“ദ ജേർണി ഓഫ് എ ലൈഫ്‌ടൈം” എന്ന പേരിൽ സൗദി ഹജ്ജ് ഉംറ മന്ത്രാലയം പഠന സിനിമ പുറത്തിറക്കി

ഹജ്ജ് ഉംറ കർമ്മങ്ങൾ നിർവഹിക്കുന്നതിനായി സൗദിയിലെത്തുന്ന തീർഥാകർകർക്ക് ആശ്വാസമേകികൊണ്ട് സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിൻ്റെ പുതിയ കാൽവെപ്പ്.

 

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഹജ്ജ് ഉംറ കർമ്മങ്ങൾക്കെത്തുന്ന തീർഥാടകർക്ക് കർമ്മങ്ങളെ കുറിച്ച് എളുപ്പത്തിൽ മനസിലാക്കുന്നതിനായി “ദ ജേർണി ഓഫ് എ ലൈഫ്‌ടൈം” എന്ന പേരിൽ ബോധവൽക്കരണ സിനിമ തയ്യാറാക്കിയിരിക്കുകയാണ് അധികൃതർ. ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ-റബിഅ സിനിമ പദ്ധതിക്ക് തുടക്കം കുറിച്ചു. ജനറൽ അതോറിറ്റി ഓഫ് എൻഡോവ്‌മെന്റിൻ്റെയും സൗദി എയർലൈൻസിൻ്റെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.

 

9 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഈ സിനിമ, 7 ആഴ്ചകൊണ്ട് 14 ലധികം ലൊക്കേഷനുകളിലായാണ് ചിത്രീകരിച്ചത്. നിരവധി വിദ്യാഭ്യാസ കഥകളും ചരിത്ര സംഭവങ്ങളും ഉൾപ്പെടുത്തിയാണ് സിനിമയുടെ നിർമാണം. പ്രധാന താരങ്ങളും രണ്ടാം നിര അഭിനേതാക്കളുമുൾപ്പെടെ 800 ലധികം പേരാണ് സിനിമക്ക് വേണ്ടി പ്രവർത്തിച്ചത്.

 

ദൈവത്തിന്റെ വിശുദ്ധ ഭവനം സന്ദർശിക്കുന്നവർക്ക് താൽപ്പര്യമുണർത്തുന്ന രീതിയിലും, തീർഥാടകർ കർമങ്ങൾ അനുഷ്ഠിക്കുമ്പോൾ കടന്ന് പോകുന്ന എല്ലാ ഘട്ടങ്ങളേയും ലളിതമായി മനസിലാക്കാൻ സഹായിക്കുന്ന വിധത്തിലും വളരെ രസകരമായാണ് സിനിമയുടെ നിർമാണം.

സൗദി എയർലൈൻസ് വിമാനങ്ങളിലെ എയർ എന്റർടൈൻമെന്റ് ഉള്ളടക്ക പാക്കേജിൽ ഈ സിനിമ ഉൾപ്പെടുത്തും. ഹജ്ജ്, ഉംറ മന്ത്രാലയം നിർമ്മിക്കുന്ന ചിത്രം ഹജ്ജ്, ഉംറ ചാനലുകൾ വഴി സൗദി എയർലൈൻസ് വിമാനങ്ങളിൽ പ്രദർശിപ്പിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ അവേർനെസ് ഡയറക്ടർ തുർക്കി അൽ ഖലാഫ് പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!