പ്രവാസികള്‍ക്ക് ജാഗ്രത നിർദേശം; മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പനി ശക്തമാവുന്നുവെന്ന് മുന്നറിയിപ്പ്

കാലാവസ്ഥാ മാറ്റത്തിനൊപ്പമെത്തുന്ന പനിയുടെ കാര്യത്തില്‍ കാര്യമായ ജാഗ്രത വേണമെന്ന് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രാജ്യത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് കണക്കിലെടുത്താണ് വീണ്ടും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ സീസണില്‍ പനി ബാധിച്ചവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്‍ദല്‍ അലി പറഞ്ഞു.

 

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ രോഗബാധ കുൂടുതല്‍ ശക്തമായിട്ടുണ്ട്. നിരവധിപ്പേരെ തീവ്രപരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിച്ചു. പനിയുടെ സങ്കീര്‍ണതകള്‍ മരണത്തിലേക്ക് വരെ നയിക്കുന്നുണ്ടെന്നും ഡോ. മുഹമ്മദ് അല്‍ അബ്‍ദല്‍ അലി വിശദീകരിച്ചു.  അതേസമയം ഗുരുതരമായ രോഗ ലക്ഷണങ്ങള്‍ പ്രകടമാവുന്നവരില്‍ 80 ശതമാനത്തിനും സംരക്ഷണം നല്‍കാന്‍ വാക്സിനുകള്‍ക്ക് സാധിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

പനിയെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാന നടപടികള്‍ വാക്സിന്‍ സ്വീകരിക്കലും മാസ്‍ക് ധരിക്കലുമാണ്. ഇതിന് പുറമെ മഴയില്‍ നിന്നും ശക്തമായ തണുപ്പില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പനിക്കെതിരായ വാക്സിന്‍ സ്വീകരിക്കുന്നതിന് ആളുകളില്‍ അവബോധമുണ്ടാക്കാനായി സൗദി ആരോഗ്യ മന്ത്രാലയം പ്രത്യേക ക്യാമ്പയിന്‍ നടത്തിവരുന്നുണ്ട്.

രോഗങ്ങള്‍ ബാധിച്ചാല്‍ ഗുരുതരമാവാന്‍ സാധ്യതയുള്ള, പ്രായമായവര്‍, ഗുരുതരമായ മറ്റ് രോഗങ്ങളുള്ളവര്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് ഈ ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പ്രത്യേക പാര്‍ശ്വഫലങ്ങളൊന്നുമില്ലാത്ത ഈ വാക്സിന്‍ സുരക്ഷിതമാണെന്നും എല്ലാ ലോക രാജ്യങ്ങളിലും ഉപയോഗിക്കുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.

 

വിവിധ തരത്തിലുള്ള സങ്കീര്‍ണതകള്‍ക്ക് ഇപ്പോഴത്തെ പനി വഴിവെയ്‍ക്കാറുണ്ട്. ന്യൂമോണിയ, ബ്രോങ്കൈറ്റിസ്, ചെവിയിലെ അണുബാധ എന്നിവയ്ക്കും രക്തത്തിലെ അണുബാധയ്ക്കും മരണത്തിനും വരെ സാധ്യതയുണ്ട്. 38 ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള പനി,  വിറയല്‍, പേശി വേദന, തല വേദന, തൊണ്ടവേദന, നീണ്ടുനില്‍ക്കുന്ന ചുമ, മൂക്കൊലിപ്പ്, നിര്‍ജലീകരണം തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!