‘സാജു ക്രൂരന്‍, മകളെ സൗദിയില്‍വെച്ചും ഉപദ്രവിച്ചു’; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വേണ്ടത് 30 ലക്ഷം രൂപ
ബ്രിട്ടണില്‍ കൊല്ലപ്പെട്ട അഞ്ജുവിനെ ഭര്‍ത്താവ് സാജു നേരത്തെയും ഉപദ്രവിച്ചിരുന്നതായി അമ്മയുടെ വെളിപ്പെടുത്തല്‍. സൗദിയില്‍ ജോലിചെയ്യുന്ന സമയത്താണ് മകളെ സാജു ഉപദ്രവിച്ചിരുന്നതെന്നും സാജു ഒരു ക്രൂരനാണെന്നും അഞ്ജുവിന്റെ അമ്മ കൃഷ്ണമ്മ പറഞ്ഞു.
‘മുറി അടച്ചിട്ടാണ് മകളെ ഉപദ്രവിച്ചിരുന്നത്. ഒരിക്കല്‍ ഞാന്‍ കതക് തുറക്കാന്‍ പറഞ്ഞിട്ടും തുറന്നില്ല. ഞാന്‍ കതകില്‍ ചവിട്ടി നോക്കി. പിന്നീട് മുറി തുറന്ന് അവന്‍ ഇറങ്ങിപ്പോയി. എന്താണ് കാര്യമെന്ന് മകളോട് ചോദിച്ചപ്പോള്‍ ഒന്നും മിണ്ടേണ്ട, പൊയ്‌ക്കോട്ടെ എന്നായിരുന്നു മകളുടെ മറുപടി’- കൃഷ്ണമ്മ പറഞ്ഞു.
തല്ലിക്കൊല്ലുകയാണെന്ന് പറഞ്ഞാണ് മകള്‍ അന്ന് ഒച്ചവെച്ചത്. അയാള്‍ ഒരു ക്രൂരനാണ്. സൗദിയില്‍ രണ്ടുപേര്‍ക്കും ജോലിയുണ്ടായിരുന്നു. എന്നാല്‍ ബ്രിട്ടണില്‍ എത്തിയപ്പോള്‍ സാജുവിന് ജോലി ശരിയായില്ലെന്നും ഇവര്‍ പറഞ്ഞു.
അഞ്ജുവിന്റെയും കുഞ്ഞുങ്ങളുടെയും മൃതദേഹങ്ങള്‍ അവസാനമായി ഒരുനോക്ക് കാണണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം. എന്നാല്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഏകദേശം 30 ലക്ഷത്തോളം രൂപ ചെലവ് വരും. അതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സഹായിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
അതിനിടെ, അഞ്ജുവിന്റെ മരണം കൊലപാതകമാണെന്ന് ബ്രിട്ടീഷ് പോലീസ് കോട്ടയത്തെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. ദ്വിഭാഷിയുടെ സഹായത്തോടെയാണ് സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍വിവരങ്ങള്‍ ബ്രിട്ടീഷ് പോലീസ് കുടുംബത്തെ അറിയിച്ചത്. ഷാളോ കയറോ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് അഞ്ജുവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
ബ്രിട്ടണില്‍ നഴ്‌സായ വൈക്കം കുലശേഖരമംഗലം സ്വദേശി അഞ്ജു(39) മക്കളായ ജീവ(ആറ്) ജാന്‍വി(നാല്) എന്നിവരെ കഴിഞ്ഞദിവസമാണ് കെറ്ററിങ്ങിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ സ്വദേശി സാജു(52)വിനെ കഴിഞ്ഞദിവസം തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരും 2012-ല്‍ ബെംഗളൂരുവില്‍വെച്ചാണ് വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. ഒരുവര്‍ഷംമുമ്പാണ് കെറ്ററിങ്ങില്‍ താമസത്തിനെത്തിയത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക