ചരിത്രം കുറിക്കാന്‍ അര്‍ജൻ്റീന, കിരീടം നിലനിര്‍ത്താന്‍ ഫ്രാന്‍സ്; പനി ആശങ്കക്കിടയിലും ഫ്രാൻസിന് ആശ്വാസം

അറേബ്യന്‍ മണ്ണ് ആദ്യമായി വിരുന്നൊരുക്കിയ ലോകകപ്പ് ഫുട്ബോളിന്റെ കലാശക്കളിയില്‍ ഞായറാഴ്ച രാത്രി അര്‍ജന്റീനയും ഫ്രാന്‍സും മുഖാമുഖം ഏറ്റുമുട്ടും. ഒട്ടേറെ അട്ടിമറികള്‍ കണ്ട ചാമ്പ്യന്‍ഷിപ്പിലെ അന്തിമ വിധിപറയാന്‍ ലയണല്‍ മെസ്സിയും കിലിയന്‍ എംബാപ്പെയും ഒരുങ്ങി. ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി 8.30 മുതല്‍ ലുസെയ്ല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍.

 

ലോകകപ്പ് ഫൈനലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഫ്രാന്‍സിന്റെ ആരാധകര്‍ക്ക് ആശ്വാസവാര്‍ത്ത. ടീമിലെ അഞ്ചുപേര്‍ക്ക് പനി ബാധിച്ചത് ഫ്രാന്‍സ് ടീമില്‍ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ ശനിയാഴ്ച എല്ലാവരും പരിശീലനത്തിനിറങ്ങി. അസുഖം പൂര്‍ണമായും മാറിയെന്ന് പറയാനാകില്ലെന്നും എന്നാല്‍ പനി പടരാതിരിക്കാന്‍ വേണ്ട മുന്‍കരുതലെടുത്തിട്ടുണ്ടെന്നും കോച്ച് ദിദിയർ ദെഷോം പറഞ്ഞു.

ഫൈനലിനൊരുങ്ങുന്ന ഫ്രഞ്ച് ടീമിനെ ആശങ്കയിലാക്കിക്കൊണ്ടാണ് താരങ്ങള്‍ക്ക് പനി റിപ്പോര്‍ട്ട് ചെയ്തത്. റാഫേല്‍ വരാന്‍, ഇബ്രാഹിം കൊനാറ്റെ, കിങ്സ്ലി കോമാന്‍ എന്നിവര്‍ പനികാരണം കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയിരുന്നില്ല. കോമാന് വ്യാഴാഴ്ചയിലെ പരിശീലനവും നഷ്ടമായിരുന്നു. പനികാരണം ദയോത്ത് ഉപമെക്കാനോ, അഡ്രിയന്‍ റാബിയോട്ട് എന്നിവര്‍ക്ക് മൊറോക്കോക്കെതിരേ സെമിഫൈനലില്‍ ഇറങ്ങാനായിരുന്നില്ല.

എന്നാല്‍ ടീമിലെ 24 അംഗങ്ങളും ദോഹയില്‍ ശനിയാഴ്ച വൈകുന്നേരം പരിശീലനത്തിനിറങ്ങി. ഫ്രഞ്ച് ക്യാമ്പ് കഴിയുന്നത്ര മുന്‍കരുതലെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് കോച്ച് ദിദിയർ ദെഷോം മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു.

 

 

 

സെമിയില്‍ ക്രൊയേഷ്യയെ വീഴ്ത്തിയാണ് അര്‍ജന്റീന ഫൈനലിലെത്തിയതെങ്കില്‍ അട്ടിമറിവീരന്മാരായ മൊറോക്കോയെ മറികടന്നാണ് ഫ്രാന്‍സ് എത്തുന്നത്. 2018-ലെ റഷ്യന്‍ ലോകകപ്പില്‍ ജേതാക്കളായ ഫ്രാന്‍സിന് ഇത് തുടര്‍ച്ചയായ രണ്ടാം ഫൈനലാണ്. 1986-ലാണ് അര്‍ജന്റീന അവസാനമായി ജേതാക്കളായത്. 2014-ല്‍ അവര്‍ ഫൈനലിലെത്തിയിരുന്നു. ഇരു ടീമുകളും നേരത്തേ രണ്ടുതവണ വീതം കിരീടം നേടി.

ബ്രസീലും ജര്‍മനിയും ഇംഗ്ലണ്ടും സ്‌പെയിനും പോര്‍ച്ചുഗലും ബെല്‍ജിയവുമൊക്കെ വീണുപോയെങ്കിലും 22-ാമത് ലോകകപ്പില്‍ ക്ലാസിക് ഫൈനല്‍ അരങ്ങേറുന്നതിന്റെ സന്തോഷത്തിലാണ് കായികലോകം. രണ്ടു പതിറ്റാണ്ടോളമായി ലോക ഫുട്‌ബോളിനെ പ്രചോദിപ്പിക്കുന്ന അര്‍ജന്റീനയുടെ പ്രധാന താരം ലയണല്‍ മെസ്സിയുടെ അവസാന ലോകകപ്പാകും ഇതെന്ന് കരുതുന്നു.

 

തികഞ്ഞ പ്രതീക്ഷയോടെയാണ് ഫൈനലിനെ കാത്തിരിക്കുന്നതെന്ന് അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോണിയും ഫ്രാന്‍സ് കോച്ച് ദിദിയര്‍ ദെഷോമും പറഞ്ഞു. ചില കളിക്കാര്‍ക്ക് പനി ബാധിച്ചതിന്റെ ആശങ്ക ഫ്രഞ്ച് ടീമിനുണ്ടെങ്കിലും അര്‍ജന്റീനയ്ക്ക് ആശങ്കകളൊന്നുമില്ല. അഞ്ചുഗോള്‍ വീതം നേടി ടോപ് സ്‌കോറര്‍ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന ലയണല്‍ മെസ്സിയും കിലിയന്‍ എംബാപ്പെയും തമ്മില്‍ ഗോള്‍ഡന്‍ ബൂട്ടിനായും മത്സരമുണ്ട്.

 

ഞായറാഴ്ച വൈകീട്ട് കലാപരിപാടികളോടെ ഫൈനല്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ‘ഓര്‍ത്തിരിക്കാന്‍ ഒരു രാവ്’ എന്നു ഫിഫ പേരിട്ടിരിക്കുന്ന കലാശപരിപാടികളില്‍ നോറ ഫത്തേഹി, ഡേവിഡോ, ആയിഷ, ബല്‍ക്കീസ് തുടങ്ങിയ കലാകാരന്മാര്‍ അണിനിരക്കും. 88000 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ലുസെയ്ല്‍ സ്റ്റേഡിയം ഫൈനലിന് നിറഞ്ഞുകവിയും. ഖത്തറിനെ സംബന്ധിച്ച് ഞായറാഴ്ച ചരിത്രത്തിൽ ഇടംപിടിക്കാവുന്ന ദിനംകൂടിയാണ്. ദേശീയദിനം ആഘോഷിക്കുന്ന ഞായറാഴ്ചയാണ് ലോകകപ്പ് ഫുട്‌ബോൾ മാമാങ്കത്തിന്റെ സമാപനവും നടക്കുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!