വിരമിക്കില്ല, ചാംപ്യനായി കുറച്ചു നാള്‍കൂടി തുടരണം: ലോകകപ്പ് ജയത്തിനു ശേഷം മെസ്സി
രാജ്യാന്തര ഫുട്ബോളില്‍നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് ലയണല്‍ മെസ്സി. ഫുട്ബോളില്‍ ചാംപ്യനായി കുറച്ചുനാള്‍കൂടി തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അർജന്റീനയുടെ ലോകകപ്പ് വിജയത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മെസ്സി പറഞ്ഞു.
‘‘തികച്ചും അവിശ്വസനീയം. ദൈവം എനിക്ക് കപ്പ് തരുമെന്ന് അറിയാമായിരുന്നു, എനിക്ക് ഉറപ്പായിരുന്നു. ഒരുപാട് സന്തോഷം. ഏറെനാളത്തെ എന്റെ സ്വപ്നമാണ്. ഒരു ലോകകപ്പ് ജയത്തോടെ കരിയർ അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. എങ്കിലും ദേശീയ ടീമിൽനിന്നു ഉടൻ വിരമിക്കില്ല. ലോകകപ്പ് ചാംപ്യന്മാരായി അർജന്റീന ജഴ്സിയിൽ കളി തുടരും.’’– മെസ്സി പറഞ്ഞു.
ക്രൊയേഷ്യക്കെതിരായ സെമി ഫൈനല്‍ വിജയത്തിന് ശേഷം തന്റെ അവസാന ലോകകപ്പാണിതെന്ന് മെസ്സി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഫ്രാന്‍സിനെ ഫൈനലില്‍ പരാജയപ്പെടുത്തിയതിന് ശേഷം മനസ്സുതുറന്നപ്പോഴാണ് അര്‍ജന്റീനയുടെ ജഴ്സിയില്‍ കളിതുടരുമെന്ന് വ്യക്തമാക്കിയത്. 2016 കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ചിലെയോട് പരാജയപ്പെട്ടതിന് ശേഷം മെസ്സി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. അധികം വൈകാതെ തീരുമാനം പിന്‍വലിച്ച് കളത്തില്‍ മടങ്ങിയെത്തുകയായിരുന്നു.
ഷൂട്ടൗട്ട് വരെ നീണ്ട ലോകകപ്പ് ഫൈനലിൽ ഫ്രാന്‍സിനെ 4–2ന് തോല്‍പിച്ചാണ് അര്‍ജന്റീന ചാംപ്യന്മാരായത്. നിശ്ചിത സമയത്ത് 2–2ലും അധികസമയത്ത് 3–3 എന്ന നിലയിലും ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെയാണ് ലോകകപ്പ് ഫൈനല്‍ ചരിത്രത്തില്‍ മൂന്നാം തവണ പെനല്‍റ്റി വിധികുറിക്കാനെത്തിയത്.
ഷൂട്ടൗട്ടിൽ അർജന്റീനയ്ക്കായി ക്യാപ്റ്റൻ ലയണൽ മെസ്സി, പൗലോ ഡിബാല, ലിയാൻഡ്രോ പരേദസ്, മൊണ്ടിയാൽ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഫ്രാൻസിനായി ലക്ഷ്യം കണ്ടത് കിലിയൻ എംബപെ, കോളോ മുവാനി എന്നിവർ മാത്രം. ഫ്രഞ്ച് താരം കിങ്സ്‌ലി കോമന്റെ ഷോട്ട് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് തടഞ്ഞു. മൂന്നാം കിക്കെടുത്ത ഔറേലിയൻ ചൗമേനിയുടെ ഷോട്ട് പുറത്തുപോയി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക