എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൻ്റെ സൗദി യാത്രക്കാർ ശ്രദ്ധിക്കുക; വിമാനത്താവളത്തിൽ ടെര്‍മിനല്‍ മാറുന്നു

സൗദിയിൽ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ക്ക് ടെര്‍മിനല്‍ മാറ്റം. ഡിസംബര്‍ 12 തിങ്കളാഴ്‍ച മുതല്‍ സര്‍വീസുകള്‍ രണ്ടാം ടെര്‍മിനലിലേക്ക് മാറ്റുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഉച്ചയ്‍ക്ക് 12 മണി മുതല്‍ ടെര്‍മിനല്‍ മാറ്റം പ്രാബല്യത്തില്‍ വരും.

റിയാദ് വിമാനത്താവളത്തില്‍ പുതിയ രണ്ട് ടെര്‍മിനലുകള്‍ കൂടി തുറന്നതോടെ നടപ്പാക്കുന്ന ടെര്‍മിനല്‍ മാറ്റങ്ങളുടെ ഭാഗമായാണ് ഇത്. ഡിസംബര്‍ 12 തിങ്കളാഴ്‍ച റിയാദില്‍ നിന്നുള്ള എഐ 921 മുംബൈ – ഡല്‍ഹി സര്‍വീസുകള്‍ രണ്ടാം ടെര്‍മിനലില്‍ നിന്നും, റിയാദില്‍ നിന്നുള്ള എഐ 941 ഹൈദരാബാദ് – മുംബൈ സര്‍വീസ് ഒന്നാം ടെര്‍മിനലില്‍ നിന്നുമായിരിക്കും പുറുപ്പെടുകയെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

റിയാദ് കിങ് ഖാലിദ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ ടെര്‍മിനല്‍ മാറ്റം പ്രാബല്യത്തില്‍ വന്നു തുടങ്ങിയിട്ടുണ്ട്. നിലവില്‍ രണ്ടാം ടെര്‍മിനലില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന സൌദി എയർലൈൻസ് സര്‍വീസുകള്‍ മൂന്ന്, നാല് ടെര്‍മിനലുകളിലേക്കാണ് മാറ്റുന്നത്. ഡിസംബര്‍ നാലിന് ഉച്ച മുതല്‍ ടെര്‍മിനല്‍ മാറ്റം തുടങ്ങി. ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ ആറാം തീയ്യതി മുതലാണ് മാറുന്നതെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

അബുദാബി, ബഹ്റൈന്‍, ബെയ്‍റൂത്ത്, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സൗദി എയര്‍ലൈന്‍സിന്റെ സര്‍വീസുകള്‍ ഞായറാഴ്ച ഉച്ചയോടെ നാലാം ടെര്‍മിനലിലേക്ക് മാറി. ദുബൈ, കെയ്‍റോ, ശറം അല്‍ഖൈശ്, ബുര്‍ജ് അല്‍ അറബ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ തിങ്കളാഴ്ച മുതലാണ് നാലാം ടെര്‍മിനലിലേക്ക് മാറിയത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!