15 വർഷത്തെ ബിജെപി ഭരണം തൂത്തെറിഞ്ഞു; ഡല്‍ഹി നഗരസഭയും പിടിച്ച് ആപ്പ്
ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) തിരഞ്ഞെടുപ്പിൽ എഎപിക്ക് ശക്തമായ തേരോട്ടം. 250ൽ എഎപി 135 സീറ്റുകളിൽ വിജയിച്ച് കേവല ഭൂരിപക്ഷം (126) മറികടന്നു. 15 വർഷമായി ബിജെപിയുടെ കൈവശമായിരുന്നു എംസിഡി. 101 സീറ്റുകളാണ് ബിജെപിക്ക് പിടിക്കാനായത്. കോൺഗ്രസ് – 11, മറ്റുള്ളവർ 3 എന്നിങ്ങനെയാണ് സീറ്റ് നില. ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
എഎപിക്ക് വൻ വിജയം എന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനങ്ങള്‍. ഇതിൽ പ്രതീക്ഷയർപ്പിച്ച് വിജയാഘോഷത്തിന് തയാറെടുത്തിരിക്കവെ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിൽ ആംആദ്മി പാർട്ടി പ്രവർത്തകർ ആദ്യഘട്ടത്തിൽ ആശങ്കപ്പെട്ടിരുന്നു. എന്നാൽ വിജയം ഉറപ്പിച്ചതോടെ ആഘോഷങ്ങളുമായി പ്രവർത്തകർ തെരുവിൽ ഇറങ്ങി. 250 വാർഡുകളിലേക്കാണ് ഞായറാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. 2017ൽ ബിജെപിക്ക് 181, എഎപി 48, കോൺഗ്രസ് 30 എന്നിങ്ങനെയായിരുന്നു കക്ഷിനില.
1958ൽ സ്ഥാപിതമായ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ 20212ൽ കോൺഗ്രസ് സർക്കാരാണ് നോർത്ത്, ഈസ്റ്റ്, സൗത്ത് എന്നിങ്ങനെ മൂന്നായി വിഭജിച്ചത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കഴിഞ്ഞ മേയിലാണ് കേന്ദ്രസർക്കാർ കോർപറേഷനുകളെ ലയിപ്പിച്ചത്. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭേദഗതി ബില്‍ 2022 പ്രകാരമാണ് വടക്ക്, തെക്ക്, കിഴക്ക് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ ഒന്നാക്കി മാറ്റിയിരുന്നു. ഇതോടെ സീറ്റുകളുടെ എണ്ണം 272ല്‍നിന്ന് 250 ആയി കുറഞ്ഞു.
ഇത്തവണ 1349 സ്ഥാനാർഥികളായിരുന്നു മത്സരിച്ചത്. ബിജെപിയും എഎപിയും മുഴുവൻ വാർധിലും കോൺഗ്രസ് 247 സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തി. 382 സ്വതന്ത്രരും മത്സരിക്കുന്നു. മായാവതിയുടെ ബിഎസ്പി 132 വാർഡുകളിൽ മത്സരിച്ചപ്പോൾ എൻസിപി 26ലും ജെഡിയും 22 സീറ്റുകളിലും മത്സരിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക