വീട്ടമ്മ അറിയാതെ കട്ടിലിനടിയിൽ കയറിയിരുന്നു, രാത്രി ഒരു ലക്ഷം രൂപയും സ്വർണവും കവർന്നു; സിസിടിവി കുടുക്കി, യുവതി അറസ്റ്റിൽ

ഹരിപ്പാട്: ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മയുടെ വീട്ടിൽ നിന്നു ഒരു ലക്ഷം രൂപയും അര പവന്റെ സ്വർണാഭരണങ്ങളും മോഷണം നടത്തിയ കേസിൽ വീയപുരം വെള്ളംകുളങ്ങര പുത്തൻപുരയിൽ മായാകുമാരിയെ (35) പൊലീസ് അറസ്റ്റ് ചെയ്തു.

പള്ളിപ്പാട് നടുവട്ടം കൊരണ്ടിപ്പള്ളിൽ ലക്ഷ്മിക്കുട്ടിയുടെ(73) വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. രാത്രിയിൽ അടുത്തുള്ള ബന്ധു വീട്ടിൽ ഉറങ്ങാൻ പോയി രാവിലെ തിരികെ വീട്ടിലെത്തിയപ്പോഴാണ് അടുക്കള വാതിൽ തുറന്നു കിടക്കുന്നത് കണ്ടത്.

സംശയം തോന്നി അലമാരകൾ തുറന്നു പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. മോഷണം നടന്ന ദിവസം വൈകിട്ട് സമീപമുള്ള ക്ഷേത്രത്തിലേക്ക് മാലകെട്ടിക്കൊണ്ടിരിക്കുമ്പോൾ സ്കൂട്ടറിൽ എത്തിയ മായാകുമാരി ലക്ഷ്മിക്കുട്ടിയോട് വീട്ടിലെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. രാത്രിയിൽ അടുത്ത ബന്ധുവിന്റെ വീട്ടിലാണ് ഉറങ്ങുന്നതെന്നു മനസ്സിലാക്കിയ മായാകുമാരി ലക്ഷ്മിക്കുട്ടി അറിയാതെ കട്ടിനടിയിൽ കയറി ഒളിച്ചിരിക്കുകയും രാത്രിയിൽ വീട്ടമ്മ അടുത്ത വീട്ടിൽ ഉറങ്ങാൻ പോയ സമയത്ത് മോഷണം നടത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സമീപമുള്ള വീട്ടിലെ സിസിടിവിയിൽ മോഷണം നടന്ന ദിവസം പുലർച്ചെ നാലു മണിയോടെ ഒരു സ്ത്രീ പ്ലാസ്റ്റിക് കവറുമായി സ്കൂട്ടറിൽ കയറി പോകുന്ന ദൃശ്യം ലഭിച്ചിരുന്നു. പൊലീസ് സിസിടിവി ദൃശ്യം ലക്ഷ്മിക്കുട്ടിയെ കാണിച്ചപ്പോൾ വീട്ടിൽ എത്തിയ സ്ത്രീ തന്നെയാണ് സ്കൂട്ടറിൽ കയറി പോയതെന്നു തിരിച്ചറിഞ്ഞിരുന്നു. തുടർന്നു സ്കൂട്ടറിന്റെ റജിസ്ട്രേഷൻ നമ്പർ വച്ചുള്ള പരിശോധനയിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. പ്രതിയുടെ വിരലടയാളങ്ങളും ലഭിച്ചിരുന്നു. മോഷണം നടന്ന വീട്ടിലെത്തിച്ച മായദേവിയെ ലക്ഷ്മിക്കുട്ടി തിരിച്ചറിഞ്ഞു.

മായാദേവി സമാനരീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നു പൊലീസ് പറഞ്ഞു. മായാദേവിയുടെ സ്കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്എച്ച്ഒ വി.എസ്. ശ്യാംകുമാർ, എസ്ഐ സവ്യസാചി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുരേഷ്, മഞ്ജു, രേഖ, സിവിൽ പൊലീസ് ഓഫിസർമാരായ ഇയാസ്, എ.നിഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!