സൗദിയിൽ തൊഴിലവസരങ്ങൾ പ്രഖ്യാപിക്കുന്നതിനും, തൊഴിലാളികളെ ഇൻ്റർവ്യൂ നടത്തുന്നതിനും പ്രത്യേകമായ നിയന്ത്രണങ്ങളും വ്യവസ്ഥകളും നടപ്പിലാക്കാൻ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തയ്യാറെടുക്കുന്നു. ഇത് സംബന്ധിച്ച് “ഇസ്തിതല” പ്ലാറ്റ്‌ഫോം വഴി സമാഹരിച്ച  പൊതുജനഭിപ്രായം അനുസരിച്ചാണ് വ്യവസ്ഥകൾ നടപ്പിലാക്കുന്നത്. ഓരോ സ്ഥാപനവും തൊഴിലവസരങ്ങൾ പ്രഖ്യാപിക്കുമ്പോഴും, അതിലേക്കായി ജീവനക്കാരെ തെരഞ്ഞെടുക്കുമ്പോഴും കൃത്യമായ വ്യവസ്ഥകൾ പാലിക്കേണ്ടതാണ്.

 

സ്ഥാപനങ്ങൾ ജോലി ഒഴിവുകൾ പ്രഖ്യാപിക്കുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകൾ:

ജോലിയുടെ പേര്, ചെയ്യേണ്ട ജോലികൾ, മിനിമം വിദ്യാഭ്യാസ യോഗ്യത, ജോലി നികത്താൻ ആവശ്യമായ വൈദഗ്ധ്യം, ജോലിയിലെ മുൻ പരിചയം, തൊഴിൽ ഒഴിവുകളുടെ എണ്ണം, ജോലി അപേക്ഷ ആവശ്യകതകളും പരസ്യത്തിൽ വിവരിക്കാൻ സ്ഥാപനങ്ങൾക്ക് ബാധ്യതയുണ്ടായിരിക്കും.

 

കൂടാതെ സ്ഥാപനത്തിന്റെ പേര്, പ്രവർത്തനം, ആസ്ഥാനം, ജോലിസ്ഥലം എന്നിവയും, ജോലി ഫിസിക്കലാണോ, റിമോട്ട് വഴിയാണോ, താൽക്കാലികമാണോ, പാർട്ട് ടൈം ആണോ, മുഴുസമയമാണോ തുടങ്ങിയ വിവരങ്ങളും വ്യക്തമാക്കേണ്ടതാണ്. സ്ഥാപനത്തെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങളും പരസ്യപ്പെടുത്തണമെന്ന് മന്ത്രാലയം നിർദേശിച്ചു. 

ലിംഗഭേദം, വൈകല്യം, പ്രായം, വൈവാഹിക നില അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള വിവേചനം എന്നിങ്ങനെയുള്ള ഒരു തരത്തിലുള്ള വിവേചനവും തൊഴിൽ പരസ്യത്തിൽ ഉണ്ടാകാൻ പാടില്ലെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.

 

തൊഴിൽ അഭിമുഖങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകൾ:

തൊഴിലാളിയുടമായി അഭുമുഖം നടത്തുമ്പോൾ പാലിക്കേണ്ട പത്ത് നിബന്ധനകൾ മന്ത്രാലയം വിശദീകരിച്ചു.

സ്ഥാപനത്തിലേക്ക് ഇൻ്റർവ്യൂ നടത്തുന്നതിനായി പ്രത്യേക കമ്മറ്റി രൂപീകരിക്കണം. അപേക്ഷകൻ ഏതെങ്കിലും രീതിയിലുള്ള വൈകല്യമുള്ള ആളാണെങ്കിൽ, അയാളുടെ വൈകല്യമനുസരിച്ച് ആശയവിനിമയത്തിന് ഉചിതമായ മാർഗങ്ങൾ സ്വീകരിക്കണം. സംസാരശേഷിയോ, കേൾവി ശക്തിയോ ഇല്ലാത്ത ആളാണെങ്കിൽ ഇൻ്റർവ്യൂ സമയത്ത് ആശയവിനിമയത്തിനായി  ഒരു ആംഗ്യഭാഷ വ്യാഖ്യാതാവിന്റെ സാന്നിധ്യം ഉറപ്പാക്കണം. ഇത് പോലെ ഏത് വൈകല്യമുള്ള ആളാണെങ്കിലും അനുയോജ്യമായ സൌകര്യങ്ങൾ ഒരുക്കേണ്ടതാണ്.

ഏത് ജോലിയിലേക്കാണ് അഭിമുഖമെന്നും, അഭിമുഖത്തിന്റെ ഭാഷ, അതിന്റെ തീയതി, സ്ഥലം തുടങ്ങിയ വിവരങ്ങളും അപ്പോയിൻ്റ്മെൻ്റിന് മൂന്ന് ദിവസം മുമ്പെങ്കിലും അപേക്ഷകനെ അറിയിക്കണം.

വിഭാഗം, രാഷ്ട്രീയം, വംശം, തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വ്യക്തിപരമായ ചോദ്യങ്ങൾ അഭിമുഖത്തിനിടെ ചോദിക്കാൻ പാടില്ല. കൂടാതെ  അപേക്ഷകൻ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കരുതെന്നും, നേരത്തെ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് ലഭിച്ചിരുന്ന വേതനം എത്രയെന്ന് വെളിപ്പെടുത്താൻ അപേക്ഷനെ നിർബന്ധിക്കരുതെന്നും മന്ത്രാലയം വ്യവസ്ഥ ചെയ്യുന്നു.

 

രേഖാമൂലം പിന്നീട് അവലോകനം ചെയ്യുന്നതിനായി അഭിമുഖം സംബന്ധിച്ച വിശദാംശങ്ങൾ രേഖപ്പെടുത്തണമെന്നും, വേതനം അല്ലെങ്കിൽ ഒഴിവുള്ള തസ്തികയുടെ മിനിമം വേതനം, ജോലിയുടെ സ്വഭാവം, സമയം, തൊഴിൽ ആനുകൂല്യങ്ങൾ എന്നിവ തൊഴിലുടമ വ്യക്തമാക്കേണ്ടതാണ്. കൂടാതെ തൊഴിൽ അഭിമുഖം പൂർത്തിയായ തിയതി മുതൽ പരമാവധി 14 ദിവസത്തിനുള്ളിൽ അഭിമുഖത്തിൻ്റെ ഫലം (റിസൾട്ട്) അപേക്ഷകനെ ഔദ്യോഗികമായി അറിയിക്കേണ്ടതാണ്. 

 

തൊഴിൽ നിയമത്തിന് വിധേയമായി പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ഈ വ്യവസ്ഥകൾ പാലിച്ച് മുന്നോട്ട് പോകണമെന്നും, നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്നും മന്ത്രാലയം വിശദീകരിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക