന്നാലെ അഭിജിത്തിനെ ആനാവൂര്‍ സംരക്ഷിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നു.

എന്നാല്‍ പ്രായവുമായി ബന്ധപ്പെട്ട ഓഡിയോ സന്ദേശം കൂടി ശനിയാഴ്ച പുറത്തുവന്നതോടെ കര്‍ശന നടപടിയുമായി സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി രംഗത്തെത്തുകയായിരുന്നു. ശനിയാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ്, നേമം ഏരിയാ കമ്മിറ്റിയുടെ തരംതാഴ്ത്തല്‍ നടപടി തിരുത്തിക്കൊണ്ട് അഭിജിത്തിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അഭിജിത്തിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാനും ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!