ചൈനയിലെ കോവിഡ് വ്യാപനം ആശങ്കാജനകം; ‘ആശുപത്രികളും ശ്മശാനങ്ങളും നിറയുന്നു’ – വീഡിയോ
കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനു പിന്നാലെ ചൈനയിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം. ചൈനയിൽ ആശുപത്രികൾ പൂർണമായി നിറഞ്ഞിരിക്കുകയാണെന്ന് എപ്പിഡെമിയോളജിസ്റ്റും ആരോഗ്യ സാമ്പത്തിക വിദഗ്ധനുമായ എറിക് ഫീഗൽ ഡിങ് ട്വീറ്റ് ചെയ്തു. ചൈനയിലെ 60 ശതമാനത്തിലധികം പേരും ലോക ജനസംഖ്യയുടെ 10 ശതമാനവും അടുത്ത 90 ദിവസത്തിനുള്ളിൽ രോഗബാധിതരാകാനും ദശലക്ഷക്കണക്കിന് ആളുകൾ മരിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
നിയന്ത്രണങ്ങൾ നീക്കിയെങ്കിലും ചൈനയിലെ തെരുവുകൾ വിജനമാണ്. ആളുകൾ വീടിനു പുറത്തിറങ്ങാൻ ഭയപ്പെടുന്നതാണു കാരണം. അതിവേഗം പടരുന്ന ഒമിക്രോൺ വകഭേദം നഗരങ്ങളിൽ പിടിമുറുക്കുകയാണെന്നാണു റിപ്പോർട്ട്. വരാനിരിക്കുന്ന 3 കോവിഡ് തരംഗങ്ങളിൽ ആദ്യത്തേതാണ് ഇതെന്നാണു വിദഗ്ധരുടെ അനുമാനം. കേറ്ററിങ് സർവീസ് മുതൽ പാഴ്സൽ സർവീസ് വരെ വൈറസ് ഭീതി ബാധിച്ചിട്ടുണ്ട്.
‘കോവിഡ് രോഗികളെ സംസ്കരിക്കുന്ന ബെയ്ജിങ്ങിലെ ശമ്ശാനം മൃതദേഹങ്ങൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്. ചൈനീസ് തലസ്ഥാനത്ത് വൈറസ് പടർന്നുപിടിക്കുന്നു. ഇതു രാജ്യത്തെ പകർച്ചവ്യാധി നിയന്ത്രണങ്ങൾ പെട്ടെന്ന് അഴിച്ചുവിട്ടതിനു കൊടുക്കേണ്ടിവരുന്ന വിലയുടെ സൂചനയാണ്.’’– വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടു ചെയ്തു.
⚠️THERMONUCLEAR BAD—Hospitals completely overwhelmed in China ever since restrictions dropped. Epidemiologist estimate >60% of 🇨🇳 & 10% of Earth’s population likely infected over next 90 days. Deaths likely in the millions—plural. This is just the start—🧵pic.twitter.com/VAEvF0ALg9
— Eric Feigl-Ding (@DrEricDing) December 19, 2022
എറിക് ഫീഗൽ ഡിങ് പറയുന്നതനുസരിച്ച്, ‘‘രോഗബാധിതരാകുന്നവർ ആകട്ടെ, മരിക്കേണ്ടവർ മരിക്കട്ടെ. അണുബാധ, മരണം, തരംഗം എന്നിവയെല്ലാം പെട്ടെന്നു തന്നെ നടക്കട്ടെ. അങ്ങനെ ഉൽപാദനം പരമാവധി നേരത്തെ പുനരാരംഭിക്കുക’’ എന്നതാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ലക്ഷ്യം.
നവംബർ 19നും 23നും ഇടയിൽ നാല് മരണങ്ങൾ ഉണ്ടായെന്ന് അറിയിച്ച് ശേഷം ബെയ്ജിങ്ങിൽ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുസംബന്ധിച്ച് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ നിറയുകയാണ്. ‘കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നതു മുതൽ ഞങ്ങൾക്ക് ജോലിഭാരം കൂടുതലാണ്. 24 മണിക്കൂറും ജോലി ചെയ്യേണ്ട അവസ്ഥയാണ്.’’– ശമ്ശാനത്തിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീ പറഞ്ഞു.
കോവിഡ് കേസുകൾ കൈകാര്യം ചെയ്യാൻ ദേശീയ ആരോഗ്യ കമ്മിഷൻ നിയോഗിച്ച ബെയ്ജിങ് മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ഡോങ്ജിയാവോ ശ്മശാനത്തിലേക്ക് നിരവധി മൃതദേഹങ്ങളാണ് എത്തുന്നത്. പുലർച്ചെയും അർധരാത്രിയിലും എല്ലാം ഇവിടെ സംസ്‌കാരങ്ങൾ നടത്തുന്നുണ്ട്. സാധാരണ 30 മുതൽ 40 വരെ മൃതദേഹങ്ങൾ എത്തിക്കൊണ്ടിരുന്ന സ്ഥാനത്ത് 200 മൃതദേഹങ്ങൾ വരെയാണ് ഇപ്പോൾ എത്തുന്നതെന്നാണ് വിവരം. ശമ്ശാനങ്ങളിൽ ജോലി ചെയ്യുന്നവർക്കിടയിലും വൈറസ് അതിവേഗം പടരുകയാണ്.
വൈറസ് പടരുന്നതിന്റെ വ്യാപ്തി വിചാരിക്കുന്നതിലും വളരെ കൂടുതലാണെന്ന് എറിക് ഫീഗൽ ഡിങ് പറയുന്നു. കേസുകൾ ഇരട്ടിയാകാൻ ദിവസങ്ങൾക്കു പകരം മണിക്കൂറുകൾ മാത്രമാണ് എടുക്കുന്നത്. അതിനാൽ തന്നെ വൈറസ് വ്യാപനത്തിന്റെ വേഗം സൂചിപ്പിക്കുന്ന ആർ വാല്യു (റീപ്രൊഡക്‌ഷൻ നമ്പർ) കണക്കാൻ വളരെ ബുദ്ധിമുട്ടാണ്.
വൈറസ് പിടിപെട്ട 10 പേർ സമ്പർക്കത്തിലൂടെ ശരാശരി എത്ര പേർക്ക് കോവിഡ് പകർന്നു നൽകാമെന്നതാണ് ആർ വാല്യുവിലൂടെ കണക്കാക്കുന്നത്. ആർ വാല്യു 1 ആണെങ്കിൽ ഓരോ 10 പേരും ശരാശരി മറ്റ് 10 പേർക്കു കൂടി വൈറസിനെ നൽകുന്നു. പിസിആർ പരിശോധനയുടെ ഫലം ലഭിക്കുന്നതിന്റെ കാലതാമസവും ആർ വാല്യു കണക്കാക്കുന്നതിന് തിരിച്ചടിയാകുന്നു.
ചൈനയിലെ കോവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നതാണെന്ന് യു.എസ്. ചൈനയിലെ സാഹചര്യം ഗൗരവമായി കണക്കിലെടുക്കണമെന്നും വൈറസിന്റെ വ്യാപനം പുതിയ വകഭേദങ്ങള്‍ ഉണ്ടാവാന്‍ കാരണമാകുമെന്നും അത് മറ്റ് രാജ്യങ്ങളിലെ ജനങ്ങള്‍ക്കും ഭീഷണിയാണെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
പുതുവര്‍ഷാദ്യം സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നേതൃത്വത്തില്‍ ബെയ്ജിങ്ങിലേക്ക് വിദഗ്ധ സംഘത്തെ അയക്കാനിരിക്കെയാണ് അമേരിക്കയുടെ പ്രതികരണം. ചൈനയില്‍ രോഗബാധയിലുണ്ടാവുന്ന ക്രമാതീതമായ വര്‍ധന ആഗോള സാമ്പത്തിക മേഖലയേയും മോശമായി ബാധിച്ചേക്കാമെന്നും അമേരിക്ക കരുതുന്നു. ‘ചൈനയുടെ ജി.ഡി.പി. കണക്കിലെടുക്കുമ്പോള്‍ ഉയര്‍ന്ന കോവിഡ് കേസുകള്‍ ലോകത്തെയാകെ ആശങ്കപ്പെടുത്തുന്നുണ്ട്. കോവിഡ് നിയന്ത്രിക്കാന്‍ സാധിച്ചാല്‍ അത് ചൈനയ്ക്ക് മാത്രമല്ല, ആഗോളതലത്തിലും നല്ലതായിരിക്കും’, പ്രൈസ് പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇതുകൂടി വായിക്കുക..