ഡോ. സുഹൈല്‍ ഐജാസ് ഖാൻ സൗദി അറേബ്യയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍

സൗദി അറേബ്യയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി ഡോ.സുഹൈല്‍ ഐജാസ് ഖാനെ നിയമിച്ചു. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ ലെബനാനിലെ ഇന്ത്യന്‍ അംബാസഡറാണ് ഐജാസ് ഖാന്‍. നേരത്തെ മൂന്നു വര്‍ഷത്തോളം റിയാദ് ഇന്ത്യന്‍ എംബസിയില്‍ ഡിസിഎം ആയിരുന്നു. റിയാദില്‍ നിന്നാണ് ലബനാനിലേക്ക് അംബാസഡര്‍ ആയി മാറിപ്പോയത്. റിയാദിലെ ഇന്ത്യൻ എംബസിയിൽ അടുത്ത ദിവസം തന്നെ ഇദ്ദേഹം ചുമതലയേൽക്കുമെന്ന് വിദേശകാര്യമന്ത്രാലം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഡോ. ഔസാഫ് സഈദ് ആയിരുന്നു നേരത്തെ സൌദിയിലെ ഇന്ത്യന്‍ അംബാസഡര്‍. ഇദ്ദേഹത്തിന്റെ സേവന കാലാവധി കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ചിരുന്നു.

1997-ലാണ് ഡോ. ഐജാസ് ഖാൻ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്നത്. കെയ്‌റോയിലെ ഇന്ത്യൻ എംബസിയിലായിരുന്നു ആദ്യ നിയമനം. 1999-2001 കാലഘട്ടത്തിൽ എംബസിയിലെ മറ്റ് ചുമതലകൾക്ക് പുറമെ അറബി ഭാഷയിൽ അഡ്വാൻസ്ഡ് ഡിപ്ലോമയും നേടി. പിന്നീട് സിറിയയിലെ ഇന്ത്യൻ എംബസിയിലായിരുന്നു സേവനം. 2002-2005 കാലഘട്ടത്തിൽ അഡ്മിനിസ്‌ട്രേഷൻ, പ്രസ്സ്, പൊളിറ്റിക്കൽ അഫയേഴ്‌സ് എന്നിവ കൈകാര്യം ചെയ്തു.

2005-2008 കാലഘട്ടത്തിൽ ജിദ്ദ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ കോൺസൽ ആയിട്ടായിരുന്നു പിന്നീട് വന്ന നിയമനം. ഹജ് കാര്യങ്ങളും ഇന്ത്യൻ തീർഥാടകർക്കുള്ള ഹജ് ക്രമീകരണങ്ങളും ഉൾപ്പെടെ നിരവധി വിഷയങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തു.

2008-2009 കാലയളവിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ പശ്ചിമ ഏഷ്യ നോർത്ത് ആഫ്രിക്ക വിഭാഗത്തിൽ ഡെപ്യൂട്ടി സെക്രട്ടറിയായി പ്രവർത്തിച്ചു. 2009-2011 കാലയളവിൽ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ വിസയും കോൺസുലറും കൈകാര്യം ചെയ്തു.

2011 നും 2013 നും ഇടയിൽ ഡോ. ഖാൻ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന്റെ ഓഫീസിൽ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. ഖാൻ പിന്നീട് ഇന്ത്യൻ എംബസിയിലും സ്ഥിരം മിഷനിലും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായി വിയന്നയിലേക്ക് മാറി. വിയന്നയിൽ ആയിരുന്നപ്പോൾ ഡോ. ഖാൻ രാഷ്ട്രീയവും ബഹുമുഖവുമായ ജോലികൾ കൈകാര്യം ചെയ്തു.

2013 നും 2017 നും ഇടയിൽ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി, യുണൈറ്റഡ് നേഷൻസ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ തുടങ്ങിയവയിൽ ഇന്ത്യൻ പ്രതിനിധികളുടെ ഭാഗമായിരുന്നു. ഭാര്യ റിഫാത്ത് ജബീൻ ഖാൻ അന്തർദേശീയ, യുഎൻ സംഘടനകളിൽ ദീർഘകാലമായി പ്രവർത്തിച്ച പരിചയമുണ്ട്. രണ്ടു മക്കളുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!