മകൻ്റെ വിശപ്പടക്കാൻ ടീച്ചറോട് 500 രൂപ ചോദിച്ചു, കിട്ടിയത് 51 ലക്ഷം: നിറകണ്ണുകളോടെ ഒരമ്മ

സെറിബ്രൽ പാൾസി ബാധിച്ച മകന്റെ വിശപ്പടക്കാൻ അധ്യാപികയോട് 500 രൂപ ചോദിച്ച അമ്മയ്ക്കു ദിവസങ്ങൾക്കുള്ളിൽ അക്കൗണ്ടിൽ ലഭിച്ചത് 51 ലക്ഷം. പാലക്കാട് കൂറ്റനാട് സ്വദേശി സുഭദ്രയ്ക്കാണു സുമനസ്സുകളുടെ സഹായം ലഭിച്ചത്. ഇവരുടെ ദുരിതത്തെ കുറിച്ചു വട്ടേനാട് സ്കൂളിലെ ഗിരിജ ടീച്ചറിട്ട ഫെയ്സ്ബുക് പോസ്റ്റ് കണ്ടാണ് ആളുകൾ സഹായവുമായി എത്തിയത്.

 

രോഗബാധിതനായ പതിനേഴു വയസ്സുകാരൻ മകനുൾപ്പെടെ 3 കുട്ടികളാണു സുഭദ്രയ്ക്ക്. 5 മാസം മുൻപ് ഭർത്താവ് മരിച്ചതോടെ ഏക ആശ്രയവും ഇല്ലാതെയായി. 2 മക്കളെയും മകനെ ഏൽപ്പിച്ചാണു സുഭദ്ര കൂലിപ്പണിക്കു പോകുന്നത്. പൊളിഞ്ഞുവീഴാറായ കൂരയിലാണു താമസം. ജീവിതം മുന്നോട്ട് തള്ളിനീക്കാൻ യാതൊരു വഴിയും കാണാതെ വന്നപ്പോഴാണു ഗിരിജ ടീച്ചറോടു സഹായം ചോദിച്ചത്.

 

സഹായമായി ചോദിച്ച തുക നൽകിയ ശേഷം ടീച്ചർ ഇവരുടെ ദുരിതജീവിതം സമൂഹമാധ്യമത്തിലൂടെ ലോകത്തെ അറിയിച്ചു. സുഭദ്രയുടെ നിസ്സഹായാവസ്ഥ കണ്ട സുമനസ്സുകൾ അകമഴിഞ്ഞു സഹായിച്ചതോടെ കഷ്ടപ്പാടിന് അറുതിയായി. പാതിവഴിയിലായ വീടുപണിയും മകന്റെ തുടർ ചികിത്സയും ഈ പണം കൊണ്ടു പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണു സുഭദ്ര.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!